23 November Saturday

മാധ്യമങ്ങളുടെ സിപിഐ എം വിരോധം 
കേരളത്തോടുള്ള പകയായി മാറി: എം സ്വരാജ്‌

സ്വന്തം ലേഖകൻUpdated: Wednesday Sep 25, 2024

സിപിഐ എം പാളയത്ത് സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മ സംസ്ഥാന സെക്രട്ടറിയറ്റ് അംഗം എം സ്വരാജ് ഉദ്‌ഘാടനം ചെയ്യുന്നു

തിരുവനന്തപുരം
സിപിഐ എമ്മിനോടും എൽഡിഎഫിനോടുമുള്ള ഒരു വിഭാഗം മാധ്യമങ്ങളുടെ വിരോധം കേരളത്തോടും മലയാളിയോടുമുള്ള പകയായി മാറിയെന്ന്‌ സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം എം സ്വരാജ്‌. 
വയനാട്ടിലെ പുനരുജ്ജീവനത്തിന്‌ ഇടംകോലിടാനും കേന്ദ്ര സഹായം മുടക്കാനും ലക്ഷ്യമിട്ടുള്ള മാധ്യമ നുണപ്രചാരണത്തിനെതിരെ സിപിഐ എം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ബഹുജന കൂട്ടായ്‌മ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 
കേരളത്തിന്‌ എന്തെങ്കിലും നേട്ടമോ വിജയമോ ഉണ്ടായാൽ അതിൽ മനോവിഷമവും ചെറിയ ക്ഷീണമുണ്ടായാൽ മതിമറന്ന്‌ ആഘോഷിക്കുകയും ചെയ്യുന്ന നിലയിലേക്ക്‌ ചില മാധ്യമങ്ങൾ മാറി. കേരളം ഏതു വിധേനയും തുലഞ്ഞുപോകണമെന്നാണ്‌ അവർ ആലോചിക്കുന്നത്‌. 
ഉരുൾപൊട്ടലിനെ തുടർന്നുള്ള നഷ്ടപരിഹാരത്തിനായി സംസ്ഥാന സർക്കാർ നൽകിയ നിവേദനത്തിന്റെ പേരിൽ പച്ചക്കള്ളമാണ്‌ പ്രചരിപ്പിച്ചത്‌. ഇത്‌ മലയാള മാധ്യമ ചരിത്രത്തിലെ മാപ്പർഹിക്കാത്ത ക്രൂരതയായി വിലയിരുത്തപ്പെടും. ഇത്തരം പച്ചക്കള്ളം പറഞ്ഞ മാധ്യമപ്രവർത്തകന്റെ പേരിൽ എന്തെങ്കിലും നടപടിയെടുത്തതായി കേട്ടില്ല. മാധ്യമപ്രവർത്തകന്‌ പറ്റിയ പിശകോ കൈയബദ്ധമോ അല്ല, മറിച്ച്‌ കേരളവിരുദ്ധ പദ്ധതിയുടെ ഭാഗമായ ഗൂഢാലോചനയായിരുന്നു പച്ചക്കള്ളം പ്രചരിപ്പിച്ചതിന്‌ പിന്നിലെന്നും അദ്ദേഹം പറഞ്ഞു. പാളയം രക്തസാക്ഷി മണ്ഡപത്തിനുസമീപം സംഘടിപ്പിച്ച കൂട്ടായ്‌മയിൽ സംസ്ഥാന കമ്മിറ്റിയംഗം എം വിജയകുമാർ അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറിയറ്റംഗം ആനാവൂർ നാഗപ്പൻ, ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ കെ സി വിക്രമൻ, ഡി കെ മുരളി എംഎൽഎ, പുത്തൻകട വിജയൻ, സി അജയകുമാർ എന്നിവർ സംസാരിച്ചു.
 
നുണപ്രചാരണം തുറന്നുകാട്ടി ബഹുജനകൂട്ടായ്‌മ
തിരുവനന്തപുരം
വയനാട്ടിലെ പുനരധിവാസം തടയാനും കേന്ദ്രസഹായം മുടക്കാനുമുള്ള മാധ്യമ ഗൂഢാലോചനയ്‌ക്കെതിരെ കേരളത്തിന്റെ ഉശിരൻ പ്രതിഷേധം. ഉരുൾപൊട്ടലിൽ തകർന്നടിഞ്ഞ മുണ്ടക്കൈ, ചൂരൽമല, പുഞ്ചരിമട്ടം പ്രദേശങ്ങളുടെ പുനരുജ്ജീവനത്തിനായി സംസ്ഥാന സർക്കാരും ജനങ്ങളും ഒറ്റക്കെട്ടായി മുന്നേറുമ്പോൾ, തുരങ്കംവയ്‌ക്കാനായി ഒരു വിഭാഗം മാധ്യമങ്ങൾ നടത്തുന്ന നുണപ്രചാരണം തുറന്നുകാട്ടി സംസ്ഥാനത്തുടനീളം സംഘടിപ്പിച്ച ബഹുജന കൂട്ടായ്‌മയിൽ പതിനായിരങ്ങൾ അണിചേർന്നു. 
സിപിഐ എം സംഘടിപ്പിച്ച കൂട്ടായ്‌മയിൽ ഭാഗമാകാൻ കക്ഷി രാഷ്ട്രീയഭേദമില്ലാതെ ജനങ്ങളെത്തി. ഉരുൾപൊട്ടലിനെ തുടർന്നുള്ള നഷ്ടപരിഹാരത്തിനായി സംസ്ഥാന സർക്കാർ കേന്ദ്രത്തിന്‌ നൽകിയ മെമ്മോറാണ്ടത്തിന്റെ പേരിലാണ്‌ ഒരുവിഭാഗം മാധ്യമങ്ങൾ പച്ചനുണ പ്രചരിപ്പിച്ചത്‌. കേന്ദ്ര സംഘത്തിന്റെ സഹായത്തോടെ മാനദണ്ഡപ്രകാരം തയ്യാറാക്കിയ നിവേദനത്തിലെ എസ്‌റ്റിമേറ്റിനെ സർക്കാരിന്റെ കൊള്ള എന്നും കള്ളക്കണക്ക്‌ എന്നുമാണ്‌ ഈ മാധ്യമങ്ങൾ പ്രചരിപ്പിച്ചത്‌.
ദുരിതബാധിതരെയും സഹായങ്ങൾ നൽകിയവരെയും തെറ്റിദ്ധരിപ്പിക്കാനായിരുന്നു നുണപ്രചാരണം. യാഥാർഥ്യം ബോധ്യപ്പെട്ട ചില മാധ്യമങ്ങൾ തിരുത്താൻ തയ്യാറായെങ്കിലും ഒരു വിഭാഗം ഇപ്പോഴും സംസ്ഥാന സർക്കാരിനെതിരെ നുണപ്രചാരണം തുടരുകയാണ്‌. അതേറ്റുപിടിച്ച്‌ പ്രതിപക്ഷവും ബിജെപിയും കുപ്രചാരണം നടത്തുന്നു. ഈ സാഹചര്യത്തിലാണ്‌ വയനാട്‌ ജില്ലയിലെ ഏരിയ കേന്ദ്രങ്ങളിലും മറ്റു ജില്ലകളിൽ ജില്ലാ കേന്ദ്രങ്ങളിലും കൂട്ടായ്‌മകൾ സംഘടിപ്പിച്ചത്‌. പാളയം രക്തസാക്ഷി മണ്ഡപത്തിനു സമീപം നടത്തിയ കൂട്ടായ്‌മ സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം എം സ്വരാജ്‌ ഉദ്‌ഘാടനം ചെയ്‌തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top