08 September Sunday
ഭീതി പരത്തി ഓട്ടം

ഒടുവിൽ കീഴടങ്ങി

അവീഷ്‌ വി എസ്‌ കോരാണിUpdated: Friday Jul 26, 2024

കാട്ടുപോത്തിനെ പിടികൂടി മടങ്ങുന്ന ദൗത്യസംഘം നാട്ടുകാരോട് യാത്ര പറയുന്നു

മംഗലപുരം
തങ്ങളുടെ നാട്ടിൽ ഒരു രാത്രിയും പകലും ഭീതി വിതച്ച കാട്ടുപോത്തിനെ പിടികൂടിയ സന്തോഷത്തിലാണ്‌ മംഗലപുരത്തുകാർ.  ചൊവ്വാഴ്‌ച രാത്രിയാണ്‌ മംഗലപുരം തലയ്‌ക്കോണത്ത് പോത്തിനെ കണ്ടത്‌. വിവരമറിഞ്ഞ്‌ രാത്രിതന്നെയെത്തിയ വനപാലകർ ബുധനാഴ്‌ച പകലും പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായില്ല.വ്യാഴാഴ്‌ച പകൽ പോത്ത്‌ വെഞ്ഞാറമൂട്ടിലേക്കുപോയി എന്നറിഞ്ഞതോടെയാണ്‌ മംഗലപുരത്തുകാർക്ക്‌ ആശ്വാസമായത്‌. വീട്ടിൽനിന്ന്‌ പുറത്തിറങ്ങുന്നതിനുപോലും ഭയപ്പെട്ട്‌ രണ്ടു രാത്രിയും ഒരു പകലുമാണ്‌ മംഗലപുരത്തുകാർ കഴിഞ്ഞുകൂടിയത്‌. 20 കിലോമീറ്റർ ചുറ്റളവിലുള്ള സ്ഥലത്താണ്‌ പോത്ത്‌ ഭീതി പരത്തിയോടിയത്‌. 
 
ഇങ്ങനെ ചെയ്യരുതേ നാട്ടാരേ... 
തിരുവനന്തപുരം
മംഗലപുരംമുതൽ വെഞ്ഞാറമൂടുവരെ ഓടിയ കാട്ടുപോത്തിൽനിന്ന്‌ മനുഷ്യരെ രക്ഷിക്കാൻ സ്വന്തം ജീവൻപോലും പണയംവച്ചാണ്‌ വനപാലകരും ദൗത്യസംഘവും പരിശ്രമിച്ചത്‌. ഇവർക്ക്‌ പ്രതിസന്ധി സൃഷ്‌ടിച്ചതാകട്ടെ, മൊബൈലിൽ പകർത്താൻ  കൂടെയോടിയവരും. പൊലീസിന്റെ നിർദേശംപോലും അവഗണിച്ചാണ്‌ നൂറുകണക്കിന്‌ ആളുകൾ പോത്തിനു പിന്നാലെ ഓടിയത്‌. ബുധനാഴ്‌ചയും വ്യാഴാഴ്‌ചയും വനപാലകർ മുന്നറിയിപ്പ്‌ നൽകിയിരുന്നു. ആരും ചെവിക്കൊണ്ടില്ല.പോത്ത്‌ മയക്കുവെടിയേറ്റ്‌ വീണുകിടന്ന ഇടത്തേക്കും ഇടിച്ചുകേറാൻ ശ്രമിച്ചു. 
ബന്ധിക്കുന്നതിനിടയിൽ ബോധം തെളിഞ്ഞ പോത്ത്‌ പലതവണ കുതറിയോടാൻ ശ്രമിച്ചു. അഗ്‌നിരക്ഷാസേനയും ആർആർടി സംഘവും ചേർന്ന്‌ കെട്ടിയ കുരുക്ക്‌ ഭേദിച്ച്‌ പോത്തിന്‌ ഓടാനായിരുന്നെങ്കിൽ നിരവധിപേർക്ക്‌ ജീവഹാനിയുൾപ്പെടെ സംഭവിക്കുമായിരുന്നു. 
 
അധികൃതർക്കും 
വീഴ്‌ച
വന്യമൃഗം ജനവാസമേഖലയിൽ ഇറങ്ങിയാൽ സ്വീകരിക്കേണ്ട നടപടികൾ ഉറപ്പാക്കുന്നതിൽ അധികൃതർക്കും വീഴ്‌ചയുണ്ടായി. നാട്ടുകാർ പോത്തിന്റെ കൂടെ ഓടുന്നത്‌ തടയാൻ പൊലീസിന്‌ കഴിഞ്ഞില്ല. നൂറുകണക്കിന്‌ ആളുകൾ എത്തിയിട്ടും അവരെ നിയന്ത്രിക്കാനുള്ള സേനാംഗങ്ങളും ഉണ്ടായിരുന്നില്ല. 
 
ഓടിത്തളർന്നിട്ടും ആരോഗ്യവാൻ
പിരപ്പൻകോട്ടുനിന്ന്‌ പിടികൂടിയ കാട്ടുപോത്ത്‌ പൂർണ ആരോഗ്യവാനെന്ന്‌ വനംവകുപ്പ്‌ അറിയിച്ചു. വ്യാഴം വൈകിട്ട്‌ 5.30ഓടെ പേപ്പാറ വനമേഖലയിൽ തുറന്നുവിട്ട പോത്ത്‌ മയക്കുവെടിയേറ്റതിന്റെ ക്ഷീണമെല്ലാം മാറി ഓടിച്ചാടിയാണ്‌ കാട്ടിലേക്ക്‌ പോയതെന്ന്‌ ഡിഎഫ്ഒ അറിയിച്ചു. ശരീരത്ത്‌ മുറിവുകൾ ഉണ്ടായിരുന്നില്ല. മയക്കുവെടിയുടെ ക്ഷീണം വിട്ടുമാറാനുള്ള കുത്തിവയ്‌പും നൽകിയിരുന്നതായി അദ്ദേഹം പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top