പിണറായി
ജൈവ വൈവിധ്യത്തിന്റെ കലവറയാകാൻ ഒരുങ്ങി എരുവട്ടി. അപൂർവ സസ്യങ്ങളുടെ കലവറയൊരുക്കി ജൈവവൈവിധ്യ പാർക്ക് തയ്യാറായി. സംസ്ഥാന ജൈവ വൈവിധ്യ ബോർഡ് അനുവദിച്ച പാർക്ക് പിണറായി പഞ്ചായത്ത് പതിനൊന്നാം വാർഡിലെ പറമ്പൻ മടപ്പുരയിൽ ബുധനാഴ്ച മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനംചെയ്യും.
വിദ്യാർഥികൾക്കും പരിസ്ഥിതി പ്രവർത്തകർക്കും സസ്യജാലങ്ങളെ നിരീക്ഷിക്കാനും പഠിക്കാനുമുള്ള അവസരമാണ് ഉദ്ദേശിക്കുന്നത്. പ്രകൃതി ഭംഗി ആസ്വദിച്ച് വിശ്രമിക്കാനും സൗകര്യങ്ങമുണ്ട്. 2021 ൽ പ്രവൃത്തി ആരംഭിച്ച പാർക്ക് കാപ്പുമ്മൽ പറമ്പൻ മടപ്പുര വിട്ടുനൽകിയ പതിനഞ്ചു സെന്റ് സ്ഥലത്താണ് പൂർത്തീകരിച്ചത്. നൂറിലധികം സസ്യങ്ങളാണ് ഇവിടെ വച്ചുപിടിപ്പിച്ചിരിക്കുന്നത്. ഇവ ജിയോ ടാഗ് ചെയ്ത് വിവരങ്ങൾ ഓൺലൈനായി ലഭ്യമാകുന്ന തരത്തിലാണ് ക്രമീകരണം. കൂടാതെ ഇരിപ്പിടങ്ങളും വായന കോർണറും ക്രമീകരിച്ചിട്ടുണ്ട്. പൂമ്പാറ്റകളെയും തുമ്പികളെയും ആകർഷിക്കുന്ന പ്രത്യേക സസ്യങ്ങളും ഇവിടെ തയ്യാറാണ്. പഴശ്ശി ഇക്കോ ടൂറിസം ആൻഡ് റൂറൽ ഡെവലപ്മെന്റ് സൊസൈറ്റി ആണ് നിർമാണ പ്രവർത്തനങ്ങൾ നടത്തിയത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..