25 December Wednesday

ചൊക്ലി കുടുംബാരോഗ്യകേന്ദ്രം ഉദ്‌ഘാടനം 26ന്‌ ജനങ്ങൾ കൈകോർത്തു, 
ചൊക്ലിയിൽ ആശുപത്രിയായി

വെബ് ഡെസ്‌ക്‌Updated: Tuesday Dec 24, 2024

ചൊക്ലി കുടുംബാരോഗ്യകേന്ദ്രം കെട്ടിടം.

തലശേരി
ചൊക്ലി  പഞ്ചായത്ത്‌ കുടുംബാരോഗ്യകേന്ദ്രം ഒളവിലത്ത്‌ 26ന് മന്ത്രി വീണാ ജോർജ് ഉദ്ഘാടനംചെയ്യും. പകൽ രണ്ടിനു നടക്കുന്ന ചടങ്ങിൽ സ്പീക്കർ എ എൻ ഷംസീർ അധ്യക്ഷനാകും. മൂന്നു കോടി 22 ലക്ഷം രൂപ വിനിയോഗിച്ചാണ്‌ കെട്ടിട നിർമാണം പൂർത്തിയാക്കിയത്‌. ആധുനിക സൗകര്യത്തോടെയുള്ള ലാബ്‌, ഫിസിയോതെറാപ്പി യൂണിറ്റ്‌, വയോജന പാർക്ക്‌, ഫിറ്റ്‌നസ്‌ സെന്റർ തുടങ്ങിയ സൗകര്യങ്ങൾ കുടുംബാരോഗ്യ കേന്ദ്രത്തിൽ സജ്ജീകരിച്ചതായി പഞ്ചായത്ത്‌പ്രസിഡന്റ്‌ സി കെ രമ്യ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 
  എ എൻ ഷംസീറിന്റെ ആസ്തി വികസന ഫണ്ടിൽനിന്നുള്ള 1.75 കോടി രൂപയും പഞ്ചായത്ത്‌ പദ്ധതി വിഹിതത്തിൽനിന്നുള്ള 70 ലക്ഷം രൂപയും ഉപയോഗിച്ചാണ് കെട്ടിട നിർമാണം പൂർത്തിയാക്കിയത്. അടിസ്ഥാന സൗകര്യമൊരുക്കാൻ തുക മതിയാകാതെ വന്നതോടെ ജനകീയകമ്മിറ്റി രൂപീകരിച്ചാണ്‌ ഫണ്ട്‌ സമാഹരിച്ചത്‌. പഞ്ചായത്ത് പ്രസിഡന്റ്‌ സി കെ രമ്യ ചെയർമാനും മുൻ പ്രസിഡന്റ്‌ വി കെ രാകേഷ് കൺവീനറും കെ എം പവിത്രൻ ട്രഷററുമായ കമ്മിറ്റിയാണ്‌ കുടുംബാരോഗ്യകേന്ദ്രത്തിന്റെ പൂർത്തീകരണത്തിന്‌ മുന്നിട്ടിറങ്ങിയത്‌. 
ഇത്‌ ജനങ്ങളുടെ സ്വന്തം 
ചൊക്ലി ഗവ. കോളേജ്‌ സ്ഥലമെടുപ്പിന്‌ സമാനമായ നിലയിലാണ്‌ കുടുംബാരോഗ്യത്തിനും ചൊക്ലിയിലെ ജനങ്ങൾ ഒരുമിച്ചുനിന്നത്‌. ഗ്രാമസഭകളിലൂടെ 15 ദിവസംകൊണ്ട് 54,02, 207 രൂപ സമാഹരിച്ചു. പഞ്ചായത്തംഗങ്ങൾ  ഓണറേറിയം സംഭാവന നൽകി. പ്രവാസികളുടെ സഹായമടക്കം 62 ലക്ഷം രൂപ ജനകീയ കമ്മിറ്റി സമാഹരിച്ചു. ലാബ്‌ ഖത്തറിലെ സഫാരി ഗ്രൂപ്പ് മാനേജിങ്ങ് ഡയറക്ടർ കെ സൈനുൽ ആബിദീനും ഫിസിയോതെറാപ്പി യൂണിറ്റ് കവിയൂരിലെ മസ്കറ്റ് റഷീദ് ഉസ്മാനുമാണ് സ്പോൺസർ ചെയ്തത്. 
  ദേശീയ ആരോഗ്യദൗത്യത്തിന്റെ 15 ലക്ഷം രൂപ ഉപയോഗിച്ച് ഫാർമസി സൗകര്യവും കാത്തിരിപ്പ് മുറിയും സ്റ്റോറും  ഒരുക്കി. ഫിസിയോതെറാപ്പിസ്റ്റിനെ ജനകീയകമ്മിറ്റിയുടെ ഫണ്ടുപയോഗിച്ച് നിയമിച്ചിട്ടുണ്ട്. ജീവിതരോഗശൈലി രോഗ ക്ലിനിക്ക്‌, വയോജന ക്ലിനിക്ക്‌, കൗമാര ക്ലിനിക്ക്‌ തുടങ്ങി വിപുലമായ സൗകര്യം കുടുംബാരോഗ്യകേന്ദ്രത്തിലുണ്ടാവും. 
  1981-ൽ റൂറൽ ഡിസ്‌പെൻസറിയായി പ്രവർത്തനം തുടങ്ങിയ ചികിത്സാകേന്ദ്രമാണ്‌ പടിപടിയായി വളർന്നത്‌. 1985ൽ പിഎച്ച്‌സിയായും 2018 കുടുംബാരോഗ്യകേന്ദ്രമായും ഉയർത്തി. ചൊക്ലിയിലെ ചികിത്സാരംഗത്ത്‌ വലിയമാറ്റം സൃഷ്‌ടിക്കുന്നതാവും എഫ്‌എച്ച്‌സി.  കുടുംബാരോഗ്യകേന്ദ്രത്തിന്റെ വികസനവുമായി സഹകരിച്ചവരോട്‌ നന്ദി അറിയിക്കുന്നതായും ഭാരവാഹികൾ  പറഞ്ഞു. വാർത്താസമ്മേളനത്തിൽ മെഡിക്കൽ ഓഫീസർ എം നീതു, കെ എം പവിത്രൻ, പി കെ യൂസഫ്‌ എന്നിവരും പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top