കണ്ണൂർ
ഹരിതകേരളം മിഷന്റെ ഭാഗമായി സംസ്ഥാനത്ത് ജനകീയ പങ്കാളിത്തത്തോടെ ശുദ്ധീകരിക്കുന്ന ആദ്യ പുഴയായ കണ്ണൂരിലെ കാനാമ്പുഴ പുനരുജ്ജീവന പദ്ധതിയുടെ ആദ്യഘട്ടം പൂർത്തീകരിച്ചു. കണ്ണൂർ മണ്ഡലം വികസന പ്രവൃത്തി അവലോകനയോഗത്തിലാണ് ജലസേചന വകുപ്പ് ഇക്കാര്യം അറിയിച്ചത്. യോഗത്തിൽ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി അധ്യക്ഷനായി. കാനാമ്പുഴ പദ്ധതിയുടെ ഭാഗമായി താഴെ ചൊവ്വ ചീപ്പ് പാലം മുതൽ തിലാന്നൂർ ശിശുമന്ദിരം റോഡ് വരെയുള്ള ഭാഗം പൂർത്തീകരിച്ചു. 4.40 കോടി രൂപയുടെ പ്രവൃത്തിയിൽ, പുഴയിലെ ചെളിയും മാലിന്യങ്ങളും നീക്കം ചെയ്‌തു. കരിങ്കല്ല് കൊണ്ട് പാർശ്വഭിത്തിയും നിർമിച്ചു. പുഴയുടെ ഇരുവശങ്ങളിലും നടപ്പാത, ബണ്ട് എന്നിവ നിർമിച്ചു. ബണ്ടിൽ കയർ ഭൂവസ്ത്രം വിരിച്ചു, തെരുവ് വിളക്കുകളും സ്ഥാപിച്ചു. പ്രവൃത്തി നടപ്പാക്കിയതോടെ എളയാവൂർ, പെരിങ്ങളായി പാടശേഖരങ്ങളിലേക്കുള്ള ജലസേചന സൗകര്യം വർധിച്ചു. കാർഷിക മേഖലയിലും നേട്ടമുണ്ടായി. നടപ്പാത നിർമിച്ച് സൗരോർജ വിളക്കുകളും സ്ഥാപിച്ചു. ആസ്തി വികസന ഫണ്ടിൽ പുളിക്കോം പാലം മുതൽ ബണ്ട് പാലം വരെയുള്ള രണ്ട് കോടി രൂപയുടെ പ്രവൃത്തികളും പൂർത്തീകരിച്ചു. 1.80 കോടി രൂപയുടെ മണ്ണ് സംരക്ഷണ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. രണ്ടാംഘട്ടം റെയിൽവേ ലൈൻ മുതൽ കടലായിവരെയുള്ള ഭാഗത്തെ പ്രവൃത്തിക്കായി എസ്റ്റിമേറ്റ് തയ്യാറാക്കി ഭരണാനുമതിക്കായ് സമർപ്പിക്കും. നാല് കോടി സർക്കാർ രണ്ട് ബജറ്റിലായി അനുവദിച്ചിട്ടുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..