മാവേലിക്കര
അപകടത്തിൽപ്പെട്ടവരെ രക്ഷിക്കാൻ രാപ്പകൽ വ്യത്യാസമില്ലാതെ ആംബുലൻസുമായി മാവേലിക്കര ജില്ലാ ആശുപത്രിക്ക് മുന്നിൽ കാത്തുകിടക്കുന്ന ജോൺസി മാത്യുവിന് നാട്ടുകാർ നൽകിയ വിളിപ്പേരാണ് ‘പായും ജോൺസി’. ഇരട്ടച്ചങ്കനെന്നാണ് ജോൺസി ആംബുലൻസിനിട്ട പേര്. ചങ്കുനിറയെ കരുണയുമായി സേവനം നടത്തുന്ന ജോൺസി ഇത്തവണ തന്റെ ഓട്ടോ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നൽകി.
കല്ലുമല കുളത്തിന്റെ കിഴക്കതിൽ കെ ജെ മാത്യുവിന്റെയും അന്നമ്മയുടെയും മകനാണ് ജോൺസി. അഞ്ചു വർഷം മുമ്പാണ് സ്വന്തമായി ആംബുലൻസ് വാങ്ങിയത്. മാവേലിക്കര റെയിൽവേ സ്‌റ്റേഷനിൽ ട്രെയിനിനടിയിൽപ്പെട്ട പെൺകുട്ടിയുടെ പാദവുമായി കൊച്ചിക്ക് പോയതും മാവേലിക്കര മിച്ചൽ ജങ്ഷനിൽ കുറത്തികാട് സ്വദേശിനിയായ അമ്മയും കുഞ്ഞും ലോറിക്കടിയിൽ വീണപ്പോൾ വണ്ടാനം മെഡിക്കൽ കോളേജിലും തുടർന്ന് കോട്ടയം മെഡിക്കൽ കോളേജിലും എത്തിച്ചതുമടക്കം ജോൺസിയെക്കുറിച്ച് നിരവധി കഥകൾ നാട്ടുകാർക്ക് പറയാനുണ്ട്.
കണ്ണിന് ക്യാൻസർ ബാധിച്ച ഒന്നരവയസുകാരിയെ ലോക്ക്ഡൗൺ കാലത്ത് ആരോഗ്യവകുപ്പിന്റെ നിർദേശപ്രകാരം മധുരയ്‌ക്ക് കൊണ്ടുപോയതും ജോൺസിയാണ്. അപകടങ്ങളിൽപ്പെട്ടവരെ പലപ്പോഴും സൗജന്യമായാണ് ആശുപത്രിയിൽ എത്തിക്കാറ്. കോവിഡ്- 19 പ്രതിരോധ പ്രവർത്തനങ്ങളിലും സജീവമാണ്. ആംബുലൻസ് വാങ്ങുംവരെ അന്നമേകിയ ഓട്ടോയാണ് നാടിനുവേണ്ടി ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റിയംഗം എം എസ് അരുൺകുമാറിന് കൈമാറിയത്. ബബിതയാണ് ജോൺസിയുടെ ഭാര്യ. മക്കൾ: ജോഷ്വ, രോഹിത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..