കോഴിക്കോട്
ജില്ലാ പഞ്ചായത്തിന്റെ ലിംഗപദവി പഠന ജില്ലാ റിപ്പോർട്ട് ‘ജ്വാല' സംസ്ഥാന വനിതാ കമീഷൻ അധ്യക്ഷ അഡ്വ. പി സതീദേവി പ്രകാശിപ്പിച്ചു. ലൈംഗിക ന്യൂനപക്ഷ സമൂഹത്തെകൂടി ചേർത്തുനിർത്തുന്നതും അവരുടെ പ്രശ്നങ്ങൾ ചർച്ചചെയ്യുന്നതും അവരുടെ അവകാശ സംരക്ഷണത്തിനായി നിലകൊള്ളുന്നതും ലിംഗനീതിയിലേക്ക് എത്തിച്ചേരുന്നതിന്റെ ഭാഗമാണെന്ന് അവർ പറഞ്ഞു.
ജില്ലയിലെ സ്ത്രീകൾ നേരിടുന്ന വെല്ലുവിളികളും പ്രശ്നങ്ങളും മനസ്സിലാക്കി തദ്ദേശ സ്ഥാപന അടിസ്ഥാനത്തിൽ പുതിയ പദ്ധതികൾ ആവിഷ്കരിച്ച് നടപ്പാക്കുന്നതിനായി ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ജില്ലാ വനിത ശിശു വികസന വകുപ്പിന്റെ ഏകോപനത്തോടെ ക്ഷേമകാര്യ സമിതിയാണ് ലിംഗ പദവി പഠന റിപ്പോർട്ട് തയ്യാറാക്കിയത്.
സ്ത്രീകളുടെ ആരോഗ്യം, വിദ്യാഭ്യാസം, തൊഴിൽ, വരുമാനം, കലാ-കായികം- സംസ്കാരിക ഇടപെടൽ, സ്ത്രീകൾ നേരിടുന്ന വിവേചനം, അതിക്രമം തുടങ്ങി പ്രധാന മേഖലകളിൽനിന്നുള്ള വിവരങ്ങളാണ് ശേഖരിച്ചത്.
70 പഞ്ചായത്തുകളിൽനിന്നും 12 ബ്ലോക്ക് പഞ്ചായത്തുകളിൽനിന്നും വിവരങ്ങൾ ശേഖരിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി അധ്യക്ഷയായി. വൈസ് പ്രസിഡന്റ് പി ഗവാസ്, ക്ഷേമ സമിതി അധ്യക്ഷൻ പി സുരേന്ദ്രൻ, വികസന സമിതി അധ്യക്ഷ വി പി ജമീല, ജില്ലാ വനിതാ ശിശു വികസന ഓഫീസർ എസ് സബീന ബീഗം, കില കോ ഓർഡിനേറ്റർ എൻ വി അനിത, ജില്ലാ പഞ്ചായത്ത് സെക്രട്ടറി വിനു സി കുഞ്ഞപ്പൻ, പി എ അഞ്ജന, അനഘ കമൽ തുടങ്ങിയവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..