ചാരുംമൂട്
പ്രായപൂർത്തിയാകാത്ത വിദ്യാർഥിനിക്ക് നേരെ നഗ്നത പ്രദർശിപ്പിച്ച ഭരണിക്കാവ് പള്ളിക്കൽ നടുവിലെമുറി കൊടുവരയ്യത്ത് ലക്ഷംവീട്ടിൽ പി പ്രവീൺ (31) പൊലീസ് പിടിയിലായി. കഴിഞ്ഞ എട്ടിനായിരുന്നു കേസിനാസ്‌പദമായ സംഭവം. മഴയത്ത് സ്‌കൂൾ വിട്ടുവന്ന വിദ്യാർഥിനിയെ സ്‌കൂട്ടറിൽ ഹെൽമെറ്റും റെയിന്‍ കോട്ടും ധരിച്ചു വന്ന് പ്രതി നഗ്നത പ്രദർശിപ്പിക്കുകയും ബലമായി പിടിച്ചുവലിച്ച് ആളൊഴിഞ്ഞ വീട്ടിലേക്ക് കയറ്റാൻ ശ്രമിക്കുകയുംചെയ്‌തു.
ഹരിത കർമസേനാ പ്രവർത്തകരായ മഞ്‌ജുവും ഷാലിയും ആ വഴി സ്‌കൂട്ടറില്‍ വന്ന് ബഹളം വച്ചതുകൊണ്ടാണ് കുട്ടി രക്ഷപ്പെട്ടത്. പ്രതിയെ മഞ്‌ജു സ്‌കൂട്ടറിലും ഷാലി ഹരിതകർമസേനയുടെ ഇലക്‌ട്രിക് ഓട്ടോയിലും പിന്തുടർന്നെങ്കിലും രക്ഷപ്പെട്ടു. വാഹനത്തിന്റെ അവസാനത്തെ രണ്ട് നമ്പരും വെളുത്ത ആക്‌ടീവാ സ്‌കൂട്ടറാണ് എന്നും മാത്രമേ കുട്ടിക്കും ഹരിത കർമസേനാംഗങ്ങള്‍ക്കും വ്യക്തമായുള്ളൂ.
അന്വേഷണത്തിനായി ജില്ലാ പൊലീസ് മേധാവി എം പി മോഹനചന്ദ്രന്റെ നിർദേശപ്രകാരം ചെങ്ങന്നൂർ ഡിവൈഎസ്‌പി എം കെ ബിനുകുമാർ പ്രത്യേക അന്വേഷകസംഘം രൂപീകരിച്ചു. ജില്ലയുടെ വിവിധ ഭാഗങ്ങളിലും കൊല്ലം ജില്ലയുടെ വടക്കൻ മേഖലയിലും നടത്തിയ പരിശോധനയിൽ വാഹനത്തിന്റെ വിവരങ്ങൾ ലഭിച്ചെങ്കിലും നമ്പർപ്ലേറ്റ് വ്യാജമാണെന്ന് മനസിലായി. ശനി പുലർച്ചെ കായംകുളം റെയിൽവേ സ്‌റ്റേഷൻ പരിസരത്ത് റെയില്‍വേ ഗര്‍ഡറുകള്‍ക്ക് മുകളില്‍ കിടന്നുറങ്ങുമ്പോഴാണ് പ്രതിയെ പിടികൂടിയത്. കൈവശമുണ്ടായിരുന്ന സ്‌കൂട്ടർ ചാലക്കുടിയിലെ ഒരു വീടിന് മുന്നിൽനിന്ന് മോഷ്‌ടിച്ചതാണെന്ന് പ്രതി വെളിപ്പെടുത്തി.
കായംകുളം, കുറത്തികാട്, നൂറനാട്, അമ്പലപ്പുഴ, മാവേലിക്കര എന്നിവിടങ്ങളിലായി 15 കേസ് ഇയാള്‍ക്കെതിരെ പൊലീസും എക്‌സൈസും രജിസ്‌റ്റര്‍ ചെയ്‌തിട്ടുണ്ട്. മോഷണക്കേസിൽ ശിക്ഷയ്‌ക്കുശേഷം ജില്ലാ ജയിലിൽനിന്ന് ജാമ്യത്തില്‍ ഇറങ്ങിയതായിരുന്നു. എസ്‌എച്ച്‌ഒ എസ് ശ്രീകുമാർ, എസ്‌ഐ എസ് നിതീഷ്, എസ്‌സിപിഒമാരായ എസ് ശരത്ത്, ആർ രജീഷ്, കെ കലേഷ്, മനു പ്രസന്നന്‍, പി മനുകുമാര്‍, വി ജയേഷ്, ബി ഷമീര്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ അറസ്‌റ്റ് ചെയ്‌തത്. പ്രതിയെ റിമാൻഡുചെയ്‌തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..