ഉദുമ
റെയിൽപ്പാളത്തിൽ തെങ്ങ് വീണ് വൈദ്യുതി ലൈൻ തകർന്നു. ട്രെയിൻ ഗതാഗതം തടസപ്പെട്ടു. വ്യാഴം പകൽ 12-.30- ഓടെ ഉദുമ പള്ളത്തിലാണ് സംഭവം. കണ്ണൂർ ഭാഗത്തേക്ക് ചരക്ക് ട്രെയിൻ കടന്ന് പോയതിന് തൊട്ടുപിന്നാലെയാണ് അതേ പാളത്തിൽ സമീപത്തുള്ള തെങ്ങ് വീണത്. ലൈൻ തകർന്ന് വൈദ്യുതി നിലച്ചതോടെ ചരക്ക് ട്രെയിൻ കോട്ടിക്കുളം റെയിൽവേ സ്റ്റേഷൻ ഒന്നാം പ്ലാറ്റുഫോമിൽ നിന്നു. റെയിൽവേ സാങ്കേതിക വിദഗ്‌ധരും അഗ്നിരക്ഷാസേനയും ബേക്കൽ പൊലീസും ഉടൻ സ്ഥലത്തെത്തി. ഈ സമയത്തുള്ള മറ്റു ട്രെയിനുകൾ കാസർകോട് അടക്കമുള്ള സ്റ്റേഷനുകളില്‍ നിർത്തിയിട്ടു. മംഗളൂരു ഭാഗത്തേക്കുള്ള ട്രെയിനുകൾ തടസമില്ലാതെ കടന്നുപോയി. ചെറുവത്തൂരിലും കാസർകോടുമുള്ള എൻജിനീയറിങ് വിഭാഗത്തിലെ 30 -ലധികം ജീവനക്കാർ മണിക്കൂറുകൾ യത്നിച്ചാണ് ഗതാഗതം പുനസ്ഥാപിച്ചത്.
ഇതേ തുടർന്ന് ഷൊർണൂർ ഭാഗത്തേക്കുള്ള കൊച്ചുവേളി എക്സ്പ്രസ്, രാജധാനി എക്സ് പ്രസ്, ചെന്നൈ മെയിൽ, മംഗളൂരു തിരുവനന്തപുരം എക്സ്പ്രസ് ട്രെയിനുകൾ വൈകിയാണ് ഓടിയത്. കോട്ടിക്കുളത്തെ ഒന്നാം പ്ലാറ്റുഫോമിൽ ചരക്ക് ട്രെയിൻ കുടുങ്ങിയതിനാൽ സിംഗിൾ ലൈൻ വർക്കിങ് സംവിധാനമുപയോഗിച്ച് നടുവിലെ പാളത്തിലൂടെയാണ് ട്രെയിനുകളെ കടത്തിവിട്ടത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..