കൊല്ലം
രണ്ടാമത് ഹോക്കി ഇന്ത്യ സബ്ജൂനിയർ സൗത്ത് സോൺ ചാമ്പ്യൻഷിപ് പുരുഷവിഭാഗത്തിൽ കേരളവും വനിതാവിഭാഗത്തിൽ ആന്ധ്രപ്രദേശും ചാമ്പ്യന്മാർ. പുരുഷ ഫൈനലിൽ തമിഴ്‌നാടിനെ എതിരില്ലാത്ത ഏഴു ഗോളിനു തോൽപ്പിച്ചാണ് കേരളം ചാമ്പ്യന്മാരായത്.
തുടക്കം മുതൽ കേരളത്തിന്റെ ആധിപത്യത്തിനാണ് കൊല്ലം ന്യൂ ഹോക്കി സ്റ്റേഡിയം സാക്ഷിയായത്. ആക്രമിച്ചു കളിച്ച കേരളം മൂന്നാം മിനിറ്റിൽ ആദിത്യാ ലക്‌റയിലൂടെ മുന്നിലെത്തി. പിന്നീട് രാജു ബംഗാരിയും ബഹല സൂരജും ഇരട്ടഗോൾ നേടി. മിൻസ് ദിനേശ്, അർമൻ തുടങ്ങിയവർ ഓരോ ഗോൾ വീതവും. തോൽവി അറിയാതെയാണ് കേരളം സ്വർണം നേടിയത്. ആറു മത്സരത്തിൽനിന്നായി 41 ഗോൾ നേടി. കേരളത്തിന്റെ ബഹല സൂരജും പുതുച്ചേരിയുടെ നിതീശ്വരനും ടൂർണമെന്റിലെ ടോപ് സ്‌കോററായി.
വനിതാവിഭാഗം ഫൈനലിൽ തമിഴ്‌നാടിനെ എതിരില്ലാത്ത മൂന്നു ഗോളിനു തോൽപ്പിച്ച് ആന്ധ്രപ്രദേശ് ചാമ്പ്യന്മാരായി. ആന്ധ്രപ്രദേശിനുവേണ്ടി ലക്ഷ്മി പരീക്കി, രഗുള നാഗമണി, പതൻ മുജിയ ബീഗം എന്നിവർ ഓരോ ഗോൾവീതം നേടി. ലക്ഷ്മിയാണ് മത്സരത്തിലെ താരം. വെങ്കല മെഡലിനുള്ള പോരാട്ടത്തിൽ കേരളം രണ്ടിനെതിരെ നാലുഗോളിന് കർണാടകയെ തോൽപ്പിച്ചു.
കേരളത്തിനുവേണ്ടി രേഷ്മ സമദ്, അഭയ ജ്യോതി, ത്രികി, കാർത്തിക എന്നിവർ ഓരോ ഗോൾ വീതം നേടി. രേഷ്മ സമദാണ് മത്സരത്തിലെ താരം. പുരുഷന്മാരുടെ വെങ്കല മെഡൽ പോരാട്ടത്തിൽ കർണാടകം രണ്ടിനെതിരെ മൂന്നുഗോളിനു പുതുച്ചേരിയെ തോൽപ്പിച്ചു. ട്രോഫിയും മെഡലുകളും ധനമന്ത്രി കെ.എൻ ബാലഗോപാൽ സമ്മാനിച്ചു. അമ്പതു കോടി രൂപ ചെലവിൽ നിർമിക്കുന്ന സംസ്ഥാനത്തെ വലിയ ഇൻഡോർ സ്റ്റേഡിയം വൈകാതെ കായികതാരങ്ങൾക്കും കായികപ്രേമികൾക്കുമായി തുറന്നുകൊടുക്കുമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു.
സമാപന പരിപാടിയിൽ കേരള ഹോക്കി പ്രസിഡന്റ് വി സുനിൽകുമാർ അധ്യക്ഷനായി. സംസ്ഥാന കായിക യുവജനകാര്യ ഡയറക്ടർ പി വിഷ്ണുരാജ് മുഖ്യപ്രഭാഷണം നടത്തി. ഒളിമ്പ്യൻ സോമയ്യ, മഹേന്ദ്ര നഗി, സിടി സോജി, നിയാസ്, രാധാകൃഷ്ണൻ, ജയകൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..