രാജാക്കാട്
കാലാവസ്ഥ തണുത്തുതുടങ്ങിയാൽ പിന്നെ രാജാക്കാട് കണ്ടമംഗലത്ത് കൃഷ്ണന്റെ തൊടിനിറയെ പച്ചക്കറികൾകൊണ്ട് നിറയും. മണ്ണിന്റെയും മഴയുടെയും കാലാവസ്ഥയുടെയും രസതന്ത്രം മനഃപാഠമാക്കിയ ഈ കർഷകൻ പൊന്നുവിളയിക്കുന്നതത്രയും മഞ്ഞുകാല സീസണിലാണ്. ശീതകാല പച്ചക്കറിക്കൃഷിയുടെ സമവാക്യങ്ങളാണ് കൃഷ്ണന്റെ വിജയഫോർമുല.
സ്വന്തമായുള്ള നാലരയേക്കർ സ്ഥലത്താണ് കൃഷ്‌ണന്റെ കൃഷി. മുമ്പ് 96 ഇനം പച്ചക്കറികൾ കൃഷി ചെയ്തിരുന്നു. ഇപ്പോൾ പയർ, കൂർക്ക, പാവൽ, തക്കാളി, ഉള്ളി, ഇലക്രോസ് തുടങ്ങിയവയാണുള്ളത്. സമതലങ്ങളില്‍പോലും തണുപ്പ് ലഭിക്കുന്ന സെപ്‌തംബര്‍ മുതൽ ഫെബ്രുവരിവരെയുള്ള സമയമാണ് ശീതകാല പച്ചക്കറികള്‍ക്ക് അനുയോജ്യം. ഒരേക്കർ സ്ഥലത്ത് കപ്പയും കൃഷി ചെയ്യുന്നു. അതിരാവിലെ കൃഷിസ്ഥലത്തെത്തിയാൽ സന്ധ്യമയങ്ങുംവരെ കൃഷിയിടത്തിൽ കൃഷ്ണനുണ്ടാകും. കൃഷി പരിചരണമല്ലാതെയുള്ള ഒരുദിനചര്യയും കൃഷ്‌ണന്റെ ജീവിതത്തിലില്ല. ജൈവ കീടനാശിനിയും ജൈവവളവുമാണ് ഉപയോഗിക്കുന്നത്. ചാണകം, പിണ്ണാക്ക്, കോഴിവളം എന്നിവയാണ് പ്രധാനം. കീടനാശിനിയായി വേപ്പെണ്ണയും ഉപയോഗിക്കുന്നു.
80 സെന്റിലായി ബീൻസ്, വള്ളിപ്പയർ, കുറ്റിപ്പയർ, കുറ്റിബീൻസ് എന്നീ പയർ ഇനങ്ങൾ കൃഷ്‌ണൻ കൃഷി ചെയ്യുന്നുണ്ട്. ചെടികൾ തമ്മിൽ 90 സെന്റിമീറ്ററെങ്കിലും അകലം പാലിക്കണം. ചെടിക്ക് വള്ളികൾ പടർന്നുതുടങ്ങിയാൽ പന്തലിടും. രണ്ടാഴ്‍ചയിലൊരിക്കൽ കളകൾ നീക്കംചെയ്യണം. കുറ്റിയായി വളരുന്നത് 40 മുതൽ 60 ദിവസത്തിനുള്ളിൽ വിളവെടുക്കാം. പടർന്നുവളരുന്നവ 70 മുതൽ 80 ദിവസംവരെയെടുക്കും വിളവെടുപ്പിന്. ആഴ്‌ചയിൽ 300–-400 കിലോ വരെ വിളവ് പയർ ഇനങ്ങളിൽ നിന്ന് ലഭിക്കാറുണ്ട്.
താരതമ്യേന തണുപ്പ് കൂടുതൽ ലഭിക്കുന്ന നവംബർ മുതൽ ഫെബ്രുവരിവരെയാണ് ഇലക്രോസിന്റെ കാലം. ഇവ കാബേജ് ഇനത്തിൽപ്പെട്ടവയാണ്. കടുകുമണിപോലുള്ള വിത്തുപാകി 20–-25 ദിവസം കഴിയുമ്പോൾ തൈകൾ പറിച്ചുനട്ടാണ് കൃഷി. നല്ല വെയിലും നീർവാർച്ചയുമുള്ള സ്ഥലമാണ് കൃഷിക്ക് അനുയോജ്യം. പരിപാലത്തിന് അധികം ചെലവുവരുന്നില്ല. എന്നാൽ വിലയിലും വലിയ നേട്ടമില്ല. കീടബാധ കുറവാണെങ്കിലും ഇലതീനിപ്പുഴുക്കളുടെ ആക്രമണം ഉണ്ടാകാറുണ്ട്. 60–--85 ദിവസം കൊണ്ട് വിളവെടുക്കാം.
ഫലഭൂയിഷ്‌ഠമായ കറുത്തമണ്ണിൽ ഉള്ളിയും കൃഷിചെയ്യുന്നുണ്ട്. തൈകൾ 10 സെന്റിമീറ്റർ അകലത്തിൽ നടും. മൂന്നര- നാല് മാസമാകുമ്പോൾ വിളവെടുക്കാം. ഒരു സെന്റിൽ 1000–--1500 ഉള്ളിത്തൈകൾ വരെ നടാനാകും.
ഇവകൂടാതെ പാവൽ, തക്കാളി, വാഴ, കൂർക്ക എന്നിവയിലും നേട്ടം കൊയ്യുന്നു ഈ കർഷകൻ. എന്നാൽ ഇത്തവണ കാലാവസ്ഥ ചതിച്ചതുമൂലം വിളവിൽ കുറവുണ്ടായിട്ടുണ്ട്. ശക്‌തമായ മഴയിൽ തക്കാളി ഉൾപ്പെടെ ചീഞ്ഞുപോയി– കൃഷ്‌ണൻ പറയുന്നു. കർഷക സഹകരണ സംഘംവഴിയാണ് വിൽപ്പന.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..