കാസർകോട്
അമൃത് ഭാരത് പദ്ധതിയിൽ ഉൾപ്പെടുത്തി കാസർകോട് റെയിൽവേ സ്‌റ്റേഷനിൽ നടക്കുന്ന നിർമാണ പ്രവർത്തനങ്ങളിൽ പൊറുതിമുട്ടി യാത്രക്കാർ. മാർബിൾ, ഇരുമ്പ് പണികളൊക്കെ നടക്കുന്നത് തിരക്കേറിയ പ്ലാറ്റ്‌ഫോമിൽ തന്നെയാണ്. കാതടപ്പിക്കുന്ന ശബ്ദ കോലാഹലവും പൊടിയും താണ്ടിയാണ് യാത്രക്കാർ ട്രെയിൻ കയറുന്നത്.
യാത്രക്കാർക്കൊപ്പം ജീവനക്കാർക്കും സമീപത്തെ കടയിലുള്ളവർക്കും റെയിൽ മൈത്രി പൊലീസ് സ്റ്റേഷനിൽ ഉദ്യോഗസ്ഥർക്കും ഒരുപോലെ ബുദ്ധിമുട്ടാകുകയാണ് നവീകരണ പ്രവൃത്തി. പ്ലാറ്റ്ഫോമിലെ മാർബിൾ കട്ടിങ് ഉടൻ നിർത്തിവയ്‌പ്പിക്കണമെന്നും കട്ടിങ് യന്ത്രങ്ങൾ പ്ലാറ്റ്ഫോമിന്റെ പുറത്തേക്ക് സ്ഥാപിക്കണമെന്നും ആവശ്യപ്പെട്ട് ജില്ലാ മലിനീകരണ നിയന്ത്രണ ബോർഡിനും ജില്ലാ പൊലീസ് ചീഫിനും റെയിൽവേ പാസഞ്ചർ അസോസിയേഷൻ പരാതി നൽകി. തുടർന്ന് കാഞ്ഞങ്ങാടുള്ള മലിനീകരണ നിയന്ത്രണ ബോർഡിന്റെ അസിസ്റ്റന്റ് എൻജിനീയർ ടി വി ആദർശ് കാസർകോട് റെയിൽവേ സ്റ്റേഷനിൽ തെളിവെടുപ്പ് നടത്തി. റെയിൽവേ പൊലീസും ആർപിഎഫും ഹെൽത്ത് ഇൻസ്പെക്ടറും തെളിവെടുപ്പ് സമയത്ത് ഹാജരുണ്ടായിരുന്നു. റിപ്പോർട്ട് സ്റ്റേഷൻ മാസ്റ്റർക്ക് നൽകിയെങ്കിലും അദ്ദേഹം വാങ്ങാത്തതിനാൽ, ഉന്നത റെയിൽവേ ഉദ്യോഗസ്ഥർക്ക് നൽകുമെന്ന് അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..