23 December Monday

അപകടപ്പുലരി

വെബ് ഡെസ്‌ക്‌Updated: Monday Aug 26, 2024

പന്തളം കുളനട എംസി റോഡിൽ ഞായർ പുലർച്ചെ കൂട്ടിയിടിച്ച ബസും ലോറിയും

 പന്തളം

കുളനടയിൽ സ്വകാര്യ യാത്രാ ബസും ചരക്കു ലോറിയും കൂട്ടിയിച്ചുണ്ടായ അപകടത്തിൽ വിറങ്ങലിച്ച്‌ നാട്‌. പാടെ തകർന്ന ലോറിയും ബസും അപകടത്തിന്റെ വ്യാപ്‌തി വിളിച്ചോതി. അപകടത്തിൽ ഒരാൾ മരിക്കുകയും 29 പേർക്ക് പരിക്ക് പറ്റുകയും ചെയ്‌തു. എംസി റോഡിൽ കുളനട ജങ്ഷന് സമീപം സെന്റ്‌ തോമസ്  ഓർത്തഡോക്സ്‌   പള്ളിക്ക് മുമ്പിൽ ഞായറാഴ്ച രാവിലെ ആറിനായിരുന്നു അപകടം നടന്നത്. ബസിന്റെ ഡ്രൈവർ തിരുവനന്തപുരം വട്ടപ്പാറ വെങ്കോട് ചെന്തുപ്പൂര് അരുവിക്കുഴി മിഥുൻ നിവാസിൽ മിഥുൻ രാജാണ് (26–-അപ്പൂസ് ) മരിച്ചത്. മാനന്തവാടിയിൽ നിന്ന് തിരുവനന്തപുരത്തിന് പോയ ദീർഘദൂരസ്വകാര്യ യാത്രാ ബസും തമിഴ്‌നാട്ടിൽ നിന്ന് റബർ കയറ്റി വന്ന ലോറിയുമാണ് കൂട്ടിയിടിച്ചത്.  ബസിലെ 29 യാത്രക്കാർക്കും പരിക്കേറ്റു. യാത്രക്കാരിൽ ഭൂരിഭാഗവും തിരുവനന്തപുരം സ്വദേശികളായിരുന്നു. ഇവരാകട്ടെ നല്ല ഉറക്കത്തിലും. ബസിന്റെ ചില്ല്‌ പൊട്ടിച്ചാണ്‌ പരിക്കേറ്റവരെ പുറത്തെത്തിച്ചത്‌. 
ഇടിയുടെ ആഘാതത്തിൽ ഇരുവാഹനങ്ങളുടെയും ഡ്രൈവർമാർ ക്യാബിനിൽ കുടുങ്ങി. ചെങ്ങന്നൂർ, അടൂർ അഗ്‌നിരക്ഷായൂണിറ്റുകളും നാട്ടുകാരും രണ്ടു മണിക്കൂറോളം പണിപ്പെട്ടാണ് ഇരുവരെയും പുറത്ത് എടുത്തത് . ഇവരെ ഉടൻ ചെങ്ങന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ബസ് ഡ്രൈവർ മിഥുൻ മരിച്ചു. അപകട വിവരമറിഞ്ഞ്  നാട്ടുകാർ ഉടൻ  രക്ഷാപ്രവർത്തനം തുടങ്ങി. പിന്നാലെ അടൂർ ഡിവൈഎസ്പി ജി സന്തോഷ് കുമാർ, പന്തളം എസ്എച്ച്ഒ പ്രജീഷ് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും  അടൂരിൽ നിന്നും, ചെങ്ങന്നൂരിൽ നിന്നുള്ള അഗ്‌നിരക്ഷാ യൂണിറ്റുകളും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. അപകടത്തിൽപ്പെട്ട വാഹനങ്ങളുടെ ക്യാബിൻ അഗ്നിരക്ഷാസേന മുറിച്ചുമാറ്റിയാണ് ഡ്രൈവർമാരെ പുറത്തെടുത്തത്. വാഹനങ്ങൾ  റോഡിന്റെ മധ്യത്തിൽ ആയിരുന്നതിനാൽ ഗതാഗതം പൂർണമായും കുരുങ്ങി. ഇതോടെ പൊലീസ് വാഹനങ്ങൾ പൈവഴി കുളനട കുറിയാനിപ്പള്ളി വഴി തിരിച്ചു വിട്ടു. എം സി റോഡിൽ രണ്ടു മണിക്കുറോളം ഗതാഗതം തടസപ്പെട്ടു.  എട്ടരയോടെ രക്ഷാപ്രവർത്തനം പൂർത്തിയാക്കി വാഹനങ്ങൾ ക്രെയിൻ ഉപയോഗിച്ച് വശങ്ങളിലേക്ക് മാറ്റി. റോഡിൽ ചിതറി കിടന്ന ചില്ലുകളും മറ്റ് അവശിഷ്ടങ്ങളും അഗ്നിരക്ഷാ സേന വെള്ളമൊഴിച്ച് കഴുകി മാറ്റി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top