08 September Sunday

വേണം ജില്ലയ്ക്ക് 
6 പൊലീസ്‌ സ്‌റ്റേഷന്‍കൂടി

സ്വന്തം ലേഖകൻUpdated: Friday Jul 26, 2024
കൊല്ലം
ജില്ലയിൽ ആറ്‌ പുതിയ പൊലീസ്‌ സ്റ്റേഷന് കൂടി സർക്കാരിൽ ശുപാർശ. ജനബാഹുല്യവും കേസിന്റെ എണ്ണവും പരിഗണിച്ചാണ്‌ പുതിയ പൊലീസ്‌ സ്റ്റേഷനുകൾക്ക്‌ ആവശ്യമുയരുന്നത്‌. സിറ്റി പൊലീസ്‌, റൂറൽ പരിധികളിൽ മൂന്നുവീതം സ്റ്റേഷനുകൾ അനുവദിക്കണമെന്നാണ്‌ ആവശ്യം. പൊലീസ്‌ ഓഫീസേഴ്‌സ്‌ അസോസിയേഷനും ജനപ്രതിനിധികളും ഇക്കാര്യം ആവശ്യപ്പെട്ടിട്ടുണ്ട്‌. വിഷയം ആഭ്യന്തരവകുപ്പ്‌ പരിഗണനയിലാണ്‌. കരുനാഗപ്പള്ളി സ്റ്റേഷൻ വിഭജിച്ച്‌ രണ്ട്‌ പുതിയ സ്റ്റേഷനുകൾ രൂപീകരിക്കണമെന്നാണ്‌ പ്രധാന ആവശ്യം. കരുനാഗപ്പള്ളി മുൻസിപ്പാലിറ്റി കുടാതെ ആലപ്പാട്‌, കുലശേഖരപുരം, തൊടിയൂർ, തഴവ പഞ്ചായത്തുകളിലായി  21 കിലോമീറ്റർ ചുറ്റളവാണ്‌ നിലവിൽ സ്റ്റേഷൻ പരിധി. തീരമേഖലയും അമൃതാനന്ദമയീമഠവും ഉൾപ്പെടെ സ്റ്റേഷൻ പരിധിയിലാണ്‌. നിലവിലുള്ള സ്റ്റേഷൻ പരിധിയിൽ മുനിസിപ്പാലിറ്റി മാത്രമാക്കണമെന്നാണ്‌ ആവശ്യം. തീരദേശ പഞ്ചായത്തുകൾ, തഴവ കേന്ദ്രീകരിച്ച്‌ സ്റ്റേഷനുകളുമാണ്‌ ശുപാർശയിലുള്ളത്‌. തഴവയിൽ പൊലീസ്‌ ഔട്ട്‌ പോസ്റ്റുള്ളത്‌ അനുകൂലഘടകമാണ്‌. 
ഇരവിപുരം സ്റ്റേഷൻ വിഭജിച്ച്‌ പള്ളിമുക്ക്‌ കേന്ദ്രീകരിച്ച്‌ പുതിയ സ്റ്റേഷനാണ്‌ മറ്റൊരു ശുപാർശ. കോർപറേഷനിലെ 15 ഡിവിഷനും മയ്യനാട്‌ 11 വാർഡുമാണ്‌ നിലവിലെ പരിധി.  അധിക ജോലിഭാരവും കുടുതൽ കേസുകളുമുള്ള കൊല്ലം ഈസ്‌റ്റ്‌, കൊട്ടിയം , കിളികൊല്ലൂർ സ്റ്റേഷനുകളും പുതിയ സ്റ്റേഷൻ രൂപീകരണത്തോടെ വിഭജിക്കപ്പെടും. 
റൂറലിൽ വാളകം, പട്ടാഴി, പേരയം സ്റ്റേഷനുകൾ അനുവദിക്കണമെന്നാണ് ആവശ്യം. വാളകം ഔട്ട് പോസ്റ്റ് സ്റ്റേഷനായി ഉയർത്തിയാൽ എം സി റോഡിൽ ഉണ്ടാകുന്ന സംഭവങ്ങളിൽ കാര്യക്ഷമമായ ഇടപെടൽ ഉണ്ടാകുമെന്നാണ്‌ റിപ്പോർട്ട്‌. ഉമ്മന്നൂർ, വെട്ടിക്കവല പഞ്ചായത്തുകൾ ഉൾപ്പെട്ട മേഖലയാണ് വാളകം. കൊട്ടാരക്കരയ്ക്കും ചടയമംഗലത്തിനും ഇടയിൽ സ്റ്റേഷനില്ല.
കുന്നിക്കോട്, പത്തനാപുരം സ്റ്റേഷനുകൾ വിഭജിച്ച് പട്ടാഴി കേന്ദ്രീകരിച്ച്‌ സ്റ്റേഷനും ശുപാർശയിലുണ്ട്‌. 30 കിലോമീറ്ററിലേറെചുറ്റളവിലാണ് സ്റ്റേഷൻ പരിധി. കുണ്ടറ, ഈസ്റ്റ് കല്ലട സ്റ്റേഷനുകൾ വിഭജിച്ച് പേരയം സ്റ്റേഷൻ വേണമെന്നാണ് മറ്റൊരാവശ്യം. കുമ്പളം, പടപ്പക്കര, കാഞ്ഞിരകോട് ഭാഗങ്ങളിൽ അടിയന്തര സേവനം ലഭ്യമാക്കാൻ പേരയം സ്റ്റേഷൻ അനിവാര്യമാണെന്നാണ് റിപ്പോർട്ട്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top