08 September Sunday
അള​ഗപ്പനഗർ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം

തമ്മിലടി തുടർന്ന് കോണ്‍ഗ്രസ്

വെബ് ഡെസ്‌ക്‌Updated: Thursday Jul 25, 2024
ആമ്പല്ലൂർ
അള​ഗപ്പനഗർ പഞ്ചായത്തില്‍ വനിതാ സംവരണമല്ലാത്ത പ്രസിഡന്റ് സീറ്റില്‍ വനിതയെ നിശ്ചയിച്ചതില്‍ കോണ്‍ഗ്രസില്‍ പ്രതിഷേധമുയരുന്നു. പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റ് കെ രാജേശ്വരിയെയാണ് പ്രസിഡന്റായി നിശ്ചയിച്ചത്. 
കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിലാണ്  അളഗപ്പനഗർ പഞ്ചായത്തിൽ കോൺഗ്രസ്‌ അധികാരത്തിലെത്തിയത്. സ്ഥാനമാനങ്ങൾ ഗ്രൂപ്പ് അടിസ്ഥാനത്തിൽ പങ്ക് വയ്ക്കുന്ന കോൺഗ്രസിൽ ഇവിടെയും അധികാരം പങ്ക് വക്കുകയായിരുന്നു. 
അതനുസരിച്ചു ആദ്യ മൂന്നര വർഷം ഐ ഗ്രൂപ്പിലെ പ്രിൻസനും ശേഷിച്ച ഒന്നര വർഷം എ  ഗ്രൂപ്പിലെ കെ പി വിശ്വനാഥൻ വിഭാഗത്തിലെ  സനൽ മഞ്ഞളിക്കും നൽകാൻ തീരുമാനിച്ചു. കെ രാജേശ്വരിയെ വൈസ് പ്രസിഡന്റ് ആയും തീരുമാനിച്ചു.
തന്റെ കാലാവധി കഴിഞ്ഞപ്പോൾ ഐ ഗ്രൂപ്പിലെ തന്നെ എം പി വിൻസന്റ് വിഭാഗക്കാരനായ പ്രിൻസൻ രാജി വക്കുകയും ചെയ്തു.  പക്ഷെ ഡിസിസി നേതൃത്വം ശേഷിച്ച കാലം കെ രാജേശ്വരി  യെ പ്രസിഡന്റ് പദവിയിലേക്ക് നിയോഗിക്കുകയായിരുന്നു. പൊതുവെ നല്ല കോൺഗ്രസ്‌ പ്രവർത്തകൻ എന്നറിയപ്പെടുന്ന സനൽ മഞ്ഞളിയെ ഇത് വഴി നേതൃത്വം ചതിക്കുകയായിരുന്നു എന്ന വികാരമാണ് കോൺഗ്രസ്‌ പ്രവർത്തകർക്കിടയിൽ ഇപ്പോൾ ഉള്ളത്. 
എന്നാൽ സനൽ കെ പി വിഭാഗത്തിൽ നിന്ന് ഐ ഗ്രൂപ്പിലെ ജോസ് വളളൂർ വിഭാഗത്തിലേക്ക് മാറി ചവിട്ടിയതാണ് പ്രസിഡന്റ് സ്ഥാനം നഷ്ടപ്പെടാൻ ഇടയാക്കിയതെന്നാണ് സൂചനകൾ. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് അടുത്ത വർഷം നടക്കാനിരിക്കെ പ്രവർത്തകരുടെ ആത്മവീര്യം കെടുത്തുന്ന നടപടിയാണ്‌ നേതൃത്വത്തിന്റേത് എന്നാണ് വിവിധ ഗ്രൂപ്പുകളിലും പടലകളിലുംപെട്ട കോൺഗ്രസ്‌ പ്രവർത്തകരുടെ അഭിപ്രായം.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top