പേരാവൂർ
"മാലിന്യമുക്തം നവകേരളം’ ക്യാമ്പയിന്റെ ഭാഗമായി ജില്ലയെ സമ്പൂർണ ശുചിത്വമാക്കാൻ ജനകീയ ക്യാമ്പയിനുമായി ഹരിതകേരളം മിഷൻ. മാലിന്യ സംസ്കരണ രംഗത്ത് തൊഴിലാളി, രാഷ്ട്രീയ, സർവീസ്, യുവജന, വ്യാപാര വ്യവസായ, സന്നദ്ധ സംഘടനകൾ, കുട്ടികളുടെ സംഘടനകൾ, വിവിധ വകുപ്പുകൾ, ഏജൻസികൾ എന്നിവയെ തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ ഏകോപിപ്പിച്ചാണ് ക്യാമ്പയിൻ.
ഗാന്ധിജയന്തി ദിനത്തിൽ ആരംഭിച്ച് 2025 മാർച്ച് 30ന് അന്താരാഷ്ട്ര സീറോ വേസ്റ്റ് ദിനത്തിൽ അവസാനിക്കുന്ന തരത്തിലാണ് പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നത്. മാലിന്യത്തിന്റെ അളവ് കുറയ്ക്കൽ, ജൈവമാലിന്യങ്ങളും ദ്രവമാലിന്യങ്ങളും ഉറവിടത്തിൽ സംസ്കരിക്കൽ, അജൈവ പാഴ്‌വസ്തുക്കൾ ഹരിതകർമ സേന വഴി കൈമാറ്റം എന്നിവ ജനപങ്കാളിത്തത്തോടെ നടപ്പാക്കാനാണ് ലക്ഷ്യം. ഹരിതകേരളം മിഷനാണ് ഏകോപനചുമതല. മാലിന്യസംസ്കരണ രീതിയിലെ പോരായ്മകൾ കണ്ടെത്തി പരിഹരിക്കുക. ബൾക്ക് വേസ്റ്റ് ജനറേറ്റേഴ്സ്, ടൂറിസം കേന്ദ്രങ്ങൾ, ഓഫീസുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങി എല്ലാ മേഖലയിലെയും മാലിന്യസംസ്കരണത്തിന് ഒരുക്കിയിട്ടുള്ള സംവിധാനങ്ങളുടെ പോരായ്‌മകൾ ക്യാമ്പയിൻ ആരംഭിക്കുന്നതിനു മുമ്പായി കണ്ടെത്തും. ഇതിനായി വിദ്യാർഥികളുടെയും യുവജനങ്ങളുടെയും സേവനം പ്രയോജനപ്പെടുത്തും. തദ്ദേശസ്ഥാപനങ്ങളിലെ പ്രധാന ടൗണുകളും കവലകളും ശുചിത്വവും ഭംഗിയുമുള്ളതാക്കുക, പൊതുസ്ഥാപനങ്ങൾ, മാർക്കറ്റുകൾ എന്നിവിടങ്ങളിൽ ശുചിത്വവും സൗന്ദര്യവൽക്കരണവും നടത്തുക, നീർച്ചാലുകൾ ശുചീകരിച്ച് വീണ്ടെടുക്കുക തുടങ്ങിയ പ്രവർത്തനങ്ങളാണ് ജനകീയ ക്യാമ്പയിന്റെ ഭാഗമായി ഏറ്റെടുക്കുക. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ ചെയർമാനായും കലക്ടർ അരുൺ കെ വിജയൻ കൺവീനറായും നിർവഹണസമിതി പ്രവർത്തിക്കും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..