തിരുവനന്തപുരം
കൗമാരക്കാർക്ക് സമഗ്ര ലൈംഗികതാ വിദ്യാഭ്യാസം നൽകാന്‍ ലക്ഷ്യമിട്ടുള്ള ‘പ്രോജക്ട് എക്സ്’ പദ്ധതി മൂന്നാം ഘട്ടത്തിലേക്ക്. ജില്ലാ ഭരണവും സംസ്ഥാന പൊതുവിദ്യാഭ്യാസവകുപ്പും സന്നദ്ധസംഘടനയായ കനലും ചേർന്ന് നടപ്പാക്കുന്ന പദ്ധതിയാണ് പ്രോജക്ട് എക്സ്. മൂന്നാംഘട്ടത്തിന്റെ ഉദ്‌ഘാടനം വെള്ളി വൈകിട്ട് നാലിന് കട്ടേല ഡോ. അംബേദ്‌കർ മെമ്മോറിയൽ മോഡൽ റെസിഡൻഷ്യൽ ഹയർ സെക്കൻഡറി സ്‌കൂൾ ഫോർ ഗേൾസിൽ മന്ത്രി വി ശിവൻകുട്ടി ഉദ്‌ഘാടനംചെയ്യും. കടകംപള്ളി സുരേന്ദ്രൻ എംഎൽഎ അധ്യക്ഷനാകും.
കൃത്യമായ പരിശീലനം ലഭിച്ചവരാണ് സമഗ്ര ലൈംഗികതാ വിദ്യാഭ്യാസ പരിശീലനം നടത്തുന്നതെന്ന് കനൽ ഡയറക്ടർ ആൻസൺ പി ഡി അലക്സാണ്ടർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. പദ്ധതിയുടെ നടത്തിപ്പിനായി ജില്ലാ വികസന കമീഷണർ അധ്യക്ഷനായുള്ള ഒരു കമ്മിറ്റിയുണ്ട്. പൊതു വിദ്യാഭ്യാസ വകുപ്പ്, വനിതാ-ശിശു വികസന വകുപ്പ്, ഡയറ്റ്, പൊലീസ് വകുപ്പുകളും കനലിന്റെ പ്രതിനിധികളും ഉൾപ്പെടുന്നതാണ് കമ്മിറ്റി.
ജില്ലയിലെ തെരഞ്ഞെടുക്കപ്പെട്ട 50 സ്കൂളിലെ 5,530 വിദ്യാർഥികൾക്കാണ് ആദ്യഘട്ടത്തിൽ പരിശീലനം നൽകിയത്. രണ്ടാം ഘട്ടത്തിൽ എൽപി, യുപി വിഭാഗത്തിലെ തെരഞ്ഞെടുക്കപ്പെട്ട 100 സ്കൂളിലെ 200 അധ്യാപകർക്കായി പരിശീലനം നൽകി വരുന്നു. മൂന്നാം ഘട്ടത്തിൽ 150 സ്കൂളിലെ 15,000 വിദ്യാർഥികൾക്ക് പരിശീലനം നൽകുകയാണ് ലക്ഷ്യം.
പദ്ധതി സംസ്ഥാനത്തുടനീളം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി എറണാകുളം, പത്തനംതിട്ട ജില്ലകളിൽ ആദ്യ ഘട്ടത്തിൽ പ്രോജക്ട് എക്സ് നടപ്പാക്കുമെന്നും ആൻസൺ പറഞ്ഞു. കനൽ വളന്റിയർമാരായ ആതിര, വർഷ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..