പാലക്കാട്
നാലുദിനം നീണ്ടുനിന്ന കൗമാരപ്പോരാട്ടത്തിന് ഫൈനൽ വിസിൽ മുഴങ്ങിയപ്പോൾ പൊൻതലപ്പാവ് പറളി ഉപജില്ലയ്‌ക്ക്. ജില്ലാ കായികമേളയിൽ ആദ്യദിനം സ്വന്തമാക്കിയ ലീഡിന് പിന്നീടുള്ള ദിവസങ്ങളിലും വെല്ലുവിളിയുണ്ടായില്ല. 34 സ്വർണവും 21 വെള്ളിയും 24 വെങ്കലവും നേടിയാണ് തേരോട്ടം. ആകെ 288 പോയിന്റ്.
പാലക്കാടിന്റെ പടക്കുതിരകൾ ആഞ്ഞുശ്രമിച്ചിട്ടും രണ്ടാംസ്ഥാനത്തുനിന്ന് കൊല്ലങ്കോട് ഉപജില്ലയെ താഴെയിറക്കാനായില്ല. 18 സ്വർണവും 15 വെള്ളിയും 11 വെങ്കലവുമായി 149 പോയിന്റ് നേടിയാണ് കൊല്ലങ്കോട് അവസാനിപ്പിച്ചത്. 14 സ്വർണവും 12 വെള്ളിയും 10 വെങ്കലവുമായി 144 പോയിന്റോടെ പാലക്കാടിന് മൂന്നാംസ്ഥാനംകൊണ്ട് തൃപ്‌തിപ്പെടേണ്ടിവന്നു. മൂന്നാംദിനം നാലാംസ്ഥാനത്തായിപ്പോയ കുഴൽമന്ദത്തിന് പിന്നീട് പോയസ്ഥാനം തിരിച്ചുപിടിക്കാനായില്ല. ഒമ്പത് സ്വർണവും 11 വീതം വെള്ളിയും വെങ്കലവുമായി 98 പോയിന്റാണുള്ളത്. മറ്റ് ഉപജില്ലകളും വരുംകായികമേളയിൽ കാണാമെന്ന് അറിയിച്ചാണ് മടങ്ങിയത്.
സമാപനയോഗത്തിൽ വിദ്യാഭ്യാസ ഉപഡയറക്‌ടർ പി സുനിജ വിജയികൾക്കുള്ള കിരീടം സമ്മാനിച്ചു.
കെ ജയപ്രകാശ് അധ്യക്ഷനായി. ടി ഗിരി, പി ആർ ബിന്ദു, പി പി രമേശ് എന്നിവർ വിജയികൾക്ക് മെഡലുകൾ സമ്മാനിച്ചു. സുവിത്‌കുമാർ, പി ജി ഗിരീഷ്‌കുമാർ, ഷാജി തെക്കേതിൽ, നാസർ തേളത്ത്, എ ജെ ശ്രീനി, സതീഷ്‌മോൻ എന്നിവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..