24 November Sunday
സാമൂഹ്യനീതി വകുപ്പിന്റെ കരുതൽ

ജെയ്‌സന്‌ കുതിക്കാം സ്വപ്‌നത്തിലേക്ക്‌

ഫെബിൻ ജോഷിUpdated: Saturday Aug 24, 2024

ജെയ്സൻ

ആലപ്പുഴ
താണ്ടിയ കനൽവഴികൾക്കിടയിൽ മനസിലുദിച്ച മോഹം പാതിവഴിയിൽ ഉപേക്ഷിക്കേണ്ടിവരുമോ എന്ന ആശങ്ക ഇനി ജെയ്‌സനുണ്ടാകില്ല. സാമൂഹ്യനീതിവകുപ്പിന്റെ കൈത്താങ്ങിൽ ഇനി സ്വപ്‌നത്തിലേക്ക്‌ യാത്രതുടരാം. താങ്ങായി സർക്കാർ കൂടെയുണ്ട്‌. ആലപ്പുഴ കലവൂർ സ്വദേശി ട്രാൻസ്‌മെൻ ബോഡിബിൽഡർ ജെയ്സന്റെ (28) ദേശീയതലത്തിൽ അറിയപ്പെടുന്ന താരമാകണമെന്ന ആഗ്രഹത്തിനാണ്‌ സാമൂഹ്യനീതിവകുപ്പിന്റെ കരുതലിൽ ധനസഹായം ലഭ്യമാക്കിയത്‌. ചെലവും പ്രയാസകരമായ ജീവിത സാഹചര്യവും ബോഡി ബിൽഡറാകാനുള്ള ജെയ്‌സന്റെ ആഗ്രഹവും പരിശ്രമവും തിരിച്ചറിഞ്ഞാണ്‌ നിലവിൽ പദ്ധതികൾ ഇല്ലെങ്കിലും ധനസഹായത്തിനായി ജില്ലാതല ട്രാൻസ്‌ജെൻഡർ ജസ്‌റ്റിസ് ബോർഡിന്റെ പരിഗണനയ്‌ക്കായി സാമൂഹ്യനീതി ഓഫീസ്‌ ശുപാർശ ചെയ്‌തത്‌. ഇതനുസരിച്ച്‌ പരിശീലനത്തിനും മത്സരതയ്യാറെടുപ്പുകൾക്കുമായി 50,000 രൂപ അനുവദിച്ചു.
മുഹമ്മ കാട്ടുകട അനിൽനിവാസിൽ അനിൽകുമാർ–ജയമോൾ ദമ്പതികളുടെ മകളായാണ്‌ ജനനം. പെണ്ണുടലിലെ ആൺമനസ്‌ നേരത്തേ തിരിച്ചറിഞ്ഞു. വീട്ടുകാർ ഒപ്പം നിന്നു. 2019ൽ ഹോർമോൺ തെറാപ്പി തുടങ്ങിയ ജയ്‌സൻ 2020 ജനുവരിയിലാണ്‌ ശസ്‌ത്രക്രിയയ്‌ക്ക്‌ വിധേയനായി. വീട് വിറ്റാണ് അവർ ലിംഗമാറ്റ ശസ്‌ത്രക്രിയയ്‌ക്കുള്ള ചെലവ് കണ്ടെത്തിയത്. അന്നുമുതൽ ബോഡിബിൽഡിങ്‌ ഒരു സ്വപ്‌നമായി മനസിലുണ്ട്‌. ട്രാൻസ്‌മെൻ ബോഡി ബിൽഡർമാരായ ആര്യൻ പാഷയും പ്രവീൺനാഥുമായിരുന്നു പ്രചോദനം. ഭാര്യ അഞ്‌ജലിയുടെ പിന്തുണ കൂടിയായതോടെ ജിമ്മിലെത്തിയെങ്കിലും  2022ൽ മത്സരത്തിനായി പരിശീലനം ആരംഭിച്ചു. 
ഫെബ്രുവരിയിൽ 65 കിലോ ട്രാൻസ്‌മെൻ വിഭാഗത്തിൽ ബോഡി ബിൽഡിങ് ആൻഡ് ഫിറ്റ്നസ് അസോസിയേഷൻ ഓഫ് ആലപ്പി സംഘടിപ്പിച്ച മത്സരത്തിൽ മിസ്‌റ്റർ ആലപ്പുഴയും മാർച്ചിൽ എറണാകുളത്ത്‌ നടന്ന മത്സരങ്ങളിൽ മിസ്‌റ്റർ കേരളയും മിസ്‌റ്റർ ഇന്ത്യയുമായി തെരഞ്ഞെടുക്കപ്പെട്ടു. തുടർ പരിശീലനത്തിനും മറ്റ് തയ്യാറെടുപ്പുകൾക്കുമുള്ള തുക തുച്ഛമായ വരുമാനത്തിൽനിന്ന്‌ കണ്ടെത്താൻ കഴിയില്ലെന്ന്‌ വന്നതോടെയാണ്‌ ജില്ലാ സാമൂഹ്യനീതി ഓഫീസിൽ അപേക്ഷനൽകിയത്‌. 
ട്രാൻസ്‌ജെൻഡർ ദമ്പതികൾക്കുള്ള വിവാഹ ധനസഹായവും കരുതൽ പദ്ധതിയിൽ അടിയന്തര ചികിത്സാധനസഹായവും ജെയ്സന്‌ മുമ്പ്‌ അനുവദിച്ചിരുന്നു. നിലവിൽ പത്തനംതിട്ട ചിറ്റാറിൽ വാടകവീട്ടിലാണ്‌ താമസം. ചിറ്റാറിലെ എവല്യൂഷൻ ജിമ്മിൽ ദിവസവും ആറ്‌ മണിക്കൂറോളം കഠിന പരിശീലനം. അജിൻകുമാറാണ്‌ പരിശീലകൻ.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top