കരിവെള്ളൂർ
പലിയേരിക്കൊവ്വലിലെ വനിതാ സിവിൽ പൊലീസ് ഓഫീസർ പി ദിവ്യശ്രീക്ക് ആയിരങ്ങളുടെ അന്ത്യാഞ്ജലി. പയ്യന്നൂർ, ചന്തേര പൊലീസ് സ്‌റ്റേഷനുകളിലും പലിയേരിക്കൊവ്വൽ എ വി സ്‌മാരക വായനശാലയിലും പൊതുദർശനത്തിനുവച്ച മൃതദേഹത്തിൽ രാഷ്‌ട്രീയ സാമൂഹ്യരംഗത്തെ നിരവധിപേരും പൊലീസ് ഉദ്യോഗസ്ഥരും അന്ത്യാഞ്ജലിയർപ്പിച്ചു. തുടർന്ന് ഔദ്യോഗിക ബഹുമതികളോടെ കൂക്കാനം ജനകീയ ശ്‌മശാനത്തിൽ സംസ്‌കരിച്ചു. മകൻ ആഷിഷ് ചിതയ്ക്ക് തീ കൊളുത്തിയപ്പോൾ കണ്ടുനിന്നവർക്ക് കണ്ണീരടക്കാനായില്ല. വ്യാഴാഴ്‌ച വൈകിട്ടാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. ഭർത്താവ് കൊഴുമ്മൽ കോട്ടൂലിലെ രാജേഷാണ് വെട്ടിക്കൊലപ്പെടുത്തിയത്.
എംഎൽഎമാരായ ടി ഐ മധുസൂദനൻ, എം രാജഗോപാലൻ, കേരള പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി സി ആർ ബിജു, ജില്ലാ പ്രസിഡന്റ് എൻ വി രമേശൻ, കേരള പൊലീസ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ഇ വി പ്രദീപൻ, ജില്ലാ സെക്രട്ടറി കെ പ്രിയേഷ് എന്നിവർ പുഷ്‌പചക്രം സമർപ്പിച്ചു.
സിപിഐ എം ജില്ലാ സെക്രട്ടറി എം വി ജയരാജൻ, കാസർകോട് ജില്ലാ പൊലീസ് മേധാവി ഡി ശിൽപ്പ, കണ്ണൂർ റൂറൽ എസ്‌പി അനൂജ് പരിവാൾ, അഡീഷണൻ എസ്‌പി എം പി വിനോദ് കുമാർ, കെഎപി കമാൻഡന്റ് എൻ ജെ ദേവസ്യ, തിരുവനന്തപുരം വനിതാ ബറ്റാലിയൻ എസ്‌പി മുഹമ്മദ് ഷാഫി, ഡിവൈഎസ്‌പിമാരായ കെ വിനോദ് കുമാർ, ബാബു പെരിങ്ങേത്ത്, സി കൃഷ്‌ണൻ, വി നാരായണൻ, പി സന്തോഷ്, നഗരസഭാ ചെയർമാൻ കെ വി ലളിത, ഇ പി ശ്യാമള, പിലിക്കോട് പഞ്ചായത്ത് പ്രസിഡന്റ് പി പി പ്രസന്നകുമാരി തുടങ്ങിയവർ അന്ത്യാഞ്ജലി അർപ്പിച്ചു. സ്‌പീക്കർ എ എൻ ഷംസീർ വീട്ടിലെത്തി കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു.
ഗുരുതരമായി പരിക്കേറ്റ് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിലായിരുന്ന ദിവ്യശ്രീയുടെ അച്ഛൻ വാസു അപകടനില തരണംചെയ്‌തു. അന്വേഷകസംഘം വാസുവിൽനിന്ന് മൊഴിയെടുത്തു. കൊലപാതകം സംബന്ധിച്ച വിവരങ്ങൾ സംഘത്തിന് നൽകിയതായാണ് സൂചന.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..