കൊല്ലം
ഏതുകേസിലും ഭരണഘടന അടിസ്ഥാനമാക്കി മാത്രമേ അന്തിമ തീരുമാനമെടുക്കാവൂ എന്ന് ഹൈക്കോടതി ജഡ്‌ജി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു. കൊല്ലം ബാർ അസോസിയേഷൻ നൽകിയ സ്വീകരണയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭരണഘടനാപരമായ മനഃസാക്ഷി എല്ലാ ഇന്ത്യക്കാർക്കും ഒരുപോലെ ആയിരിക്കും. എന്നാൽ, സ്വന്തം മനഃസാക്ഷി ഓരോ വ്യക്തിയെ സംബന്ധിച്ചും മാറിക്കൊണ്ടിരിക്കും. നമ്മുടെ മുന്നിലെത്തുന്നവരോട് വൈകാരികമായ അടുപ്പമുണ്ടാകുന്നത് നല്ലതല്ല. ഈ മേഖലയിൽ സ്ത്രീകൾ വളരെയധികം മുന്നോട്ടുവരുന്നത് സ്വാഗതാർഹമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബാർ അസോസിയേഷൻ പ്രസിഡന്റ് ഓച്ചിറ എൻ അനിൽകുമാർ അധ്യക്ഷനായി. സെക്രട്ടറി എ കെ മനോജ് സ്വാഗതം പറഞ്ഞു. പ്രിൻസിപ്പൽ ജില്ലാ ജഡ്‌ജ് ജി ഗോപകുമാർ, ഫസ്റ്റ് അഡീഷണൽ ഡിസ്‌ട്രിക് ജഡ്‌ജ് പി എൻ വിനോദ്, ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേട്ട് കെ വി നൈന എന്നിവർ സംസാരിച്ചു. ബാർ അസോസിയേഷൻ ഭരണസമിതി അംഗം രേണു ജെ പിള്ള നന്ദി പറഞ്ഞു.
ജുഡീഷ്യൽ സംവിധാനത്തിന്റെ കൊല്ലം ജില്ലയുടെ ചുമതലയുള്ള ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ശനിയാഴ്ച രാവിലെ കലക്ടറേറ്റിലെ പോർട്ടിക്കോയിൽ ഗാർഡ് ഒഫ് ഹോണർ സ്വീകരിച്ചു. ജില്ലയിലെ ബാർ അസോസിയേഷൻ ഭാരവാഹികളുമായി കൂടിക്കാഴ്ച നടത്തിയശേഷം ജില്ലയിലെ പൊലീസ് ഓഫീസർമാരുടെ യോഗത്തിലും ജുഡീഷ്യൽ ഓഫീസർമാരുടെ യോഗത്തിലും സംസാരിച്ചു. കോടതി സമുച്ചയം നിർമിക്കുന്ന സ്ഥലവും അദ്ദേഹം സന്ദർശിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..