തിരുവനന്തപുരം
മാലിന്യസംസ്‌കരണം ഉൾപ്പെടെ നിരവധി ദേശീയ, അന്താരാഷ്‌ട്ര അവാർഡുകൾ വാങ്ങിയ തിരുവനന്തപുരം കോർപറേഷനെ അപമാനിക്കാൻ ശ്രമിച്ച് ബിജെപി കൗൺസിലർമാർ. കോർപറേഷന് ലഭിക്കുന്ന അവാർഡുകളെല്ലാം തട്ടിപ്പാണ് എന്നായിരുന്നു ബിജെപിയുടെ ആക്ഷേപം. ബിജെപി നേതൃത്വം നൽകുന്ന ഗുജറാത്ത് സർക്കാരിന്റെ വികസന പോസ്‌റ്റർ ഉയർത്തിക്കാട്ടി മേയർ ആര്യ രാജേന്ദ്രൻ ബിജെപി കൗൺസിലർമാർക്ക് മറുപടി നൽകി. 2020ൽ ഗുജറാത്തിലെ സർക്കാർ പദ്ധതിയുടെ പോസ്റ്ററിൽ മേയർ ആര്യ രാജേന്ദ്രന്റെ ചിത്രം ഉൾപ്പെടുത്തിയ ചിത്രമാണ് ഉയർത്തിക്കാട്ടിയത്. രാഷ്ട്രീയ ഗ്രാമ സ്വരാജ് അഭിയാൻ വഴി പഞ്ചായത്തുകളുടെ ശാക്തീകരണം ലക്ഷ്യമിട്ടുള്ള പരസ്യത്തിലാണ് മേയറുടെ ചിത്രം നൽകിയിരുന്നത്.
നഗരങ്ങളിലെ സുസ്ഥിര വികസനത്തിന് അന്താരാഷ്‌ട്ര പുരസ്‌കാരമായ യുഎൻ ഹാബിറ്റാറ്റ് ഷാങ്‌ഹായി ഗ്ലോബൽ അവാർഡ് ഉൾപ്പെടെ കോർപറേഷന് ലഭിച്ചിട്ടുണ്ട്. നിതി ആയോഗിന്റെ സുസ്ഥിര വികസന സൂചികയിൽ ഇന്ത്യയിൽ ഒന്നാംസ്ഥാനം, അർബർ ഗവേണൻസ്, സാനിട്ടേഷൻ എന്നിവയ്ക്ക് കേന്ദ്രസർക്കാരിന്റെ ‘ഹഡ്‌കോ’ അവാർഡ്, തെരുവ് കച്ചവടക്കാരെ പുനരധിവസിപ്പിക്കുന്നതിനും കച്ചവടം പ്രോത്സാഹിപ്പിക്കുന്നതിനും ‘പിഎം സ്വാനിധി–-പ്രൈസ്’ തുടങ്ങി 20 ഓളം ദേശീയ, അന്തർദേശീയ പുരസ്‌കാരങ്ങൾ നേടിയതിനെയാണ് ബിജെപി പരിഹസിക്കാൻ ശ്രമിച്ചത്.
നിതി ആയോഗ് ഉൾപ്പെടെയുള്ള കേന്ദ്രസംവിധാനങ്ങളെ അവഹേളിക്കുന്ന നിലപാടാണ് ബിജെപി കൗൺസിലർമാർ സ്വീകരിക്കുന്നതെന്നും മേയർ തിരിച്ചടിച്ചതോടെയാണ് ബിജെപിക്കാർ നിശ്ശബ്‌ദരായത്.
തിരുനെൽവേലിയിൽ ആശുപത്രിമാലിന്യം തള്ളിയത് കോർപറേഷന്റെ അറിവോടെയാണെന്ന വിചിത്രവാദമുന്നയിച്ചാണ് ബിജെപി അംഗങ്ങൾ ചൊവ്വാഴ്‌ചത്തെ യോഗം അലങ്കോലപ്പെടുത്താൻ ശ്രമിച്ചത്. ആശുപത്രി മാലിന്യം നീക്കാൻ കോർപറേഷൻ ഏജൻസിയെ ചുമതലപ്പെടുത്തിയിട്ടില്ലെന്ന് മേയർ മറുപടി നൽകി. ആശുപത്രികൾ നേരിട്ടാണ് അത്തരം ഏജൻസികൾക്ക് കരാർ നൽകുന്നതെന്നും മേയർ പറഞ്ഞു.
പട്ടികജാതി വിഭാഗത്തിൽപ്പെട്ട മിശ്രവിവാഹിതർക്കുള്ള ധനസഹായ പദ്ധതിയിൽ 22 ഗുണഭോക്താക്കൾക്ക് 75,000 രൂപവീതം അനുവദിക്കുന്നതിന് കൗൺസിൽ തീരുമാനിച്ചു.
പട്ടികജാതി വിഭാഗത്തിൽപ്പെട്ട സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന 24 വനിതകൾക്ക് വിവാഹ ധനസഹായമായി 1.25 ലക്ഷം രൂപവീതം നൽകാനും നഗരസഭ പരിധിയിൽപെട്ട 325 ഗുണഭോക്താക്കൾക്ക് വിവിധ സാമൂഹ്യ സുരക്ഷാ പെൻഷൻ അനുവദിക്കുന്നതിനും തീരുമാനിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..