കാഞ്ഞങ്ങാട്
ബുധനാഴ്ചയുണ്ടായ ചുഴലിക്കാറ്റിൽ വ്യാപക നാശം. മൂവാരിക്കുണ്ടിലെ കൃഷ്ണന്റെ വീട് തെങ്ങ് വീണ് തകർന്നു. വീടിനകത്ത് ഉറങ്ങുകയായിരുന്ന കൃഷ്ണനും കുടുംബവും അത്ഭുതകരമായ രക്ഷപ്പെട്ടു. തൊട്ടടുത്തുള്ള അനിലിന്റെ വീടിന് മുന്നിൽ ഇരുമ്പുതൂണിൽ സ്ഥാപിച്ച പന്തൽ ഷീറ്റ് തെറിച്ചുപോയി. മരം വീണ് അനിലിന്റെ വീട്ടുമുറ്റത്ത് നിർത്തിയിട്ട കാറിന്റെ ചില്ല് തകർന്നു. വീടിന് കേടുപാട് സംഭവിച്ചു. അഞ്ചോളം തെങ്ങുകൾ കടപുഴകി. കുറുന്തൂരിലെ ബാബുവിന്റെ വീട് തെങ്ങും മാവും വീണ് തകർന്നു. എൈങ്ങാത്തെ ബേബിയുടെ പെട്ടിക്കട മരം വീണ് തകർന്നു. ഐങ്ങോത്തെ ഗീതയുടെ വീടും സുരേശന്റെ കവുങ്ങുകളും നശിച്ചു. പ്രദേശം സിപിഐ എം എരിയാ കമ്മറ്റിയംഗം വി സുകുമാരൻ, ലോക്കൽ സെക്രട്ടറി എ ശബരീശൻ, കൗൺസിലർ ടി ബാലകൃഷ്‌ണൻ എന്നിവർ സന്ദർശിച്ചു.
കല്ലൂരാവിയിലെ ഗണേശന്റെ വീട് മരം വീണ് തകർന്നു ഗണേശനും ഭാര്യ ഉഷയും മകളും വീടിനുള്ളിൽ ഉറങ്ങുമ്പോഴാണ് അപകടം. ഇവർ പരിക്കില്ലാതെ രക്ഷപ്പെട്ടു. കല്ലൂരാവി മുണ്ടത്തോട് ഭാഗങ്ങളിൽ നിരവധി കാർഷിക വിള നശിച്ചു. കൗൺസിലർ ഫൗസിയ, ലോക്കൽ സെക്രട്ടറി എൻ വി ബാലൻ, വിപിൻരാജ്, പവിത്രി എന്നിവർ സ്ഥലം സന്ദർശിച്ചു.
പുല്ലുർ പെരിയ കാഞ്ഞിരടുക്കത്ത് പനച്ചേപ്പള്ളിയുടെ ഷീറ്റ് പാകിയ വീട് തകർന്നു. ജോസ് വീട്ടിലുണ്ടായിരുന്നില്ല. ഭാര്യ സുനിയും ചെറുമകളും അത്ഭുതകരമായി രക്ഷപ്പെട്ടു. വീട്ടുപകരണങ്ങൾ തകർന്നു.
പുതുക്കൈ, നരിക്കാട്ടറ, ചൂട്ടുവം, ആലിൻകീഴ് ഭാഗത്ത് പത്തിലേറെ ലധികം വൈദ്യുതി തൂൺ തകർന്നു. ആലിൻകീഴിൽ റോഡിൽ മരം വീണ് ഗതാഗത തടസമുണ്ടായി. നാട്ടുകാർ അർധരാത്രിയിലും ശ്രമദാനം നടത്തിയാണ് മരം നീക്കിയത്. പുതുക്കൈ കുറത്തിക്കുന്നിലെ തൊഴിലുറപ്പ് തൊഴിലാളി ഉമയുടെ വീട് മരം വീണ് തകർന്നു.
കൊളവയൽ കാറ്റാടിയിൽ മൂന്ന് വൈദ്യൂതി തൂണുകൾ തകർന്നു. തെങ്ങുകൾ പൊട്ടിവീണു. കുഞ്ഞമ്പുവിന്റെ വീടിനും മൊട്ടമ്മൽ തറവാട് വീടിനും നാശമുണ്ടായി. അജാനൂർ കടപ്പുറത്തെ അങ്കണവാടിയുടെ ചുറ്റുമതിൽ ഇടിഞ്ഞുവീണു. പഞ്ചായത്ത് പ്രസിഡന്റ് ടി ശോഭ, വൈസ് പ്രസിഡന്റ് കെ സബീഷ്, റവന്യൂ, കൃഷി വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ സ്ഥലം സന്ദർശിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..