22 December Sunday
തീരദേശ ഹൈവേ സാമൂഹ്യാഘാതപഠനം അവസാനഘട്ടത്തിൽ

മിന്നും സ്വപ്‌നത്തിലേക്ക്‌ വഴി തുറക്കാൻ

ഫെബിൻ ജോഷിUpdated: Tuesday Sep 24, 2024
ആലപ്പുഴ
കടലോര ജില്ലയുടെ വികസന സ്വപ്നങ്ങൾക്ക്‌ കുതിപ്പേകുന്ന തീരദേശ ഹൈവേക്കുള്ള നടപടി അതിവേഗം പുരോഗമിക്കുന്നു. പദ്ധതിയുടെ ആദ്യരണ്ട്‌ റീച്ചുകളുടെ സാമൂഹ്യാഘാത പഠനം അവസാന ഘട്ടത്തിലാണ്‌. പഠനം പൂർത്തിയായാൽ പൊതുജനാഭിപ്രായം തേടും. ഇവ രണ്ടും പരിശോധിച്ചശേഷം അവസാന രൂപരേഖ തയ്യാറാക്കും. ജില്ലയിലൂടെ പോകുന്ന 54.99 കിലോമീറ്റർ റോഡിന്‌ നേരത്തെ സാമ്പത്തികാനുമതിയായിരുന്നു. 
ജില്ലയിൽ വലിയഴീക്കൽ മുതൽ തെക്കേ  ചെല്ലാനം വരെ 70 കിലോമീറ്ററാണ്‌ തീരദേശ ഹൈവേ. മൂന്നുഭാഗങ്ങളിലായാണ്‌ നിർമാണം. തീരത്തുകൂടിയുള്ള റോഡുകൾ ഏറ്റെടുത്ത് 14 മീറ്റർ വീതിയിൽ പുനർനിർമിക്കുന്നതാണ്‌ പദ്ധതി. വലിയഴീക്കൽ മുതൽ തോട്ടപ്പള്ളി വരെയുള്ള ആദ്യറീച്ചിന്റെയും ആലപ്പുഴ മുതൽ തെക്കൻ ചെല്ലാനം വരെയുള്ള രണ്ടാം റീച്ചിന്റെയും സാമൂഹ്യാഘാത പഠനമാണ്‌ പുരോഗമിക്കുന്നത്‌. ഡിസംബറിൽ പഠനം പൂർത്തിയാക്കി റിപ്പോർട്ട്‌ സമർപ്പിക്കും. അമ്പലപ്പുഴ മുതൽ ആലപ്പുഴ വരെയുള്ള റീച്ചിന്റെ അന്തിമ രൂപരേഖ നാറ്റ്‌പക്‌ തയ്യാറാക്കുന്നു. പൊതുഗതാഗതത്തിനൊപ്പം തീരദേശ വികസനം, വിനോദസഞ്ചാരം, ചരക്കുനീക്കം എന്നിവയ്‌ക്ക്‌ വേഗം നൽകുന്നതാണ്‌ പദ്ധതി. കടലോര ജില്ലയുടെ വിനോദസഞ്ചാര മേഖലയിൽ കരുത്തുപകരുന്ന ഹൈവേ വികസനം തീരത്തിന്റെ പുരോഗതിയും സാധ്യമാക്കും. 
വലിയഴീക്കൽ-–-തോട്ടപ്പള്ളി റീച്ചിൽ 22 കിലോമീറ്ററും അമ്പലപ്പുഴ–-ആലപ്പുഴ റീച്ചിൽ 15 കിലോമീറ്ററും ആലപ്പുഴ മുതൽ- തെക്കേ ചെല്ലാനം വരെ 33 കിലോ മീറ്ററുമാണ്‌ തീരദേശപാത. കേരള റോഡ് ഫണ്ട് ബോർഡിനാണ്‌ (കെആർഎഫ്ബി) നിർമാണച്ചുമതല. ജില്ലയിൽ പുതിയ പാലങ്ങളൊന്നും പദ്ധതിയിലില്ല. ചിലയിടങ്ങളിൽ കൾവർട്ടുകൾ നിർമിക്കണം. 1400 ഓളം കെട്ടിടങ്ങൾ പദ്ധതിയുടെ ഭാഗമായി പൊളിച്ചുമാറ്റേണ്ടിവരും. സർക്കാർ ഭൂമിയും പുറമ്പോക്കും സ്വകാര്യഭൂമിയും നിലവിലെ റോഡുകളും ഉൾപ്പെടെ വലിയഴീക്കൽ മുതൽ തോട്ടപ്പള്ളി വരെ 25.35 ഹെക്‌ടറും ആലപ്പുഴ മുതൽ തെക്കേ ചെല്ലാനം വരെ 29.76 ഹെക്‌ടറും ഭൂമി വേണ്ടിവരും. വിശദപദ്ധതിരേഖ തയാറാകുന്നതോടെ ഇതിൽ കുറവുവരും. തോട്ടപ്പള്ളി സ്‌പിൽവേയിൽ പുതിയ പാലങ്ങളുടെ ഇരുവശവും രണ്ട്‌ അടിപ്പാത നിർമിക്കും. പുതിയ പാലങ്ങൾ വരുന്നതോടെ വടക്കേക്കരയിൽനിന്ന്‌ തുറമുഖത്തേയ്‌ക്കടക്കമുള്ള വഴിയടയുമെന്ന്‌ നാട്ടുകാർ ആശങ്കപ്പെട്ടിരുന്നു. ആദ്യം ദേശീയപാത അതോറിറ്റി മടിച്ചുനിന്നെങ്കിലും പിന്നീട്‌ തുറമുഖത്തേക്ക്‌ 4.5 മീറ്റർ ഉയരവും ഏഴുമീറ്റർ വീതിയുമുള്ള അടിപ്പാത (എൽവിയുപി) നിർമിക്കാൻ അനുമതി നൽകി. 
ഹാർബർ റോഡിന്റെ ഭാഗത്തെ അടിപ്പാതയ്‌ക്ക്‌ കണ്ടെയ്‌നറുകൾ ഉൾപ്പെടെ കടന്നുപോകാൻ കഴിയുന്ന തരത്തിൽ 5.5 മീറ്റർ ഉയരംവേണമെന്ന്‌ തുറമുഖവകുപ്പും തീരദേശഹൈവേയുടെ നിർമാണച്ചുമതലയുള്ള കേരള റോഡ് ഫണ്ട് ബോർഡും ആവശ്യപ്പെട്ടിരുന്നു. വിഷയത്തിൽ എച്ച്‌ സലാം എംഎൽഎ അടക്കം സജീവമായി ഇടപെട്ടതോടെയാണ്‌ 5.5 മീറ്റർ ഉയരമുള്ള അടിപ്പാതയ്‌ക്ക്‌ എൻഎച്ച്‌എഐ അനുമതി നൽകിയത്‌. തീരദേശപാതയിൽ തോട്ടപ്പള്ളി മുതൽ അമ്പലപ്പുഴ വരെയുള്ള 7.55 കിലോമീറ്റർ ദേശീയപാത തന്നെ ഉപയോഗിക്കും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top