കോട്ടയം > സ്‌മാർട്ട്‌ഫോണിൽ നോക്കി കുമ്പിട്ടല്ല ഇരുപ്പ്, അടുത്തിരുന്നാലും പരസ്‌പരം മിണ്ടാതെ ഫോണിൽ സ്‌ക്രോൾ ചെയ്യുകയല്ല ഇവർ. തലയുയർത്തി, ചിരിച്ചുല്ലസിച്ച്, സംസാരിച്ച് ഇവർ ഇങ്ങനെ ഇരിക്കാൻ തുടങ്ങിയിട്ട് എത്ര കാലമായെന്നൊ...
അയ്‌മനം വല്യാട് ഗ്രാമത്തിലെ പുത്തൂക്കരി പാടത്തെ ‘പോസ്‌റ്റ് ബഞ്ചി’ലെ വയോജന കൂട്ടായ്‌മയ്‌ക്ക് പഴക്കം പത്തുവർഷത്തിനുമേൽ.
പഴകുംതോറും ആഴം കൂടുന്നതാണ് ഇവരുടെ സൗഹൃദം. കാലങ്ങളും ദേശങ്ങളും ഇവരുടെ ഓർമകളിൽ ഓടിയെത്തും. വിശാലമായ പാടത്തിന് നടുവിലൂടെയുള്ള വഴിവക്കിൽ വീണുകിടക്കുന്ന പോസ്‌റ്റിൽ ഇവർ ഇരിക്കാത്ത ദിവസങ്ങളില്ല. ജീവിത സായാഹ്നത്തിൽ ഒറ്റപ്പെടൽ നേരിടുന്നവർക്ക് പ്രചോദനമാണ് ഈ വയോജനക്കൂട്ടം. എന്നും വൈകിട്ട് നാലോടെ ഓരോരുത്തരും വീട്ടിൽനിന്ന് ഇറങ്ങും. കൂട്ടുകാരുടെ വീടിനു മുന്നിലൂടെ തന്നെയാകും നടത്തം. എല്ലാരും ഒരേസമയത്ത് പോസ്‌റ്റ് ബഞ്ചിൽ ഒത്തുചേരും. പിന്നെ വാചാലമായ നിമിഷങ്ങൾ. മുന്നിൽ വിശാല നെൽപ്പാടം, ഇതേ പാടത്തുതന്നെയാണ് യുവാക്കളായിരിക്കെ കൃഷിപ്പണിചെയ്‌തത്. പഞ്ഞപ്പട്ടിണിക്കാലം മുതൽ ഏറ്റവുമൊടുവിൽ കർണാടക അംഗോളയിലുണ്ടായ മണ്ണിടിച്ചിൽ വരെ ഇവരുടെ ചർച്ചയിലുണ്ട്.
മുതിർന്ന അംഗമായ 89കാരൻ മെമ്പർ മണി എന്ന എം കെ വാസു മുതൽ ഇളപ്പക്കാരനായ കൊച്ചുമോൻ വരെയുണ്ട് ടീമിൽ. മിച്ചഭൂമി സമരത്തിൽ പങ്കെടുത്ത മണിച്ചേട്ടൻ എന്ന കമ്യൂണിസ്റ്റ് നേതാവ് ഇപ്പോൾ വീട്ടിൽ വിശ്രമത്തിലാണ്. ഇവർ ഇടയ്‌ക്ക് വീട്ടിൽ പോയി മണിച്ചേട്ടനെ കാണും. മുകുന്ദൻ വല്യടത്തറ, രവി കാട്ടടി, കൊച്ച് പുത്തൂക്കരി, രാജു, ജോസ് മഠത്തിൽപറമ്പിൽ, അച്ചൻകുഞ്ഞ്, സുഗതൻ, കുഞ്ഞച്ചൻ, എം കെ ബേബി , കൊച്ചു കരിവേലി എന്നിവരാണ് മറ്റ് അംഗങ്ങൾ. ജോസും കൊച്ചും ആയിരുന്നു ആദ്യ ഇരുപ്പുകാർ. ഇപ്പോൾ 12 പേരുണ്ട്. ഒരു ദിവസം ആരെങ്കിലും എത്തിയില്ലെങ്കിൽ വീട്ടിലെത്തി അന്വേഷിക്കും. സായാഹ്‌നങ്ങളിലെ ഈ ഒത്തുചേരലിനുശേഷം വീടുകളിലെത്തുന്ന ഇവർ മനസ്സുനിറഞ്ഞാണ് ഉറക്കം. മക്കളും കൊച്ചുമക്കളുമെല്ലാം ഇവരുടെ കൂട്ടായ്‌മയ്‌ക്ക് പിന്തുണയേകി ഒപ്പമുണ്ട്. മഴയും വെയിലും ഏൽക്കാതെ ഇവർക്ക് ഒത്തുകൂടാൻ സൗകര്യം അധികൃതർ ഒരുക്കുമെന്നാണ് പ്രതീക്ഷ.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..