24 December Tuesday

ഫാമിന് ഭീഷണിയായി കുരങ്ങുകളും നശിപ്പിച്ചത് 4500 കശുമാവിൻതെെകൾ

വെബ് ഡെസ്‌ക്‌Updated: Thursday Oct 24, 2024

ആറളംഫാം സെൻട്രൽ നഴ്‌സറിയിൽ പോളിഹൗസിൽ വളർത്തിയ കശുമാവിൻതൈകൾ കുരങ്ങുകൾ 
നശിപ്പിച്ചനിലയിൽ

 ഇരിട്ടി

കാട്ടാനക്കൂട്ടത്തിന് പിന്നാലെ വാനരക്കൂട്ടവും ആറളം ഫാമിന് തലവേദനയാകുന്നു. കൂട്ടമായെത്തിയ കുരങ്ങുകൾ  ഫാം സെൻട്രൽ നഴ്‌സറിയിൽ  പോളി ഹൗസിൽ വളർത്തിയ  അത്യുൽപ്പാദനശേഷിയുള്ള 4500  ബഡ് കശുമാവിൻ തൈകളും 271 ഡബ്ല്യൂസിടി കുറ്റ്യാടി തെങ്ങിൻതൈകളും  നശിപ്പിച്ചു.  പോളി ഹൗസിനുള്ളിലേക്കുള്ള പ്രവേശന കവാടത്തിന് സമീപത്തെ ഷീറ്റ് വലിച്ചുകീറിയാണ് കുരങ്ങിൻകൂട്ടം ഇതിനുള്ളിലേക്ക് പ്രവേശിച്ചത്. വൈകിട്ട് തൊഴിലാളികളും ജീവനക്കാരുമെല്ലാം  പോയ സമയത്താണ്  തൈ നശിപ്പിച്ചത്. അത്യുൽപ്പാദനശേഷിയുള്ള പ്രിയങ്ക, കനക, സുലഭ ഇനം തൈകളാണ് നശിപ്പിച്ചത്.  വിൽപ്പനയ്ക്ക്‌ തയ്യാറായ തെങ്ങിൻതൈകളും നശിപ്പിച്ചു. മൂന്ന് ലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടായതായാണ് കണക്കാക്കുന്നത്. 
 തെങ്ങുകളെല്ലാം കാലി
ആറളം ഫാമിന്റെ  നട്ടെല്ലായിരുന്നു തെങ്ങ് കൃഷി.  വരുമാനത്തിൽ മൂന്നിൽ രണ്ട് ഭാഗവും തെങ്ങിൽനിന്നായിരുന്നു.  ഒന്നാം ബ്ലോക്കിന് സമീപത്തെ  ഗോഡൗണിലെ  വിശാലമായ മൈതാനം നിറയെ തേങ്ങ കൂട്ടിയിട്ട കാഴ്ച  മനോഹരമായിരുന്നു.  ഇപ്പോൾ തെങ്ങുകളും ഗോഡൗൺ പരിസരവും കാലിയാണ്. തെങ്ങുകളിൽ പൂങ്കുല വിരിഞ്ഞ്  വരുമ്പോൾതന്നെ കുരങ്ങുകൾ നശിപ്പിക്കുകയാണ്. അയ്യായിരത്തോളം തെങ്ങുകളും കാട്ടാനക്കൂട്ടം കുത്തിവീഴ്ത്തി. അവശേഷിക്കുന്ന തെങ്ങുകളിൽനിന്ന്‌ വരുമാനം ലഭിക്കുന്നുമില്ല. കാട്ടാന ശല്യത്തിൽനിന്ന്‌ ഫാമിനെ രക്ഷിക്കാനായി കോടികൾ മുടക്കി ആനമതിലും കൃഷി ബ്ലോക്കുകൾക്ക് പ്രത്യേകം തൂക്കുവേലി സ്ഥാപിക്കുമ്പോഴും കുരങ്ങുകളെ എങ്ങനെ പ്രതിരോധിക്കുമെന്നത് ചോദ്യചിഹ്നമാകുകയാണ്. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top