വരന്തരപ്പിള്ളി
തോട്ടം മേഖലയായ പാലപ്പിള്ളിയിൽ കാട്ടാന ശല്യം രൂക്ഷമായി. കുണ്ടായി, ചൊക്കന പ്രദേശത്തേക്കുള്ള റോഡിലാണ് കാട്ടാനശല്യം കൂടുതൽ അനുഭവപ്പെടുന്നത്. മാസങ്ങളായി മേഖലയിൽ കാട്ടാനകളുടെ സാന്നിധ്യമുണ്ടെങ്കിലും കഴിഞ്ഞ ദിവസങ്ങളിൽ ഇവ അക്രമാസക്തരായതാണ് നാട്ടുകാരെ ഭീതിയിലാക്കുന്നത്.
ആദിവാസി വിഭാഗങ്ങളും തോട്ടം തൊഴിലാളികളും ഏറെയുള്ള പ്രദേശമാണ് ഈ മേഖല. ആനകൾ കൂട്ടത്തോടെ എത്തിയതോടെ നാട്ടുകാരുടെ സ്വൈര്യജീവിതം തകർന്നു. പ്രദേശത്തെ പറമ്പുകളിലും റബർത്തോട്ടങ്ങളിലും റോഡിലും ആനകൾ ഭീതിവിതയ്‌ക്കുകയാണ്. കഴിഞ്ഞ ദിവസം കുണ്ടായിയിൽ റോഡിൽ പിടിയാന ഉറങ്ങുന്ന ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. ഇതിന് സമീപത്തായി റോഡിൽ നിലയുറപ്പിച്ച ആനക്കൂട്ടം വഴിയാത്രക്കാർക്ക് നേരെ പാഞ്ഞടുത്തിരുന്നു. ആക്രമണത്തിൽനിന്ന് തലനാരിഴയ്ക്കാണ് വഴിയാത്രക്കാർ രക്ഷപ്പെടുന്നത്. കാടുമൂടിയ റബർത്തോട്ടത്തിൽനിന്ന് റോഡിലേക്കിറങ്ങുന്ന ആനകളെ അടുത്തെത്തുമ്പോഴാണ് വാഹനയാത്രക്കാർക്ക് കാണാൻ കഴിയുന്നത്. വനാതിർത്തികളിൽ കിടങ്ങുകൾ തീർത്ത് ആനകളെ തടയാൻ നാട്ടുകാർ ആവശ്യപ്പെട്ടെങ്കിലും നടപടിയുണ്ടായില്ല.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..