22 November Friday

സംസ്ഥാനത്ത്‌ കുടിയായ്‌മ 
കേസുകൾ ഇനിയില്ല: മന്ത്രി

വെബ് ഡെസ്‌ക്‌Updated: Saturday Oct 26, 2024

പട്ടയം വാങ്ങുന്നതിനിടെ സന്തോഷംകൊണ്ട് കരയുന്ന കാഞ്ഞിരപ്പൊയിലിലെ ചെല്ലമ്മയെ മന്ത്രി കെ രാജൻ ചേർത്തുപിടിക്കുന്നു

കാസർകോട്‌
കുടിയായ്മ കേസുകൾ ഇല്ലാത്ത സംസ്ഥാനമായി കേരളത്തെ അടുത്ത ജനുവരി ഒന്നിന് പ്രഖ്യാപിക്കുമെന്ന്‌ മന്ത്രി കെ രാജൻ പറഞ്ഞു. കാസർകോട് മുൻസിപ്പൽ ടൗൺ ഹാളിൽ ജില്ലാതല പട്ടയ മേള ഉദ്ഘാടനം ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു മന്ത്രി.
ഭൂപരിഷ്കരണവും കാർഷിക ബന്ധ നിയമവും നടപ്പിലാക്കി പതിറ്റാണ്ടുകൾ കഴിഞ്ഞിട്ടും കേരളത്തിൽ ജന്മി, കുടിയായ്മ കേസുകൾ പൂർണമായും അവസാനിച്ചിട്ടില്ല. അടുത്ത ജനുവരി ഒന്നിന് രാജ്യത്ത് ആദ്യമായി കുടിയായ്മ കേസുകൾ ഇല്ലാത്ത സംസ്ഥാനമായി കേരളത്തെ പ്രഖ്യാപിക്കും. 
ജില്ലയിലെ അസൈനബിൾ വെസ്‌റ്റഡ് ലാൻഡ്  പരിശോധിക്കുന്നതിന്  ഉന്നത, റവന്യൂ ഉദ്യോഗസ്ഥർ ഉൾപ്പെടുന്ന പ്രത്യേക ടീമിനെ നീയോഗിച്ചു. എഡബ്ല്യുഎൽ പ്രശ്നത്തിന് ഒന്നരവർഷത്തിനുള്ളിൽ ജില്ലയിൽ സമ്പൂർണ്ണ പരിഹാരം കാണും.  പ്രത്യേക ടീമിനെ വച്ച്  ലഭ്യമാകുന്ന വിവരങ്ങൾ കൂടി ശേഖരിച്ച് അർഹതപ്പെട്ടവർക്ക് പട്ടയം കൊടുക്കാൻ നടപടികൾ സ്വീകരിക്കും. 
പഞ്ചായത്ത് നിഷിപ്ത ഭൂമി അർഹരായവർക്ക് പതിച്ചുകൊടുക്കാൻ ജില്ലാ കലക്ടർക്ക് അധികാരം നൽകി. പഞ്ചായത്ത് സെക്രട്ടറിയുടെയും തദ്ദേശഭരണ ജോയിൻ ഡയറക്ടറുടെയും റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കലക്ടർക്ക്‌ നടപടിയെടുക്കാം. ഇതു പ്രകാരം സംസ്ഥാനത്ത് ആറുമാസത്തിനകം 20000 പേർക്ക് പട്ടയം നൽകുമെന്നും മന്ത്രി പറഞ്ഞു. 
എൻ എ നെല്ലിക്കുന്ന് എംഎൽഎ അധ്യക്ഷനായി. എംഎൽഎമാരായ ഇ  ചന്ദ്രശേഖരൻ, സി എച്ച് കുഞ്ഞമ്പു, എം രാജഗോപാലൻ, എ കെ എം അഷ്റഫ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ പി ബേബി, നഗരസഭാ ചെയർപേഴ്സൺ അബ്ബാസ് ബീഗം എന്നിവർ സംസാരിച്ചു. കലക്ടർ കെ ഇമ്പശേഖർ  സ്വാഗതവും എഡിഎം പി അഖിൽ നന്ദിയും പറഞ്ഞു.
 
906 പട്ടയം വിതരണം ചെയ്‌തു 
 ജില്ലാതല പട്ടയമേളയിൽ 906 പട്ടയങ്ങൾ വിതരണം ചെയ്തു. 683 ലാന്റ് ട്രിബ്യൂണൽ, 20 ദേവസ്വം, 157 എൽഎ, 36 വനഭൂമി, 10 മിച്ചഭൂമി പട്ടയങ്ങളാണ്‌ വിതരണം ചെയ്തത്. മഞ്ചേശ്വരം താലൂക്കിൽ 50, കാസർകോട് 41, ഹൊസ്ദുർഗ്‌ 28, വെള്ളരിക്കുണ്ട് 74 പട്ടയങ്ങളും നൽകി. 
പട്ടയ മേളയിൽ 671 പട്ടയങ്ങൾ നൽകുന്നതിനായാണ് നിർദ്ദേശം നൽകിയിരുന്നതെങ്കിലും 906 എണ്ണം നൽകി.
 
ആനന്ദക്കണ്ണീരോടെ ചെല്ലമ്മ 
കാസർകോട്‌
കണ്ണുനിറഞ്ഞുകൊണ്ടാണ്‌ ചെല്ലമ്മ പട്ടയം ഏറ്റുവാങ്ങിയത്‌. മന്ത്രിയോട്‌ നന്ദിപറഞ്ഞതും മന്ത്രി ചെല്ലമ്മയെ ചേർത്തുപിടിച്ചു. കാഞ്ഞിരപ്പൊയിൽ സ്വദേശിയായ ചെല്ലമ്മ മകൾ ജ്യോതിയുടെ പേരിൽ അനുവദിച്ച പട്ടയം വാങ്ങാനാണ്‌ മേളയിലെത്തിയത്‌. 
പതിച്ചുകിട്ടിയ 10 സെന്റ്‌ സ്ഥലത്ത്‌ പട്ടയമില്ലാതെ മകൾക്കും മകളുടെ രണ്ട്‌ കുട്ടികൾക്കുമൊപ്പം 10 വർഷമായി താമസിക്കുന്നു. മകൾ ജ്യോതിയുടെ ഭർത്താവ്‌ കുടുംബത്തെ ഉപേക്ഷിച്ചുപോയി. ശാരീരിക ബുദ്ധിമുട്ടുകൾ കാരണം ജ്യോതിക്കും ജോലിക്കുപോകാൻ കഴിയുന്നില്ല. ചെല്ലമ്മ പ്ലാസ്റ്റീകും ആക്രിയും ശേഖരിച്ചു വിറ്റാണ്‌ കുടുംബം കഴിയുന്നത്‌. ഓലപ്പുരയിലാണ്‌ താമസം. 1973ൽ തമിഴ്‌നാട്ടിൽനിന്നും കുടിയേറിപ്പാർത്തതാണ്‌ ചെല്ലമ്മയുടെ കുടുംബം.
 
പുളിക്കൂർ എസ്‌ടി കോളനിയിൽ 
22 കുടുംബങ്ങൾക്ക്‌ പട്ടയം 
കാസർകോട്‌
പുളിക്കൂർ പട്ടികവർഗ കോളനിയിലെ 22 കുടുംബങ്ങർക്ക്‌ പട്ടയം ലഭിച്ചു. പട്ടയം ഇല്ലാത്തതിനാൽ മാത്രം കാലങ്ങളായി കിട്ടാതെപോയ ആനുകൂല്യങ്ങൾ ഇനി കിട്ടിത്തുടങ്ങുമെന്ന സന്തോഷത്തിലാണ്‌ കുടുംബങ്ങൾ. ആദ്യകാലത്ത്‌ പട്ടയം ഇല്ലാത്തതിനാൽ വൈദ്യുതി, കുടിവെള്ള കണക്ഷൻ ഉണ്ടായിരുന്നില്ല. എന്നാൽ സർക്കാരിന്റെ ഇടപെടലിലൂടെ അതെല്ലാം കിട്ടിത്തുടങ്ങി. കുടിലുകളിൽനിന്നും വാർപ്പുവീടുകളിലേക്കും മാറിത്തുടങ്ങി.
 
ശരണ്യ ഓർക്കുന്നു വൈദ്യുതിയില്ലാത്ത കാലം
 
കാസർകോട്‌
വൈദ്യുതിയില്ലാത്ത, മണ്ണെണ്ണ വിളക്കിന്‌ മുമ്പിലിരുന്ന്‌ പഠിച്ചിരുന്ന കാലം ഓർത്തെടുക്കുകയാണ്‌ കുട്ട്യാനത്തെ ശരണ്യ. അമ്പലത്തറ വില്ലേജിലെ കുട്ട്യാനത്ത്‌ 10 സെന്റിലാണ്‌ ശരണ്യയുടെ വീട്‌. 24 വർഷമായി പുരയിടത്തിന്‌ പട്ടയമില്ലാതെ തുടരുന്നു. 
പട്ടയം ഇല്ലാത്തതിനാൽ റേഷൻകാർഡോ വീട്ടിൽ വൈദ്യുതിയോ ഉണ്ടായിരുന്നില്ല. സ്കൂൾ പഠനകാലത്ത്‌ മണ്ണെണ്ണ വിളക്കിന്റെ ചുവട്ടിലിരുന്നാണ്‌ പഠിച്ചത്‌. പലപ്പോഴും പഠിക്കാൻ മാത്രമായി ബന്ധു വീടുകളിലേക്ക്‌ പോകും. ഒന്നാം പിണറായി സർക്കാരിന്റെ കാലത്താണ്‌ വീട്ടിലേക്ക്‌ ആദ്യമായി വൈദ്യുതി കണക്ഷൻ ലഭിക്കുന്നത്‌. ഭർത്താവും രണ്ട്‌ മക്കളും അച്ഛനും അമ്മക്കുമൊപ്പം ആസ്‌ബറ്റോസ്‌ മേയ്‌ഞ്ഞ വീട്ടിലാണ്‌ താമസിക്കുന്നത്‌. 
ഇളയ കുട്ടിക്ക്‌ ഒന്നര വയസാണ്‌. ഇപ്പോൾ പട്ടയം ലഭിച്ചതിനാൽ അടച്ചുറപ്പുള്ള വീട്‌ നിർമിക്കാനുള്ള ഒരുക്കത്തിലാണ്‌ ശരണ്യയും കുടുംബവും.
 
പട്ടയം കിട്ടി ഇനിയൊരു വീടുവേണം 
കാസർകോട്‌
പട്ടയമേളയിൽ പട്ടയം കിട്ടിയതിന്റെ സന്തോഷത്തിലാണ്‌ കുംബഡാജെ സ്വദേശിയും എൻഡോസൾഫാൻ ബാധിതനുമായ രാജേഷ്‌ ഷെട്ടി. ഇനി പട്ടയഭൂമിയിൽ സ്വന്തമായൊരു വീടുവേണമെന്നാണ്‌ ആഗ്രഹം. ഭിന്നശേഷിക്കാരനായ രാജേഷ്‌ പട്ടയമേളയിലെത്തിയത്‌ വീൽച്ചെയറിലാണ്‌. മന്ത്രി വേദിയിൽനിന്നും ഇറങ്ങി വന്നാണ്‌ പട്ടയം കൈമാറിയത്‌. അച്ഛന്റെയും അമ്മയുടെയും മരണ ശേഷം സഹോദരിയുടെ വീട്ടിലാണ്‌ രാജേഷും ഇരട്ട സഹോദരൻ രാകേഷും താമസിക്കുന്നത്‌. സഹോദരനും ഭിന്നശേഷിക്കാരനാണ്.  രാജേഷ്‌ ലോട്ടറി വിറ്റാണ്‌ ജീവിക്കുന്നത്‌. സ്വന്തമായി ഒരു വീടെന്ന സ്വപ്നത്തിനായി, വർഷങ്ങളായി പട്ടയത്തിന്‌ ഓഫീസുകളിൽ കയറിയിറങ്ങുന്നു. അഞ്ച്‌ മാസം മുമ്പാണ്‌ അവസാനമായി പട്ടയത്തിന്‌ അപേക്ഷ കൊടുത്തത്‌. ഇത്രയും പെട്ടന്ന്‌ ശരിയാകുമെന്ന്‌ കരുതിയില്ലെന്ന്‌ രാജേഷ്‌ പറഞ്ഞു.
 
 
 
 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top