22 December Sunday

കോര്‍പറേഷന്‍ മാലിന്യനിര്‍‌മാര്‍ജനം; 
ഒറ്റദിവസം 65,090 രൂപ പിഴ

വെബ് ഡെസ്‌ക്‌Updated: Friday Jul 26, 2024
തിരുവനന്തപുരം
പൊതു ഇടങ്ങളിലും ജലസ്ത്രോതസ്സിലും മാലിന്യം തള്ളിയ നാലുപേരിൽ നിന്ന് ബുധനാഴ്ച 65,090 രൂപ പിഴയീടാക്കി. ബുധനാഴ്ച പകൽ നടന്ന പരിശോധനയിൽ 50,030 രൂപയും രാത്രിയിൽ 17,060 രൂപയുമാണ് ഈടാക്കിയത്. മാലിന്യം തള്ളാനെത്തിയ വാഹനവും പിടികൂടി. വാഹനത്തിന്റെ ലൈസൻസ് റദ്ദാക്കുന്നതടക്കമുള്ള നടപടികൾ സ്വീകരിക്കും. ഇതിന് മോട്ടോർ വാഹനവകുപ്പിന്റെയും പൊലീസിന്റെയും സഹായം തേടി. കോർപറേഷൻ നേതൃത്വത്തിൽ പ്രത്യേക ടീമിനെ വിവിധ ഇടങ്ങളിൽ വിന്യസിച്ചിട്ടുണ്ട്. ടീമിന്റെ സുരക്ഷയ്‌ക്കും പിടികൂടുന്നവർ ഓടിരക്ഷപ്പെടുന്ന സാഹചര്യം ഒഴിവാക്കാനും പൊലീസിന്റെ സേവനവും രാത്രി ലഭ്യമാക്കിയിട്ടുണ്ട്‌. പൊലീസ് സ്റ്റേഷൻ നടപടികൾ വേഗത്തിലാക്കാനും പരിശോധനയുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനും കൺട്രോൾ റൂം എസിപി എം ഐ ഷാജിയെ നോഡൽ ഓഫീസറായി നിയോ​ഗിച്ചിട്ടുണ്ട്‌. ഇനിമുതൽ കോർപറേഷൻ ഉദ്യോ​ഗസ്ഥർ അറിയിക്കുന്നത് അനുസരിച്ച് പൊലീസ് നേരിട്ട് പ്രതികളെ കസ്റ്റഡിയിലെടുക്കും. കഴിഞ്ഞ ഒരാഴ്ചയ്‌ക്കിടെ പത്തോളം വാഹനങ്ങൾ കോർപറേഷൻ രാത്രികാല സ്ക്വാഡ് പിടികൂടിയിരുന്നു. ഇവരിൽ ചിലർ വാഹനം ഉപേക്ഷിച്ച് കടന്നുകളയുന്ന സാഹചര്യവുമുണ്ടായി. 
ന​ഗരത്തിലെ പല കെട്ടിടങ്ങളിലെയും വീടുകളിലെയും സ്ഥാപനങ്ങളിലെയും മാലിന്യ പൈപ്പുകൾ ആമയിഴഞ്ചാൻ തോട്ടിലേക്ക് ഇട്ടിരിക്കുന്നത് പരിശോധനയിൽ കണ്ടെത്തിയിരുന്നു. പ്രമുഖ സൂപ്പർമാർക്കറ്റുകൾക്ക് അടക്കം ഇതിനോടകം നോട്ടീസ് നൽകി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top