കൊല്ലം
വയനാടിന് കൈത്താങ്ങായി ജില്ലയിലെ ചിത്രകാരന്മാർ ഒത്തുചേർന്ന് വരച്ചു. നീരാവിൽ പ്രകാശ് കലാകേന്ദ്രത്തിന്റെ നേതൃത്വത്തിലാണ് വയനാടിനായി വരയ്‌ക്കാം എന്ന പരിപാടി സംഘടിപ്പിച്ചത്. പബ്ലിക് ലൈബ്രറി ഹാളിൽ നടന്ന പരിപാടി എം മുകേഷ് എംഎൽഎ ഉദ്ഘാടനംചെയ്തു. കലാകേന്ദ്രം 66 –--ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ജയപാലപ്പണിക്കർ സ്മാരക ബാലചിത്രരചനാ മത്സരം ലളിതകലാ അക്കാദമി സെക്രട്ടറി ബാലമുരളികൃഷ്ണയും ഉദ്ഘാടനംചെയ്തു. ദുരന്തമുഖത്തെ രക്ഷാദൗത്യം, മഴപെയ്യുന്ന തെരുവ് എന്നിവയായിരുന്നു മത്സരവിഷയം.
വയനാടിനായി വരയ്‌ക്കുന്ന പെയിന്റിങ്ങുകൾ വിറ്റുകിട്ടുന്ന തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നൽകും. വയനാട് സ്വദേശി അമൽജിത്ത്, കോഴിക്കോട് സ്വദേശി രജനീഷ് കാവിൽ, കണ്ണൂർ സ്വദേശി അതുൽ, ലളിതകലാ അക്കാദമി പുരസ്കാര ജേതാക്കളായ സ്മിത എം ബാബു, ഒ ജെ ദിലീപ്, ആർ ബി ഷജിത്, ചിത്രകലാ അധ്യാപിക ആർ രശ്മി, മകൾ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജ് വിദ്യാർഥി ശിവഗംഗ, വിഷ്ണു ചന്ദ്രൻ, ഷിയാസ് ഖാൻ, അഭിലാഷ് ചിത്രമൂല, അഞ്ചന ഷീമോൻ, സംഗീത് തുളസി, ബിനു കൊട്ടാരക്കര, ആർ സന്തോഷ്, ഫാ. സുജിത് ജോൺ ചേലക്കാട്ട്, അനിൽ അഷ്ടമുടി, അജീഷ് രാജ് തുടങ്ങിയവർ ചിത്രങ്ങൾ വരച്ചു.
ഡി സുരേന്ദ്രൻ സ്മാരക ക്വിസ് മത്സരവും സംഘടിപ്പിച്ചു. ജൂനിയർ, സീനിയർ, കിഡ്സ് വിഭാഗങ്ങളിലായി നടന്ന ചിത്രരചനാ മത്സരത്തിൽ ജില്ലയിലെ വിവിധ സ്കൂളുകളിൽനിന്ന് ഇരുന്നൂറോളം കുട്ടികൾ പങ്കെടുത്തു.
ലൈബ്രറി കൗൺസിൽ ജില്ലാ പ്രസിഡന്റ് കെ ബി മുരളീകൃഷ്ണൻ, സെക്രട്ടറി ഡി സുകേശൻ, താലൂക്ക് സെക്രട്ടറി ഷൺമുഖദാസ്, എൻ എസ് ആശുപത്രി സെക്രട്ടറി പി ഷിബു തുടങ്ങിയവർ വിവിധ പങ്കെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..