24 November Sunday
ആമയിഴഞ്ചാൻ തോട്ടിൽ മാലിന്യം തള്ളുന്നത്‌ തടഞ്ഞു

കോർപറേഷൻ ജീവനക്കാരന്‌ ക്രൂരമർദനം

സ്വന്തം ലേഖകൻUpdated: Wednesday Sep 25, 2024

മേയർ ആര്യ രാജേന്ദ്രൻ ദീപുവിനെ ആശുപത്രിയിൽ സന്ദർശിക്കുന്നു

തിരുവനന്തപുരം
ആമയിഴഞ്ചാൻ തോട്ടിൽ മാലിന്യം തള്ളുന്നത്‌ തടഞ്ഞ കോർപറേഷൻ ജീവനക്കാരനെ മർദിച്ചു പരിക്കേൽപ്പിച്ചു. ആരോഗ്യവിഭാഗം ജീവനക്കാരനായ ദീപു(27)വിനാണ്‌ പരിക്കേറ്റത്‌. മൂക്കിന്‌ സാരമായി പരിക്കേറ്റ ദീപു ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്‌. ചൊവ്വ രാത്രി പത്തോടെയാണ്‌ സംഭവം. ബേക്കറി ജങ്‌ഷൻ ആർമി ക്വാർട്ടേഴ്‌സ്‌ റോഡിൽ ആമയിഴഞ്ചാൻ തോട്ടിലേക്ക്‌ ഓട്ടോയിൽകൊണ്ടുവന്ന്‌ മാലിന്യം തള്ളിയവരാണ്‌ മർദിച്ചത്‌. മാലിന്യം തള്ളുന്നവരെ കണ്ടെത്താൻ കോർപറേഷൻ നിയോഗിച്ച രാത്രികാല സ്‌ക്വാഡ്‌ അംഗമാണ്‌ ദീപു.
പ്രതികൾ എത്തിയ കെഎൽ 01 വൈ 6096 നമ്പർ ഓട്ടോ കന്റോൺമെന്റ്‌ പൊലീസ്‌ കസ്റ്റഡിയിൽ എടുത്തു. രാജാജി നഗർ സ്വദേശിയുടെ പേരിലുള്ളതാണ്‌ വാഹനം. മേയർ ആര്യ രാജേന്ദ്രൻ ദീപുവിനെ ആശുപത്രിയിൽ സന്ദർശിച്ചു. ഒരു മനുഷ്യജീവൻ പൊലിഞ്ഞിട്ടും വീണ്ടും അതേ തോട്ടിൽ മാലിന്യം വലിച്ചെറിയുകയും അത് തടയാൻ ശ്രമിച്ച ജീവനക്കാരനെ മാരകമായി ആക്രമിക്കുകയും ചെയ്യുന്നത് ജനങ്ങളോടും നിയമവ്യവസ്ഥയോടും നടത്തുന്ന വെല്ലുവിളിയാണെന്ന്‌ മേയർ പറഞ്ഞു. ഇത്തരക്കാർക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കുമെന്ന്‌ മേയർ പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top