പത്തനംതിട്ട
നഗരത്തിൽ ഭൂഗർഭ വൈദ്യുതി ലൈൻ പൂർണമായും പ്രവർത്തന സജ്ജമായതോടെ നിലവിലുണ്ടായിരുന്ന വൈദ്യുതി ലൈനും പോസ്‌റ്റുകളും നീക്കം ചെയ്‌തു. അബാൻ മേൽപ്പാല നിർമാണത്തോട് അനുബന്ധിച്ചാണ് ഈ ഭാഗത്ത് ഭൂഗർഭ കേബിൾ സ്ഥാപിച്ചത്. മുത്തൂറ്റ് ആശുപത്രി ഭാഗം മുതൽ ശ്രീവത്സം ഭാഗം വരെ മൂന്നര കിലോമീറ്ററാണ് ഭൂഗർഭ കേബിൾ. ഇതോടെ നഗരത്തിൽ ഇനി മുതൽ വൈദ്യുതി മുടക്കം ഒഴിവാകും.
അഞ്ച് റിങ് മെയിൻ യൂണിറ്റുകൾ (ആർഎംയു) സ്ഥാപിച്ചാണ് വൈദ്യുതി വിതരണം ക്രമീകരിച്ചിരിക്കുന്നത്. റോഡിന്റെ വശത്ത് നാല് മീറ്റർ താഴ്‌ചയിൽ കുഴിയെടുത്താണ് കേബിളുകൾ വിരിച്ചിരിക്കുന്നത്. കെഎസ്‌ആർടിസി, കടമ്മനിട്ട, മൈലപ്ര തുടങ്ങി 11 കെവി ഫീഡർ വഴിയും ഒരു 33 കെവി ഫീഡർ വഴിയും വിതരണം ചെയ്യുന്ന വൈദ്യുതി ഇനിമുതൽ ഭൂഗർഭ കേബിളിലൂടെ കടന്നു പോകുന്നത്. ഞായറാഴ്‌ചയോടെ പൂർണമായി ഭൂഗർഭ കേബിളിലൂടെയുള്ള വൈദ്യുതി വിതരണം ആരംഭിച്ചു. വഴി വിളക്കുകൾക്കും പുതിയ കണക്ഷനുകൾക്കുമുള്ള ക്രമീകരണവും ചെയ്‌തിട്ടുണ്ട്. മേൽപ്പാലം നിർമാണം പൂർത്തിയാകുന്ന മുറയ്‌ക്ക് ഇതുവഴിയുള്ള വഴിവിളക്ക് സ്ഥാപിക്കുന്നതിനും സംവിധാനമുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..