24 December Tuesday

ജില്ലാ സമ്മേളനത്തിന്‌ കാഞ്ഞങ്ങാട്ട്‌ ഒരുക്കം സജീവം റാലിയിൽ അരലക്ഷം പേർ അണിനിരക്കും

വെബ് ഡെസ്‌ക്‌Updated: Tuesday Dec 24, 2024

 

കാസർകോട്‌ 
കാഞ്ഞങ്ങാട്ട്‌ 2025 ഫെബ്രുവരി അഞ്ചുമുതൽ ഏഴുവരെ നടത്തുന്ന സിപിഐ എം ജില്ലാ സമ്മേളനത്തിന്റെ ഒരുക്കങ്ങൾ സജീവമായി നടക്കുകയാണെന്ന്‌ ജില്ലാസെക്രട്ടറി എം വി ബാലകൃഷ്‌ണൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഫെബ്രുവരി ഏഴിന് അരലക്ഷം പേർ പങ്കെടുക്കുന്ന റാലിയും ചുവപ്പുസേനാ മാർച്ചും പൊതുസമ്മേളനവും കാഞ്ഞങ്ങാട് സംഘടിപ്പിക്കും. പ്രതിനിധി സമ്മേളനം പൊളിറ്റ്‌ബ്യൂറോ അംഗം എ വിജയരാഘവൻ ഉദ്ഘാടനംചെയ്യും. പ്രതിനിധി സമ്മേളനത്തിലും പൊതുസമ്മേളനത്തിലും മുതിർന്ന നേതാക്കൾ പങ്കെടുക്കും.
ജില്ലയിലെ 1959 ബ്രാഞ്ച്, 143 ലോക്കൽ, 12 ഏരിയാ സമ്മേളനങ്ങളും പൂർത്തിയാക്കിയാണ്‌ ജില്ലാസമ്മേളനത്തിലേക്ക്‌ കടക്കുന്നത്‌. നാല് താലൂക്കിലായി മൂന്നുനഗരസഭയും 38 പഞ്ചായത്തും ഉൾക്കൊള്ളുന്ന ജില്ലയിൽ 2021ൽ നടന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ മിന്നുന്ന വിജയം നേടാൻ എൽഡിഎഫിന് സാധിച്ചു. ജില്ലാ പഞ്ചായത്ത് ഭരണം തിരിച്ചുപിടിച്ചു. വലിയപറമ്പ്, കുറ്റിക്കോൽ, ഉദുമ, വോർക്കാടി പഞ്ചായത്തിലും ഭരണം തിരിച്ചുപിടിച്ചു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലും വോട്ടിങ് ശതമാനത്തിൽ വൻമുന്നേറ്റമുണ്ടായി. ലോകസഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത്‌ പൊതുവിലുണ്ടായ പ്രവണതക്കനുസരിച്ചുള്ള മാറ്റമാണ്‌ ജില്ലയിലുണ്ടായത്‌. 
 
        പതാകദിനം 
        ജനുവരി 15ന്‌ 
ജില്ലാ സമ്മേളനത്തിന്‌ മുന്നോടിയായി ജനുവരി 15 ന്‌ ജില്ലയിലെ മുഴുവൻ പാർടി ഓഫീസുകളിലും പാർടി അംഗങ്ങളുടെയും അനുഭാവികളുടെയും വീടുകളിലും പതാക ഉയരും. ആകർഷകമായ പ്രചാരണ കുടിലുകൾ, ശിൽപങ്ങൾ എന്നിവ നിർമിക്കും. ഏരിയാതലത്തിലും തുടർന്ന് ജില്ലാ അടിസ്ഥാനത്തിലും മത്സരാടിസ്ഥാനത്തിലാണ് പ്രചാരണം.
ജില്ലാ സമ്മേളനത്തിന്റെ പൊതുസമ്മേളനം നടക്കുന്ന കാഞ്ഞങ്ങാട്ടെ നഗരി സീതാറാം യെച്ചൂരിയുടെയും  കോടിയേരി ബാലകൃഷ്ണന്റെയും പേരിലാണ്‌. പ്രതിനിധി സമ്മേളന നഗറിന് മുൻ ജില്ലാ സെക്രട്ടറിമാരായ എ കെ നാരായണന്റെയും കെ കുഞ്ഞിരാമന്റെയും സെമിനാർ നടക്കുന്ന സ്ഥലത്തിന്‌  പി രാഘവന്റെയും പേര്‌ നൽകി. 
 
       കൊടി –- കൊടിമര 
       ജാഥകൾ
പ്രതിനിധി സമ്മേളന നഗരിയിൽ ഉയർത്താനുള്ള പതാക പൈവളിഗെ രക്തസാക്ഷി സ്‌മൃതി മണ്ഡപത്തിൽനിന്നും കൊടിമരം കയ്യൂർ രക്തസാക്ഷി  മണ്ഡപത്തിൽനിന്നും എത്തിക്കും. 
പൊതുസമ്മേളന നഗറിലേക്കുള്ള പതാക മുനയംകുന്ന് രക്തസാക്ഷി മണ്ഡപത്തിൽനിന്നും കൊടിമരം, ചീമേനി രക്തസാക്ഷി  മണ്ഡപത്തിൽനിന്നും എത്തിക്കും. ദീപശിഖ ജില്ലയിലെ എല്ലാ രക്തസാക്ഷി  മണ്ഡപത്തിൽനിന്നുമാണ്‌ കൊണ്ടുവരുന്നത്‌. 
 
        കാഞ്ഞങ്ങാട്ട്‌ 200 
        ചരിത്രസ്‌മൃതി സദസ്സ്
കാഞ്ഞങ്ങാട് ഏരിയയിൽ 200 കേന്ദ്രങ്ങളിൽ ചരിത്രസ്‌മൃതി സംഗമം സംഘടിപ്പിക്കും. പെരിയ ആയമ്പാറയിൽ സംഗമത്തിന്‌ തുടക്കമായി. രക്തസാക്ഷി കുടുംബങ്ങൾ, വിവിധ രംഗങ്ങളിൽ ശ്രദ്ധേയരായ വ്യക്തിത്വങ്ങൾ എന്നിവരെ  സംഗമത്തിൽ ആദരിക്കും.
ജില്ലാതലത്തിൽ വിപുലമായ സെമിനാറും നടത്തും. കാഞ്ഞങ്ങാട്ട്‌ പി രാഘവൻ നഗറിൽ നടത്തുന്ന മാധ്യമ സെമിനാറിൽ സംസ്ഥാനത്തെ പ്രമുഖ മാധ്യമ പ്രവർത്തകർ പങ്കെടുക്കും.  ജില്ലാതല വിദ്യാർഥി കൂട്ടായ്‌മ, യുവജന കൂട്ടായ്‌മ, മഹിളാ സംഗമം, സിനിമ പ്രവർത്തക സംഗമം, നാടക പ്രവർത്തക സംഗമം, സാംസ്‌കാരിക സമ്മേളനം എന്നിവയുണ്ടാകും. ജനുവരി ഏഴുമുതൽ ചരിത്ര പ്രദർശനവും  ദിവസവും വൈകിട്ട്‌ ഏഴുമുതൽ പത്തുവരെ കലാപരിപാടികളും ഉണ്ടാകും. 
ഇതിനുപുറമെ ജില്ലാതലത്തിൽ കലാ–- കായിക മത്സരവും മെഗാ ക്വിസ്‌, സാഹിത്യ രചന, റീൽസ്‌, ഹ്രസ്വചിത്ര നിർമാണ മത്സരവും നടത്തും.
ജില്ലയിലാകെ മാലിന്യ നിർമാർജന പ്രവർത്തനം ജനുവരി 25നും 26നും നടത്തും. പൊതുസ്ഥാപനങ്ങളും പൊതു ഇടങ്ങളും ശുചീകരിക്കുമെന്നും എം വി ബാലകൃഷ്‌ണൻ പറഞ്ഞു. ജില്ലാസെക്രട്ടറിയറ്റംഗം കെ ആർ ജയാനന്ദയും പങ്കെടുത്തു.  

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top