25 December Wednesday

ചേലക്കരയുടെ സ്വന്തം പ്രദീപ്

സ്വന്തം ലേഖകൻUpdated: Monday Nov 25, 2024
തൃശൂർ
എന്താവശ്യത്തിനും ആർക്കും എപ്പോൾ വേണമെങ്കിലും സമീപിക്കാൻ കഴിയുന്ന ഒരാൾ. എ‌ല്ലാവരെയും സ്‌നേഹവായ്‌പുകളോടെ മാത്രം ചേർത്തുപിടിക്കുന്ന നാടിന്റെ പ്രിയങ്കരൻ. ഈ സ്‌നേഹത്തിനും കരുതലിനും കൂടിയാണ്‌ ചേലക്കര വോട്ടിട്ടത്‌.   ജനഹൃദയങ്ങളിൽ നിറഞ്ഞു നിൽക്കുന്ന പൊതുപ്രവർത്തകനായി യു ആർ പ്രദീപ്‌ വളർന്നത്‌ എല്ലാവരെയും ചേർത്തുപിടിക്കുന്ന മാനവിക രാഷ്‌ട്രീയത്തിന്റെ കരുത്തിലാണ്‌.
 കെ രാധാകൃഷ്‌ണന്റെ പിൻഗാമിയായി 2016 മുതൽ 21 വരെ അഞ്ചുവർഷം ചേലക്കര എംഎൽഎയായിരുന്ന അദ്ദേഹം നിരവധി വികസനപ്രവൃത്തികൾക്ക്‌ നേതൃത്വം നൽകി. പ്രളയസമയത്ത്‌ ജനങ്ങളെ രക്ഷിക്കാൻ നടത്തിയ ഇടപെടൽ നാടിന്റെ പ്രിയപുത്രനാക്കി. കോവിഡ്‌ കാലത്തും രാപകലില്ലാതെ കർമനിരതനായി. തദ്ദേശ–- സഹകരണ രംഗത്തെ ഭരണപരിചയവും കരുത്തായി. 2022 മുതൽ സംസ്ഥാന പട്ടികജാതി -വർഗ വികസന കോർപറേഷൻ ചെയർമാനാണ്. പട്ടികജാതി വിഭാഗക്കാർക്ക്‌ ഒട്ടേറെ പദ്ധതികൾ നടപ്പാക്കി. 15 വർഷ ചരിത്രത്തിനിടെ കോർപറേഷനെ വൻ ലാഭത്തിലാക്കി. 
അച്ഛൻ ഇന്ത്യൻ സൈന്യത്തിലായിരുന്നതിനാൽ ഡിഫൈൻസ്‌ സ്‌കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. മദ്രാസ്‌ യൂണിവേഴ്സിറ്റിയിൽനിന്ന്‌ ബിബിഎയും കംപ്യൂട്ടർ ആപ്ലിക്കേഷനിൽ ഡിപ്ലോമയും നേടി. ചെന്നൈയിൽ സ്വകാര്യ കമ്പനിയിലെ ജോലി ഉപേക്ഷിച്ചാണ്‌ പൊതു പ്രവർത്തന രംഗത്ത്‌ സജീവമായത്‌. 1997ൽ സിപിഐ എം പ്രവർത്തകനായി. 2000ൽ പാർടി അംഗമായി. 2000-–-2005 കാലയളവിൽ ദേശമംഗലം പഞ്ചായത്ത് പ്രസിഡന്റായിരുന്നു. പഞ്ചായത്തിന്റെ ഭരണസാരഥിയായിരിക്കെ ആദ്യ അവസരത്തിൽത്തന്നെ നേതൃപാടവം തെളിയിച്ച്‌ സംസ്ഥാനത്തെ മികച്ച പഞ്ചായത്തിനുള്ള പുരസ്കാരം ദേശമംഗലത്തിന്‌ നേടിക്കൊടുത്തു. പഞ്ചായത്തിൽ ഇടതുമുന്നണിക്ക്‌ തുടർ ഭരണവും നേടിക്കൊടുത്തു. 2005–-10വരെ പഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റായും പ്രവർത്തിച്ചു. 2009–--11ൽ ദേശമംഗലം  സഹകരണ ബാങ്ക് പ്രസിഡന്റായിരുന്നു. 2015ൽ വീണ്ടും ദേശമംഗലം പഞ്ചായത്ത്‌ അംഗമായി. ഇതിനിടയിലാണ്‌ 2016ൽ ചേലക്കരയിൽ നിന്ന്‌ നിയമസഭയിലെത്തിയത്‌. 
നിലവിൽ സിപിഐ എം വള്ളത്തോൾ നഗർ ഏരിയ കമ്മിറ്റി അംഗമാണ്‌. പട്ടികജാതി ക്ഷേമ സമിതി സംസ്ഥാന കമ്മിറ്റി അംഗവും കെഎസ് കെടിയു ജില്ലാ കമ്മിറ്റി അംഗവുമാണ്‌. ചേലക്കര പാളൂർ തെക്കേപ്പുരക്കൽ പരേതരായ രാമന്റെയും ശാന്തയുടെയും മകനാണ്‌. ഭാര്യ: പ്രവിഷ. മക്കൾ: കാർത്തിക്‌, കീർത്തന (ഇരുവരും സ്‌കൂൾ വിദ്യാർഥികൾ).

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top