15 November Friday

എലിപ്പനി വേണം ജാഗ്രത

വെബ് ഡെസ്‌ക്‌Updated: Wednesday Sep 25, 2024
കാസർകോട് 
ജില്ലയിൽ ചില പ്രദേശങ്ങളിൽ എലിപ്പനി റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്‌.  ലെപ്റ്റോസ്പൈറ ബാക്ടീരിയ മൂലമുണ്ടാകുന്ന രക്ത അണുബാധയാണ് എലിപ്പനി.  ഇത് മനുഷ്യരെയും നായ്ക്കളെയും എലികളെയും മറ്റ് വന്യമൃഗങ്ങളെയും വളർത്തുമൃഗങ്ങളെയും ബാധിക്കും.
 
ലക്ഷണങ്ങൾ
പനി, തലവേദന, കാലുകളിലെ പേശികളിൽ വേദന, കണ്ണിന് മഞ്ഞ ചുവപ്പ് നിറം, മൂത്രത്തിന്റെ അളവ് കുറഞ്ഞ്‌ കടുത്ത നിറം എന്നിവയാണ് എലിപ്പനിയുടെ പ്രധാന ലക്ഷണങ്ങൾ. പനിയോടൊപ്പം മഞ്ഞപ്പിത്തത്തിന്റെ ലക്ഷണംകൂടി കണ്ടാൽ എലിപ്പനി സംശയിക്കാം. രോഗം ഗുരുതരമായാൽ മരണം സംഭവിക്കാം.
 
പ്രതിരോധ മാർഗങ്ങൾ
കെട്ടിക്കിടക്കുന്ന വെള്ളത്തിൽ ഇറങ്ങുകയോ  കുളിക്കുകയോ കൈകാലുകളും മുഖവും കഴുകുകയോ ചെയ്യാതിരിക്കുക. 
എലി, അണ്ണാൻ, പൂച്ച, പട്ടി, മുയൽ, കന്നുകാലികൾ തുടങ്ങിയവയുടെ വിസർജ്യങ്ങൾ കലർന്ന ജലവുമായി സമ്പർക്കം ഉണ്ടാകുന്നതും രോഗാണു കലർന്ന ആഹാരവും വെള്ളവും ഉപയോഗിക്കുന്നതും എലിപ്പനിക്ക് കാരണമാകും.
കെട്ടിക്കിടക്കുന്ന വെള്ളത്തിലും ഓടകളിലും ഇറങ്ങി ജോലി ചെയ്യുന്നവർ, മൃഗ പരിപാലകർ, കെട്ടിട നിർമാണ തൊഴിലാളികൾ, ദേശീയപാത നിർമാണവുമായി ബന്ധപ്പെട്ട് തൊഴിൽ ചെയ്യുന്നവർ, തൊഴിലുറപ്പ് തൊഴിലാളികൾ, ശുചീകരണ തൊഴിലാളികൾ തുടങ്ങി രോഗബാധയേൽക്കാൻ സാധ്യതയുള്ളവർ നിർബന്ധമായും ഡോക്ടറുടെ നിർദ്ദേശ പ്രകാരം പ്രതിരോധ മരുന്നായ ഡോക്‌സിസൈക്ലിൻ കഴിക്കണം
ഇത്‌ എല്ലാ സർക്കാർ ആരോഗ്യകേന്ദ്രങ്ങളിലും സൗജന്യമാണ്‌. 
രോഗ സാധ്യത കൂടിയ ഇടങ്ങളിൽ ജോലി ചെയ്യുന്നവർ കൈയുറയും കാലുറയും ധരിക്കണം.
ഭക്ഷണാവശിഷ്ടങ്ങൾ വലിച്ചെറിയാതെ സംസ്‌കരിക്കുക. 
പഴങ്ങളും പച്ചക്കറികളും ശുദ്ധജലത്തിൽ നന്നായി കഴുകി ഉപയോഗിക്കുക.  
തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക.  
രോഗസാധ്യത കൂടിയ ഇടങ്ങളിൽ ജോലി ചെയ്തിട്ടുള്ളവർ പനി അനുഭവപ്പെട്ടാൽ ഉടൻ ചികിത്സതേടണം.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top