ആറന്മുള
പാർത്ഥസാരഥി ക്ഷേത്രത്തിലെ പ്രസിദ്ധമായ അഷ്ടമിരോഹിണി വള്ളസദ്യ തിങ്കളാഴ്‌ച നടക്കും. വള്ളസദ്യ കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി ഉദ്ഘാടനം ചെയ്യും. ആരോഗ്യ മന്ത്രി വീണാ ജോർജ് പങ്കെടുക്കും.
വള്ളസദ്യയുടെ ഒരുക്കങ്ങൾ എല്ലാം പൂർത്തിയായതായി പള്ളിയോട സേവാസംഘം ഭാരവാഹികൾ അറിയിച്ചു. ഒരു ലക്ഷം പേരുടെ സദ്യയാണ് ഒരുക്കിയിട്ടുള്ളത്. പ്രത്യേക ക്ഷണിതാക്കൾക്ക് ഊട്ടുപുരയിൽ ഇരിപ്പിടം സജ്ജമാക്കിയിട്ടുണ്ട്. പാഞ്ചജന്യം, കൃഷ്ണവേണി ഓഡിറ്റോറിയങ്ങളും സദ്യയ്ക്കായി ഒരുക്കി.
സദ്യക്കാവശ്യമായ 500 പറ അരി ചെന്നിത്തല പള്ളിയോട കരയിൽ നിന്നും വഴിപാടായി സമർപ്പിച്ചു. 52 കരകളിൽ നിന്നും ഭക്തർ നൽകിയ വിഭവങ്ങൾക്ക് പുറമേ ഹോർട്ടികോർപ്പ്, നാരങ്ങാനം പഞ്ചായത്ത് എന്നിവിടങ്ങളിൽ നിന്നും വള്ളസദ്യക്കാവശ്യമായ വിഷരഹിത പച്ചക്കറി വിലയ്ക്ക് വാങ്ങിയാണ് സദ്യ തയ്യാറാക്കുന്നത്.
1500 ലിറ്റർ തൈര് ചേനപ്പാടിയിൽ നിന്നും ഞായർ രാവിലെ 10ന് ക്ഷേത്രത്തിലെത്തും. 600 പേരടങ്ങുന്ന സംഘം ഞായർ രാവിലെ എട്ടിന് ചേനപ്പാടിയിൽ നിന്നും തിരിച്ച് ആറന്മുളയിൽ എത്തും. പള്ളിയോട സേവാ സംഘവും ദേവസ്വം ബോർഡും ചേർന്ന് വഞ്ചിപ്പാട്ടിന്റെ അകമ്പടിയോടെയാണ് ഇവരെ സ്വീകരിക്കുക. ചേനപ്പാടിയിലെ ഭക്തർ വഴിപാടായി സമർപ്പിക്കുന്നതാണ് തൈര്. വാഴൂർ തീർത്ഥപാദ ആശ്രമത്തിലെ ഗോശാലയിലെ പാലിൽനിന്ന് ഉണ്ടാക്കിയ തൈരാണിത്.
മതിൽക്കെട്ടിനുള്ളിൽ 52 പള്ളിയോട കരക്കാർക്കും പ്രത്യേക ഇരിപ്പിടങ്ങൾ ഒരുക്കിയിട്ടുണ്ട്. എത്തുന്ന എല്ലാവർക്കും സദ്യ നൽകും. അമ്പലപ്പുഴയിൽ നിന്നെത്തുന്ന പാചക വിദഗ്ധർ അമ്പലപ്പുഴ പാൽപ്പായസം തയ്യാറാക്കും.
ശനിയാഴ്‌ച ക്ഷേത്രം മേൽശാന്തി ശ്രീകോവിലിൽ നിന്നും പകർന്ന ദീപത്തിൽനിന്ന് പള്ളിയോട സേവാ സംഘം പ്രസിഡന്റ് കെ വി സാംബദേവൻ ദീപം കൊളുത്തി. മുതിർന്ന പാചകക്കാരൻ വിനോദ് കുമാർ സോപാനം ഊട്ടുപുരയിലെ അടുപ്പിൽ അഗ്നി പകർന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..