പാറശാല
കളിയിക്കാവിളയിലെ സംസ്ഥാന അതിർത്തി സംബന്ധിച്ച തർക്കത്തിന് പരിഹാരം. ഇരു സംസ്ഥാനത്തേയും റവന്യൂ ഉദ്യോഗസ്ഥർ നടത്തിയ സർവേയിലാണ് ഭൂമി കേരളത്തിന്റേതാണെന്ന് വ്യക്തമായത്. തമിഴ്നാട്ടിലെ കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ ഭൂമി പിടിച്ചെടുക്കാനെത്തിയ ഉദ്യോഗസ്ഥരെ നാട്ടുകാർ തടഞ്ഞ് മടക്കിയയച്ചിരുന്നു.
കേരള –- തമിഴ്നാട് അതിർത്തിയായ കളിയിക്കാവിളക്കുസമീപം വന്യക്കോട്ടുള്ള വസ്തുവുമായി ബന്ധപ്പെട്ടാണ് തർക്കം. പാറശാല വില്ലേജിലെ വന്യക്കോട് കോട്ടവിളവീട്ടിൽ തങ്കമണിയുടെ വീടിന്റെ പുരയിടത്തിലെ ഒരുഭാഗത്തിൽ അവകാശമുണ്ടെന്നായിരുന്നു തമിഴ്‌നാട്ടിലെ ഉദ്യോഗസ്ഥരുടെ അവകാശവാദം.
കോടതി ഉത്തരവുമായി തമിഴ്നാട് ഭാഗത്ത് താമസിക്കുന്ന ബെഞ്ചമിൻ എന്നയാൾ ഇക്കഴിഞ്ഞ വെള്ളി രാവിലെ തങ്കമണിയുടെ വീട്ടിലെത്തിയത് പ്രതിഷേധത്തിനിടയാക്കിയിരുന്നു. കുഴിത്തുറ കോടതിയുടെ ഉത്തരവുമായി കോടതി ജീവനക്കാരും തമിഴ്‌നാട് പൊലീസുമായെത്തി മണ്ണുമാന്തി ഉപയോഗിച്ച് ഭൂമി കൈയേറാനുള്ള ശ്രമം വീട്ടുകാരും നാട്ടുകാരും ചേർന്ന് തടഞ്ഞു. ഇതിന്റെ അടിസ്ഥാനത്തിലാണ് തിങ്കൾ രാവിലെ ഇരുസംസ്ഥാനത്തെയും റവന്യൂ അധികൃതർ സർവേ നടത്തിയത്. 50 വർഷമായി ഈ വസ്തുവിൽ താമസിക്കുന്ന തങ്കമണിക്കും കുടുംബത്തിനും റേഷൻ കാർഡ്, ആധാർകാർഡ് തുടങ്ങിയ രേഖകളെല്ലാമുണ്ടെന്നും നാട്ടുകാർ പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..