21 December Saturday
ഒരാളുടെ നില ​ഗുരുതരം

കാട്ടാന ആക്രമണത്തില്‍ 
2 തൊഴിലാളികള്‍ക്ക് പരിക്ക്

വെബ് ഡെസ്‌ക്‌Updated: Thursday Sep 26, 2024

 

മൂന്നാർ 
കാട്ടാന ആക്രമണത്തിൽ ശുചീകരണ തൊഴിലാളികൾക്ക് പരിക്കേറ്റു. മൂന്നാർ രാജീവ് ഗാന്ധി നഗർ സ്വദേശി അഴകമ്മ(52), നെറ്റിക്കുടി സ്വദേശി ശേഖർ(48) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ബുധൻ രാവിലെ 8.30ഓടെയാണ് സംഭവം. നല്ലതണ്ണി കല്ലാറിൽ പ്രവർത്തിക്കുന്ന മാലിന്യനിക്ഷേപ കേന്ദ്രത്തിലെ തൊഴിലാളികളാണ് ഇരുവരും. ജോലിചെയ്യാൻ പ്രവേശന കവാടത്തിലൂടെ അകത്ത് കയറുന്നതിനിടെയാണ് തേയിലത്തോട്ടത്തിൽനിന്നെത്തിയ ആനകൾ ആക്രമിച്ചത്. അഴകമ്മയുടെ ഇടതുകാലിനും തലയ്‍ക്കും ഗുരുതര പരിക്കേറ്റു. ഇവരെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് ശേഖറിന് വീണ് പരിക്കേറ്റത്. കൂടെയുണ്ടായിരുന്ന രണ്ടുപേർ ഓടി രക്ഷപ്പെട്ടു. പരിക്കേറ്റവരെ മൂന്നാർ ടാറ്റ ഹൈറേഞ്ച് ആശുപത്രിയിലെത്തിച്ചു. അഴകമ്മയെ പ്രാഥമിക ചികിത്സ നൽകിയശേഷം കോലഞ്ചേരി മെഡിക്കൽ മിഷൻ ആശുപത്രിയിലേക്ക് മാറ്റി. ഒരുമാസമായി ഒറ്റക്കൊമ്പൻ നല്ലതണ്ണി, കല്ലാർ എസ്റ്റേറ്റുകളിൽ കറങ്ങി നടക്കുകയാണ്. 
വീടുകളിൽനിന്നും കച്ചവട സ്ഥാപനങ്ങളിൽനിന്നും പഞ്ചായത്ത് ശേഖരിക്കുന്ന പച്ചക്കറി ഉൾപ്പെടെയുള്ള മാലിന്യം കല്ലാറിലെ മാലിന്യ നിക്ഷേപ കേന്ദ്രത്തിലേക്കാണ് മാറ്റുന്നത്. ഇത് ഭക്ഷിക്കാനാണ് കാട്ടാനകൾ എത്തുന്നത്. തൊഴിലാളികളുടെ ജീവൻ സംരക്ഷിക്കാൻ വനംവകുപ്പ് നടപടിയെടുക്കണമെന്ന ആവശ്യം ശക്തമാണ്. 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top