കുറ്റിക്കോൽ
കുപ്പിചില്ല് പോലെ തിളങ്ങി ഒഴുകുകയാണ് നീരുറവകൾ. തോടുകളിലും കുളങ്ങളിലും പ്ലാസ്റ്റിക്കും ഭക്ഷണാവശിഷ്ടങ്ങളും ചെളിയും നിറഞ്ഞ വെള്ളം പഴയകഥ. ജനകീയമായി ശുചീകരിച്ച കുറ്റിക്കോൽ പഞ്ചായത്തിലെ ജലാശയങ്ങൾ കണ്ണിന് കുളിർമ പകരും.
നീർച്ചാൽ പുനരുജ്ജീവനവും ജലാശയ ശുചീകരണവുമാണ് പരിപാടി. നവകേരളം കർമപദ്ധതി, ഹരിത കേരളം മിഷൻ, തൊഴിലുറപ്പ് പദ്ധതി എന്നിവയുടെ ഭാഗമായി കുറ്റിക്കോൽ പഞ്ചായത്ത് നേതൃത്വത്തിൽ ആഘോഷമായി നടക്കുന്നു. ചെറുതും വലുതുമായി പഞ്ചായത്തിലെ 25 ജലാശയങ്ങൾ ഇതിനകം ശുചീകരിച്ചു. കുളങ്ങളും തോടുകളുമാണ് ഏറെയും. ഒരു നാടാകെ നീന്തൽ പരിശീലനം നടത്തി ശ്രദ്ധേയമായ അത്തിയടുക്കം തോട് ക്ലീനാക്കിയായിരുന്നു തുടക്കം.
കഴിഞ്ഞില്ല. അരികുവശങ്ങൾ കെട്ടി നവീകരിച്ച് തോട്ടിലെയും കുളങ്ങളിലെയും ജലം സംഭരിച്ച് കാർഷിക പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കാനും തീരുമാനമായി.
പൊതുജലാശയങ്ങൾ മാത്രമല്ല, വീടുകളിലെ കിണർ ശുചീകരിക്കാനും പഞ്ചായത്തിന്റെ മേൽനോട്ടമുണ്ട്. ജല വകുപ്പുമായി ചേർന്ന് വളന്റിയർമാരെ നിയോഗിച്ച് വീടുകളിൽ സർവേ നടത്തുന്നു.
സമ്പൂർണ്ണമാലിന്യ സംസ്ക്കരണത്തിലൂടെ സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന നവകേരളം കർമ്മ പദ്ധതി പഞ്ചായത്തിൽ സജീവം. 2023ൽ തുടക്കമിട്ട വിവിധ പ്രവർത്തനങ്ങൾ അവസാന ഘട്ടത്തിലാണ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..