കാസർകോട്
അതിവേഗം കത്തുകൾ കൈമാറ്റം ചെയ്യുന്ന റെയിൽവെ മെയിൽ സർവീസിന്റെ (ആർഎംഎസ്) കാസർകോട് ജില്ലാ ഓഫീസ് അടച്ചുപൂട്ടുന്നു. കണ്ണൂർ ആർഎംഎസ് ഓഫീസിൽ ലയിപ്പിക്കാനാണ് നീക്കം. കാസർകോട് ഹെഡ്‌പോസ്‌റ്റ് ഓഫീസ് കെട്ടിടത്തിൽ തന്നെ പ്രവർത്തിക്കുന്ന ആർഎംഎസ്, 1984ൽ ജില്ലാരൂപീകരണത്തോടൊപ്പമാണ് തുറന്നത്. അതാണിപ്പോൾ ഇല്ലാതാകുന്നത്.
കാസർകോടിന്റെ സാംസ്‌കാരിക സാമൂഹിക ജീവിതത്തിനൊപ്പമാണ് ആർഎംഎസ് ഓഫീസ് വളർന്നത്. മറ്റുജില്ലകളിൽ ഒന്നിലധികം ഓഫീസുണ്ടെങ്കിലും ജില്ലയിൽ കാസർകോട്ട് മാത്രമായിരുന്നു. തപാലുകൾ അതിവേഗം തരംതിരിക്കാനും വിതരണം ചെയ്യാനും ഈ ഓഫീസിലൂടെ കഴിഞ്ഞു.
പ്രഭാത–-സായാഹ്ന പത്രങ്ങൾ, മാസിക, രജിസ്ട്രേഡ് കത്തുകൾ, സ്പീഡ് പോസ്റ്റ് എന്നിവ ഈ ഓഫീസുവഴിയാണ് കൈമാറിയിരുന്നത്. ഇത് ഇല്ലാതാകുമ്പോൾ സാധാരണ ജനങ്ങളുടെ തപാൽ സർവീസിനാണ് അന്ത്യമാകുന്നത്. രജിസ്ട്രേഡ് കത്തുകളും മറ്റും ജില്ലയിലെ ഓഫീസിൽ തരം തിരിച്ചാൽ തൃശൂർ വരെയുള്ള തെക്കൻ ജില്ലകളിൽ തൊട്ടടുത്തദിവസം തന്നെ വിതരണം ചെയ്യാനാകും. കണ്ണൂരിലേക്ക് മാറ്റിയാൽ ദിവസങ്ങളോളം കാത്തിരിക്കേണ്ടി വരും. മാത്രമല്ല മഞ്ചേശ്വരം ഭാഗത്തുനിന്നും ബുക്ക് ചെയ്ത് ജില്ലയിൽ വിതരണം ചെയ്യേണ്ടവ കണ്ണൂരിലെത്തി തിരിച്ച് ജില്ലയിലേക്ക് തന്നെ മടക്കും. ഇത് കോടതി പോലുള്ള അടിയന്തര ആവശ്യങ്ങളുള്ള സ്ഥാപനങ്ങളെ സാരമായി ബാധിക്കും.
24 മണിക്കൂറും ആർഎംഎസ് ഓഫീസ് പ്രവർത്തിക്കുന്നതിനാൽ, പോസ്റ്റ് ഓഫീസ് ബുക്കിങ് സമയത്തിനുശേഷം ജനങ്ങൾ ഇതിനെയാണ് ആശ്രയിക്കുന്നത്. ഇനി കണ്ണൂർ ഓഫീസിനെ ആശ്രയിക്കേണ്ടി വരും. നിലവിൽ ദിവസേന 2500ഓളം രജിസ്ട്രേഡ് കത്തും 20,000ഓളം സാധാരണ തപാലും കാസർകോട് ആർഎംഎസിൽ തരംതിരിക്കുന്നുണ്ട്. ഓഫീസ് അടച്ചുപൂട്ടുന്നതിന് പകരം ആർഎംഎസിനെ ഇൻട്രാ സർക്കുലർ ഹബ് ആയി ഉയർത്തിയാൽ നിലവിൽ ഉള്ളതിനേക്കാൾ കൂടുതൽ കത്തുകൾ തരംതിരിക്കാനാകും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..