നീലേശ്വരം
ജില്ലാ സ്കൂൾ കായികമേളയിൽ തുടർച്ചയായ മൂന്നാംതവണയും ചിറ്റാരിക്കാൽ ഉപജില്ലക്ക് കിരീടം. 27 സ്വർണവും 14 വെള്ളിയും 13 വെങ്കലവുമായി 204 പോയന്റോടെയാണ് ചിറ്റാരിക്കാൽ ചാമ്പ്യന്മാരായത്. 19 സ്വർണവും19 വെള്ളിയും 10 വെങ്കലവുമായി 167 പോയന്റോടെ ചെറുവത്തൂർ ഉപജില്ലക്കാണ് രണ്ടാം സ്ഥാനം. 12 സ്വർണവും 17 വെള്ളിയും 20 വെങ്കലവുമായി 146 പോയന്റോടെ കാസർകോട് ഉപജില്ല മൂന്നാമതെത്തി. മറ്റ് ഉപജില്ലകളുടെ മെഡലും പോയിന്റ് നിലയും : ഹോസ്ദുർഗ് : 8 സ്വർണം, 20 വെള്ളി, 17 വെങ്കലം (126), മഞ്ചേശ്വരം: 9 സ്വർണം,11 വെള്ളി, 7 വെങ്കലം
തൊട്ടതെല്ലാം പൊന്നാക്കി ലിഥിന
നീലേശ്വരം
മത്സരിച്ച ഇനങ്ങളിലെല്ലാം ഒന്നാമതെത്തി പരപ്പ ജി എച്ച് എസ് എസിലെ കെ വി ലിഥിന. 800, 1500, 3000 മീറ്റർ ഓട്ടത്തിൽ 15 പോയിന്റ് നേടിയാണ് ലിഥിന സീനിയർ പെൺകുട്ടികളുടെ വിഭാഗത്തിൽ വ്യക്തിഗത ചാമ്പ്യനായത്. നാല് കിലോമീറ്റർ ക്രോസ് കൺട്രി വിഭാഗത്തിലും ലിഥിനയ്ക്കാണ് സ്വർണം.
രാവിലെയും വൈകിട്ടും സ്കൂളിൽ തന്നെയാണ് പരിശീലനം. ശനി, ഞായർ, മറ്റ് ഒഴിവുദിവസങ്ങളിൽ നീലേശ്വരം ഇ എം എസ് സ്റ്റേഡിയത്തിൽ പരിശീലനം. സ്കൂളിലെ കായികാധ്യാപിക ദീപ പ്ലാക്കിലാണ് പരിശീലനം നൽകുന്നത്.
സഹായത്തിനായി സ്കൂളിലെ പൂർവ വിദ്യാർഥിയും കായിക താരവുമായ വൈഷ്ണവുമുണ്ട്. കാലിച്ചാനടുക്കത്തെ ലക്ഷ്മണൻ–- തങ്കമണി ദമ്പതിമാരുടെ മകളാണ്.
പിറന്നത് 20 മീറ്റ് റെക്കോഡ്
നീലേശ്വരം
ജില്ലാ സ്കൂൾ കായിക മേള നീലേശ്വരം ഇ എം എസ് സ്റ്റേഡിയത്തിൽ അവസാനിച്ചപ്പോൾ പിറന്നത് 20 മീറ്റ് റെക്കോഡ്. ഇത്തവണ മുതൽ മീറ്റ് റെക്കോഡ് കൂടി രേഖപ്പെടുത്തുന്നതോടെ ജില്ല നേടിയത് അഭിമാന നേട്ടം. സംസ്ഥാന മേളയിൽ ഇതിലും കൂടുതൽ വേഗവും ദൂരവും കുറിക്കാനുള്ള പടികൂടിയുമായി നീലേശ്വരത്തെ കായികമേള. ആദ്യ ദിനം നാലും രണ്ടാം ദിവസം രണ്ടും സമാപന ദിവസം 14 ഉം റെക്കോഡുകളാണ് പിറന്നത്. സബ് ജൂനിയർ, ജൂനിയർ, സീനിയർ വിഭാഗങ്ങളിലായി ത്രോ, അത്‌ലക്റ്റിസ് എന്നിവയിൽ ആൺ, പെൺ വിഭാഗങ്ങളിലും റെക്കോഡ് പിറന്നു.
ഓട്ടത്തിൽ വീണെങ്കിലും നടത്തത്തിൽ നേടി
നീലേശ്വരം
ഓട്ട മത്സരത്തിൽ തളർന്നു വീണെങ്കിലും നടത്ത മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയതിന്റെ സന്തോഷത്തിലാണ് കാസർകോട് ജിഎംആർഎച്ച് എസിലെ അഷിത. സീനിയർ പെൺകുട്ടികളുടെ 3000 മീറ്റർ നടത്ത മത്സരത്തിലാണ് അഷിത സ്വർണം നേടിയത്. 3000 മീറ്റർ ഓട്ട മത്സരത്തിനും പങ്കെടുത്തിരുന്നു. എന്നാൽ നിർജലീകരണം കാരണം മത്സരം പൂർത്തിയാക്കാനാകാതെ ട്രാക്കിൽ തളർന്ന് വീണു. നടത്തത്തിൽ ദേശീയ തലത്തിൽ മത്സരിക്കുകയാണ് അഷിതയുടെ ലക്ഷ്യം. സ്‌കൂളിലെ കായികാധ്യാപകൻ ഷുക്കൂറാണ് പരിശീലകൻ. കൂലിപ്പണി ചെയ്യുന്ന ആനന്ദൻ, രാജേശ്വരി ദമ്പതികളുടെ മകളാണ്.
പരിമിതിയിൽനിന്ന് മിന്നും പ്രകടനം
നീലേശ്വരം
പരിമിതമായ സാഹചര്യങ്ങളിൽനിന്നും വരുന്ന മത്സരാർത്ഥികളുടെ മിന്നുന്ന പ്രകടനമാണ് ഇ എം എസ് സ്റ്റേഡിയത്തിലെ ജില്ലാ കായികമേളയിൽ കാണാനായത്. സബ് ജൂനിയർ ആൺകുട്ടികളുടെ ഹൈജംപിൽ മേക്കാട്ട് മടിക്കൈ സെക്കന്റ് ജിവിഎച്ച്എസ്എസിലെ ടി ദോവാനന്ദ് സ്വർണം നേടി. 1.48 മീറ്റർ ഉയരെ ചാടിയാണ് സ്വർണകുതിപ്പ് നടത്തിയത്. അരയിയിലെ ബാബുരാജ്- –- സുഷമ ദമ്പതികളുടെ മകനാണ് ദേവാനന്ദ്.
റെക്കോഡിൽ
ശ്രീയക്ക് ഹാട്രിക്
നീലേശ്വരം
തുടർച്ചായ മൂന്നാം തവണയും ജൂനിയർ പെൺകുട്ടികളുടെ പോൾവാൾട്ടിൽ റെക്കോഡിട്ട് ഡി വി ശ്രീയ ലക്ഷ്മി. ഉദിനൂർ ജിഎച്ച്എസ്എസിലെ പ്ലസ് വൺ വിദ്യാർഥിനിയായ ശ്രീയ തുടർച്ചയായ മൂന്നാം വർഷമാണ് ജില്ലാ മേളയിൽ റെക്കോഡ് തിരുത്തുന്നത്. ഇത്തവണ 190 സെന്റിമീറ്റർ ഉയരമാണ് ചാടിയത്. ഒമ്പതാം ക്ലാസിൽ പഠിക്കുമ്പോഴാണ് ആദ്യമായി പങ്കെടുക്കുന്നത്. 140 സെന്റിമീറ്റർ ഉയരമായിരുന്നു ശ്രീയയുടെ റെക്കോഡ്. രണ്ടാം വർഷത്തിൽ 145 സെന്റിമീറ്റർ ചാടി റെക്കോഡ് തിരുത്തി. ഇത്തവണ മൂന്ന് മാസം ബംഗളൂരുവിലാണ് പരിശീലനം നടത്തിയത്. തൃക്കരിപ്പൂർ വൈക്കം സ്വദേശികളായ രമേശന്റെയും ബബിതയുടെയും മകളാണ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..