രാവണീശ്വരം
ജീവകാരുണ്യപ്രവർത്തനമാണ് രാവണീശ്വരം പരുതിയകണ്ടം സ്വദേശിയായ പി പ്രകാശന്റെ ജീവിതംതന്നെ. ഇതുവരെ 31 തവണ രക്തം നൽകി നിരവധി പേരെ പുതു ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്നു.
21ാമത്തെ വയസ്സിലാണ് രക്തം ദാനം ചെയ്യാൻ തുടങ്ങിയത്. 38 –-ാംവയസ്സിലും ഇത് തുടരുന്നു. പ്രകാശന്റേത് ഒ പോസിറ്റീവ് ഗ്രൂപ്പ് രക്തമാണ്. ഈ ഗ്രൂപ്പ് ആവശ്യമുള്ളവർക്കുവേണ്ടി പരിയാരം മെഡിക്കൽ കോളേജ്, കാഞ്ഞങ്ങാട്ടെ ജില്ലാ ആശുപത്രി, കാസർകോട് ജനറൽ ആശുപത്രി, മംഗളൂരുവിലെ വിവിധ ആശുപത്രികൾ എന്നിവിടങ്ങളിൽ പോയി രക്തം നൽകി.
ഒരു രൂപ പോലും പ്രതിഫലം വാങ്ങാറില്ല. ഡിവൈഎഫ്ഐയുടെ ഐ ഡൊണേറ്റ് എന്ന രക്തദാന സംഘടന മുഖാന്തിരമാണ് പ്രകാശന്റെ രക്തദാനം.
കാഞ്ഞങ്ങാട്ടെ സ്വകാര്യ ധനകാര്യസ്ഥാപനത്തിൽ ജീവനക്കാരനാണ് പ്രകാശൻ. ഡിവൈഎഫ്ഐ രാവണീശ്വരം മേഖലാ പ്രസിഡന്റായും സിപിഐ എം മാക്കി ബ്രാഞ്ച് സെക്രട്ടറിയായും പ്രവർത്തിച്ചിരുന്നു. നിലവിൽ മാക്കി ബ്രാഞ്ച് അംഗമാണ്. രാവണീശ്വരം അഴീക്കോടൻ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് പ്രസിഡന്റാണ്. ബിജന്യയാണ് പ്രകാശന്റെ ഭാര്യ. ഇഷാൻ, ഇഹാൻ എന്നിവർ മക്കൾ. രക്തദാനരംഗത്ത് നൽകിയ സംഭാവന കണക്കിലെടുത്ത് പ്രകാശനെ ശ്രീനാരായണഗുരുജയന്തി ദിനത്തിൽ രാവണീശ്വരം ഗവ. ഹയർ സെക്കൻഡറി സ്കൂളും എൻഎസ്‌എസും സംഘടിപ്പിച്ച ചടങ്ങിൽ ആദരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..