26 December Thursday

കാഞ്ഞിരപ്പള്ളിയിൽ പുതുചരിത്രമായി യെച്ചൂരി മന്ദിരം

വെബ് ഡെസ്‌ക്‌Updated: Monday Nov 25, 2024

ചൊവ്വാഴ്ച മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്യുന്ന സിപിഐ എം കാഞ്ഞിരപ്പള്ളി ഏരിയ കമ്മിറ്റി 
ഓഫീസ് മന്ദിരമായ സീതാറാം യെച്ചൂരി ഭവൻ

കാഞ്ഞിരപ്പള്ളി
മലയോരജനതയുടെ ചിരകാല സ്വപ്നം പൂവണിയുകയാണ്. സിപിഐ എം കാഞ്ഞിരപ്പള്ളി ഏരിയ കമ്മിറ്റിക്ക് സ്വന്തമായി ഓഫീസ് കെട്ടിടം യാഥാർഥ്യമായതിന്റെ ആഹ്ലാദത്തിലാണ് പാർടി പ്രവർത്തകർ. ചൊവ്വാഴ്ച മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിക്കുന്ന സീതാറാം യെച്ചൂരി മന്ദിരം മലയോരജനതയുടെ ആശ്രയ കേന്ദ്രമാകുമെന്നതിൽ തർക്കമില്ല. 
കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് ശക്തമായ വേരോട്ടമുള്ള പ്രദേശമാണ് കാഞ്ഞിരപ്പള്ളി താലൂക്ക്. കോട്ടയം ജില്ലയിൽ ആദ്യമായി തൊഴിലാളി സംഘടന രൂപംകൊണ്ടത് ഇവിടെയാണ്. തോട്ടം തൊഴിലാളികളുടെ നേതൃത്വത്തിൽ രൂപംകൊണ്ട ഹിൽറേഞ്ച്‌ എസ്റ്റേറ്റ് എംപ്ലോയീസ് അസോസിയേഷൻ ഈ മേഖലയിലെ പ്രധാന സംഘടനയാണ്‌. റോസമ്മ പുന്നൂസായിരുന്നു ആദ്യ പ്രസിഡന്റ്. ഉജ്വലങ്ങളായ നിരവധി സമരങ്ങൾ സംഘടന ഏറ്റെടുത്തു. മുണ്ടക്കയത്തെ റബർ തോട്ടങ്ങളിലെയും പീരുമേട്, ഉടുമ്പൻചോല താലൂക്കുകളിലെ തേയില തോട്ടങ്ങളിലെയും മഹാഭൂരിപക്ഷം തൊഴിലാളികളും അണിനിരന്ന സംഘടനയായിരുന്നു ഇത്. 
 1952ലെ തിരുകൊച്ചി തെരഞ്ഞെടുപ്പിൽ കമ്യൂണിസ്റ്റ് പാർടി പിന്തുണയോടെ മത്സരിച്ച കരിപ്പാപറമ്പിൽ തോമസ് കോൺഗ്രസ് സ്ഥാനാർഥി കെ വി മാത്യു കൊല്ലങ്കുളത്തിനെ(കുട്ടിച്ചൻ) തോൽപ്പിച്ചതിൽ നിന്ന് തന്നെ കാഞ്ഞിരപ്പള്ളി മേഖലയിലെ കമ്യൂണിസ്റ്റ് സ്വാധീനം വ്യക്തമാണ്. 1967ൽ മുസ്തഫ കമാലും 1987ൽ കെ ജെ തോമസും സിപിഐ എം സ്ഥാനാർഥികളായി വിജയിച്ചു. 2006ൽ അൽഫോൻസ് കണ്ണന്താനം വിജയിച്ചതും ഇടതുസ്വതന്ത്രനായാണ്. നിലവിൽ ഈ പ്രദേശത്തെ പ്രതിനിധീകരിക്കുന്നത്‌ എൽഡിഎഫ് എംഎൽഎമാരാണ്. കാഞ്ഞിരപ്പള്ളി ഏരിയയിലെ എട്ട്‌ പഞ്ചായത്തിൽ ഒന്നിലൊഴികെ എൽഡിഎഫ്‌ ഭരണസമിതിയാണ്‌. 
കാഞ്ഞിരപ്പള്ളിയിൽ നിന്നുയർന്നുവന്ന രണ്ട് നേതാക്കളാണ് എം ജി രാമചന്ദ്രനും ദേശാഭിമാനി ജനറൽ മാനേജർ കെ ജെ തോമസും. രാമചന്ദ്രൻ സിപിഐ എം ജില്ലാസെക്രട്ടറിയറ്റ് അംഗവും ഇടക്കാലത്ത് ജില്ലാ സെക്രട്ടറിയുമായിരുന്നു. കെ ജെ തോമസ്‌ 10 വർഷം ജില്ലാ സെക്രട്ടറിയും 2015മുതൽ 2022വരെ സംസ്ഥാന സെക്രട്ടറിയറ്റ് അംഗവുമായിരുന്നു.റബറായിരുന്നു ഈ മേഖലയിലെ പ്രധാന കൃഷി. എന്നാൽ മൻമോഹൻസിങ്ങ് സർക്കാർ ആസിയൻ കരാർ ഒപ്പിട്ടതോടെ ഇവിടുത്തെ കാർഷികമേഖലയുടെ തകർച്ചയ്‌ക്ക് ആക്കംകൂട്ടി. റബർ വിലയിടിവിനെതിരെ കർഷകരെ സംഘടിപ്പിച്ച് നിരവധി സമരങ്ങളാണ് കഴിഞ്ഞകാലങ്ങളിൽ സിപിഐ എം ഏറ്റെടുത്തത്. അത് ഇപ്പോഴും തുടരുകയാണ്. മുണ്ടക്കയം, കോരുത്തോട്, എരുമേലി പഞ്ചായത്തുകളിലെ പട്ടയ പ്രശ്നം ഉന്നയിച്ച് സിപിഐ എം ഏറ്റെടുത്ത സമരത്തിന്റെ ഫലമാണ് 2020ൽ എല്ലാവർക്കും പട്ടയം നൽകാൻ ഇടതുപക്ഷസർക്കാരിന്റെ ഉത്തരവ്. അതിനുള്ള നടപടികൾ അതിവേഗം നടക്കുകയാണ്. ഇങ്ങനെ മലയോരജനതയുടെ പ്രശ്നപരിഹാരത്തിന് മുന്നിൽനിന്ന് പ്രവർത്തിച്ചത് സിപിഐ എമ്മും ഇടതുപക്ഷവുമാണ്. ഈ മേഖലയിൽ വികസനം ഉണ്ടായതും ഇടത് എംഎൽഎമാർ ഉണ്ടായപ്പോൾ മാത്രമാണെന്നത് ചരിത്രം. കാഞ്ഞിരപ്പള്ളി മേഖലയിലെ സമഗ്ര വികസനത്തിന് സിപിഐ എം കൂടുതൽ കരുത്താർജിച്ചേ മതിയാകു. അതിന് ഗതിവേഗം കിട്ടാൻ പുതിയ ആസ്ഥാന മന്ദിരം സഹായിക്കും. കെ ജെ തോമസ്‌ ചെയർമാനും കെ രാജേഷ്‌ സെക്രട്ടറിയുമായ നിർമാണ കമ്മിറ്റിയാണ്‌ മനോഹരമായ കെട്ടിടം പൂർത്തിയാക്കിയത്‌.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top