22 November Friday

അടഞ്ഞുകിടക്കുന്ന ഫാക്ടറി 
തൊഴിലാളികൾക്ക്‌ എക്‌സ്‌ഗ്രേഷ്യ

സ്വന്തം ലേഖകൻUpdated: Sunday Aug 25, 2024
കൊല്ലം
പ്രവർത്തനമില്ലാത്ത കശുവണ്ടി ഫാക്ടറികളിലെ തൊഴിലാളികൾക്ക്‌ ഓണക്കാലത്ത്‌ 2000 രൂപ വീതം എക്‌സ്‌ഗ്രേഷ്യ അനുവദിച്ച്‌ സംസ്ഥാന സർക്കാർ. അരിവിതരണത്തിനായി തൊഴിലാളിക്ക്‌ 250 രൂപ വീതവും അനുവദിച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. 3.30 കോടി രൂപയാണ്‌ ലഭ്യമാക്കിയത്‌. ഇതോടെ ഓരോ തൊഴിലാളിക്കും ഓണക്കാലത്ത്‌ സർക്കാരിൽ നിന്ന്‌ 2250 രൂപയുടെ സഹായം ഉറപ്പായി. ഒരുവർഷത്തിൽ ഏറെയായി പ്രവർത്തനമില്ലാത്ത തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ തുടങ്ങിയ ജില്ലകളിലെ 398 ഫാക്ടറികളിലെ 14,647 തൊഴിലാളികൾക്കാണ്‌ സർക്കാർ സഹായം ലഭിക്കുന്നത്‌. 2250 രൂപ തൊഴിലാളികൾക്ക്‌ ഓണത്തിന്‌ മുമ്പ്‌ വിതരണംചെയ്യും. സർക്കാർ തീരുമാനം ആയിരക്കണക്കിന്‌ തൊഴിലാളികൾക്ക്‌ ഓണക്കാലത്ത്‌ ആശ്വാസമാവും. എൽഡിഎഫ്‌ സർക്കാർ അധികാരത്തിൽ വന്നശേഷം ഓണക്കാലത്ത്‌ അടഞ്ഞുകിടക്കുന്ന ഫാക്‌ടറികളിലെ തൊഴിലാളികളെ എല്ലാക്കൊല്ലവും സഹായിക്കാറുണ്ട്‌.  ഇതിന്റെ കൂടുതൽ പ്രയോജനം ലഭിക്കുന്നത്‌ കൊല്ലത്തെ കശുവണ്ടിത്തൊഴിലാളികൾക്കാണ്‌. കശുവണ്ടി മേഖലയിലെ ഓണക്കാല ബോണസ്‌ സംബന്ധിച്ച്‌ ചർച്ചകൾ ആരംഭിച്ചു. തൊഴിലാളി യൂണിയൻ നേതാക്കളും ഫാക്‌ടറി ഉടമകളുടെ പ്രതിനിധികളും ഉദ്യോഗസ്ഥരും തമ്മിൽ ആദ്യറൗണ്ട്‌ ചർച്ചനടന്നു. ഇനി തൊഴിൽ, വ്യവസായ മന്ത്രിമാരുടെ സാന്നിധ്യത്തിൽ ചർച്ച നടക്കും. സംസ്ഥാന കശുവണ്ടി വികസന കോർപറേഷന്‌ മുപ്പതു ഫാക്‌ടറികളും കാപ്പക്‌സിന്‌ പത്തു ഫാക്‌ടറികളുമുണ്ട്‌. പുറമെ സ്വകാര്യഫാക്‌ടറികളുമുണ്ട്‌. ഈ ഫാക്‌ടറികളിലെ തൊഴിലാളികൾക്കാണ്‌ സർക്കാർ നിശ്‌ചയിക്കുന്ന ബോണസ്‌ ലഭിക്കുക. ജില്ലയിൽ ഓണക്കാലത്ത്‌ കട കമ്പോളങ്ങൾ സജീവമാകുന്നതും കശുവണ്ടി മേഖലയിലെ ബോണസ്‌ വിതരണത്തോടെയാണ്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top