ആലപ്പുഴ
"സാധാരണ വീൽചെയറിലായിരുന്നു സ്‌കൂളിലും കംപ്യൂട്ടർ ക്ലാസിലുമൊക്കെ പോയിരുന്നത്. ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ടപ്പോൾ ക്ലാസിന് പോകുന്നത് നിർത്തി. ഇലക്‌ട്രോണിക് വീൽച്ചെയർ കിട്ടിയപ്പോൾ തുറവൂർ സാഞ്ചോ സദനിലെ കംപ്യൂട്ടർ പഠനം വീണ്ടും തുടരുകയായിരുന്നു. ജന്മനാ അവളുടെ കാൽപ്പാദങ്ങൾ വളഞ്ഞിട്ടായിരുന്നു.
കുഞ്ഞുനാളിൽ നടുവിനകത്ത് രൂപപ്പെട്ട മുഴ നീക്കംചെയ്യാൻ ശസ്‌ത്രക്രിയ നടത്തി. തല വലുതാകുന്ന പ്രശ്‌നം വന്നപ്പോൾ തലയ്‌ക്കും ശസ്‌ത്രക്രിയ നടത്തി. പിന്നീട് കാലിനും. എന്നാൽ കാലിന്റെ പ്രശ്‌നം മാറ്റാനായില്ല. എങ്കിലും നിലവിൽ ഹാപ്പിയാണ്. പഠിക്കാനും മറ്റ് കാര്യങ്ങൾക്കുമായി എളുപ്പത്തിൽ പോകാനും തിരിച്ചെത്താനും സാധിക്കുന്നുണ്ട്.’–- ശ്രീലക്ഷ്‌മി പഠനം തുടരുന്നതിലും സാമൂഹ്യനീതിവകുപ്പ് ഏർപ്പെടുത്തിയ സംസ്ഥാന ഭിന്നശേഷി പുരസ്‌കാരത്തിന് ജില്ലാ പഞ്ചായത്ത് അർഹമായതിന്റെയും സന്തോഷം പങ്കുവച്ച് ഭിന്നശേഷിക്കാരിയായ തുറവൂർ തിരുമലഭാഗം കാരങ്ങാട്ടുവെളിയിൽ കെ എസ് ശ്രീലക്ഷ്‌മിയുടെ അമ്മ കെ ടി ശൈല പറഞ്ഞു.
ദൈനംദിന ജീവിതത്തിൽ വെല്ലുവിളികൾ നേരിടുന്ന ജില്ലയിലെ ഭിന്നശേഷിക്കാരെ സഹാനുഭൂതിയോടെ ചേർത്തുപിടിച്ച് നടത്തിയ പ്രവർത്തനങ്ങളാണ് സംസ്ഥാന സാമൂഹ്യനീതിവകുപ്പ് ഏർപ്പെടുത്തിയ ഭിന്നശേഷി പുരസ്‌കാരത്തിന് ജില്ലാ പഞ്ചായത്തിനെ അർഹമാക്കിയത്.
ജില്ലാ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് 15 ഭിന്നശേഷിക്കാരെ തുല്യതാ പരീക്ഷയെഴുതിച്ചു, ശാരീരിക മാനസിക വെല്ലുവിളി നേരിടുന്നവർക്ക് സ്‌കോളർഷിപ്പും ബത്തയും നൽകാൻ പഞ്ചായത്തുകൾക്ക് വിഹിതം നൽകി, ജില്ലാ പരിധിയിൽ ചലനശേഷി നഷ്‌ടപ്പെട്ടവർക്ക് ഇലക്‌ട്രോണിക് വീൽച്ചെയറുകൾ നൽകുന്നതടക്കമുള്ള പ്രവൃത്തികൾ വിജയകരമാക്കി തുടങ്ങിയവ പുരസ്‌കാരത്തിനായി പരിഗണിച്ചു. ഭിന്നശേഷിക്കാർക്കായി സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ഫണ്ട് വിനിയോഗിച്ച ജില്ലാ പഞ്ചായത്ത് ആലപ്പുഴയാണ്. ജില്ലാ പഞ്ചായത്തിന്റെ പരിധിയിലുള്ള ശാരീരിക, മാനസിക വെല്ലുവിളികൾ നേരിടുന്നവർക്ക് സ്‌കോളർഷിപ്പും ബത്തയും നൽകാൻ മാത്രം 72 പഞ്ചായത്തിന് 92,59,928 രൂപയാണ് അനുവദിച്ചുനൽകിയത്. കാഴ്‌ചപരിമിതിയുള്ള വിദ്യാർഥികൾക്കായി ടോക്കിങ് ഹിയറിങ് സോഫ്റ്റ്‌വെയർ ഇൻസ്‌റ്റാൾ ചെയ്‌ത കംപ്യൂട്ടറുകൾ നൽകി അവരെ സ്വയംപര്യാപ്തരാക്കാനും ജില്ലാ പഞ്ചായത്തിന് കഴിഞ്ഞു. ചലനശേഷി നഷ്‌ടപ്പെട്ട 44 പേർക്ക് 55 ലക്ഷം രൂപ ചെലവഴിച്ചാണ് ഇലക്‌ട്രോണിക് വീൽചെയറുകൾ വിതരണംചെയ്‌തത്.
ജില്ലയിലെ ഭിന്നശേഷിക്കാർക്ക് സ്വകാര്യമേഖലയിൽ തൊഴിൽ കണ്ടെത്തി നൽകുന്നതിന്റെ ഭാഗമായി അഭ്യസ്‌തവിദ്യരായ 6165 ഭിന്നശേഷിക്കാരുടെ രജിസ്‌ട്രേഷൻ നടപടികൾ പൂർത്തിയാക്കി.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജി രാജേശ്വരി, വൈസ്‌പ്രസിഡന്റ് എൻ എസ് ശിവപ്രസാദ്, ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷൻ ടി എസ് താഹ, ജില്ലാ പഞ്ചായത്ത് സെക്രട്ടറി കെ ആർ ദേവദാസ്, ജില്ലാ സാമൂഹ്യനീതി ഓഫീസർ എ ഒ അബീൻ എന്നിവരാണ് ഭിന്നശേഷിസൗഹൃദ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..