ആലപ്പുഴ
കായംകുളം താലൂക്ക് ആശുപത്രിയിൽ ചികിത്സയ്‌ക്കെത്തിയ കുട്ടിയുടെ തുടയിൽ അത്യാഹിത വിഭാഗത്തിലെ കിടക്കയിൽനിന്ന് സൂചി കുത്തിക്കയറിയ സംഭവത്തിൽ ജീവനക്കാർക്കെതിരെ നടപടി. ആശുപത്രി അണുബാധ നിയന്ത്രണ സമിതിയുടെ ചുമതലയുള്ള ഹെഡ് നഴ്‌സ്, അത്യാഹിത വിഭാഗത്തിന്റെ ചുമതയുള്ള ഹെഡ് നഴ്‌സ്, അത്യാഹിത വിഭാഗത്തിലെ ഡോക്‌ടർമാർ ഒഴികെ സംഭവ ദവസം ഡ്യൂട്ടിയിലുണ്ടായ ജീവനക്കാർ തുടങ്ങിയവർക്കെതിരെയാണ് നടപടി. ഇത് സംബന്ധിച്ച് ജില്ലാ മെഡിക്കൽ ഓഫീസർ ശനിയാഴ്‌ച ഉത്തരവ് നൽകും. സ്ഥലംമാറ്റമടക്കമുള്ള നടപടികൾ ഉണ്ടാകും.
ജില്ലാ ആരോഗ്യവിഭാഗത്തിന് കീഴിൽവരുന്ന നഴ്സിങ് ജീവനക്കാർ, അസിസ്‌റ്റന്റുമാർ, ശുചീകരണതൊഴിലാളികൾ തുടങ്ങിയവർക്കെതിരെയാണ് നടപടി. ആരോഗ്യവകുപ്പിന് കീഴിലുള്ള ഹെഡ് നഴ്‌സുമാർക്കെതിരെ നടപടി ശുപാർശ ചെയ്‌ത് ആരോഗ്യവകുപ്പ് ഡയറക്‌ടർക്ക് റിപ്പോർട്ട് കൈമാറി. സംഭവത്തിൽ ആശുപത്രിയിലെത്തി അന്വേഷണം നടത്തിയ ജില്ലാ നഴ്‌സിങ് ഓഫീസറുടെ റിപ്പോർട്ട്, ജീവനക്കാരുടെ വിശദീകരണം എന്നിവ പരിശോധിച്ചാണ് നടപടി. സംഭവത്തിൽ ജീവനക്കാർക്ക് ഗുരുതര വീഴ്‌ചയുണ്ടായതായി ഡിഎംഒ ജമുന വർഗീസ് കണ്ടെത്തിയിരുന്നു.
അതേസമയം സംഭവത്തിൽ കുട്ടിക്ക് മൂന്ന്, ആറ് മാസങ്ങളിൽ മാത്രം എച്ച്‌ഐവി പരിശോധന നടത്തിയാൽ മതിയെന്ന് ഡിഎംഒയുടെ നേതൃത്വത്തിൽ എക്‌സ്‌പെർട്ട് പാനൽ അടിയന്തരയോഗം ചേർന്ന് വിലയിരുത്തി. കോട്ടയം ഗവ. മെഡിക്കൽ കോളേജ് ഇൻഫെക്ഷ്യസ് ഡിസീസ് വകുപ്പ് മേധാവി ഡോ. ജൂബി ജോൺ, ആരോഗ്യവകുപ്പ് ജില്ലാ സർവൈലൻസ് ഓഫീസർ ഡോ. എസ് ആർ ദിലീപ്കുമാർ, ആലപ്പുഴ ഗവ. മെഡിക്കൽ കോളേജ് ആന്റിറിട്രോ വൈറൽ മെഡിക്കൽ ഓഫീസർ ഡോ. ജമീല, ആലപ്പുഴ വനിത ശിശു ആശുപത്രി സീനിയർ ശിശുരോഗ വിദഗ്ധ ഡോ. ശാന്തി, മാവേലിക്കര ജില്ലാ ആശുപത്രി ശിശുരോഗ വിദഗ്ധൻ ഡോ. പ്രസാദ് എന്നിവരടങ്ങിയ പാനലാണ് യോഗം ചേർന്നത്. കുട്ടിയുടെ ശരീരത്തിൽ കയറിയ സൂചിയിൽ കട്ടപിടിച്ച പഴയ രക്തമാണ് ഉണ്ടായിരുന്നത്. അതിനാൽ എച്ച്‌ഐവി ബാധയ്‌ക്കുള്ള സാധ്യത വളരെ വിരളമാണ്. ഹെപ്പറ്റൈറ്റിസ് ബിയുടെ നേരിയ രോഗസാധ്യതയാണുള്ളത്. ഇതിനെതിരെ പ്രതിരോധ കുത്തിവയ്‌പ് നൽകി. തുടർന്ന് നടത്തിയ രക്ത പരിശോധനയിൽ കുട്ടിയുടെ പ്രതിരോധ സംവിധാനം തൃപ്തികരമാണെന്ന് സ്ഥിരീകരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..