08 September Sunday
Style survey

ശൈലി സർവേ 73,241 പേർക്ക് പ്രമേഹവും 
രക്തസമ്മർദവും

സ്വന്തം ലേഖികUpdated: Saturday Jul 27, 2024
 
കൊല്ലം
ജില്ലയിൽ 73,241 പേർക്ക് പ്രമേഹവും രക്തസമ്മർദവും അടക്കമുള്ള ജീവിതശൈലീ രോഗങ്ങളെന്ന് കണ്ടെത്തൽ. ജീവിതശൈലി രോഗം നേരത്തെ കണ്ടെത്തുന്നതിനും നിയന്ത്രിക്കുന്നതിനുമായി സർക്കാർ വർഷംതോറും നടത്തുന്ന ‘ശൈലി’ സർവേയിലാണ്‌ കണ്ടെത്തൽ. 30 വയസ്സിനു മുകളിലുള്ള 12.85 ലക്ഷം പേരിൽ നടത്തിയ ആദ്യഘട്ട സർവേയില്‍ 1,59,893പേർക്ക് രക്തസമ്മർദവും (12 ശതമാനം) 1,21,373പേർക്ക് പ്രമേഹവും (9.4ശതമാനം)കണ്ടെത്തി. രോഗസാധ്യതയുള്ള  2,47,542പേരും പട്ടികയിലുണ്ട്‌. പ്രമേഹം വരാൻ കൂടുതൽ സാധ്യതയുള്ളവരായ 39,510പേരെയും രക്തസമ്മർദ സാധ്യതയുള്ള 38,864പേരെയും കണ്ടെത്തി. 
സർവേയുടെ രണ്ടാംഘട്ടം തുടങ്ങി. ആശാവർക്കർമാരുടെ നേതൃത്വത്തിലുള്ള സർവേയ്ക്ക് മൊബൈൽ ആപ് തയ്യാറാക്കിയിട്ടുണ്ട്. ശാസ്ത്രീയ രീതിയിൽ തയ്യാറാക്കിയ 38 ചോദ്യാവലിയിലൂടെ കമ്യൂണിറ്റി ബേസ്ഡ് അസസ്‌മെന്റ് ചെക്ക്‌ലിസ്റ്റ് സ്കോർ അടിസ്ഥാനമാക്കി രോഗലക്ഷണങ്ങൾ കണ്ടെത്തും. ഇതിന്റെ അടിസ്ഥാനത്തിൽ രോഗലക്ഷണങ്ങൾ കണ്ടെത്തുന്നവരെ അടുത്ത ആരോഗ്യകേന്ദ്രത്തിലെത്തിച്ച് പരിശോധിക്കാനാണ്‌ ലക്ഷ്യം. 
പ്രമേഹം, രക്തസമ്മർദം, ഓറൽ കാൻസർ, സ്തനാർബുദം, കുഷ്ഠരോഗം, മാനസ്സിക ലക്ഷണങ്ങൾ, മുതിർന്ന പൗരന്മാരുടെ ആരോഗ്യപ്രശ്നങ്ങൾ എന്നിവ ഉണ്ടെന്ന് സംശയിക്കുന്നവരെയാണ്‌ ഇതുവഴി തിരിച്ചറിയുക. സർവേയിൽ പങ്കെടുക്കുന്ന ഓരോ വ്യക്തിയും ഏതൊക്കെ പരിശോധനകൾക്ക് വിധേയമാകണമെന്നു സന്ദേശം വ്യക്തിയുടെ മൊബൈലിൽ ലഭിക്കും. ഇവരുടെ വിവരം ഹെൽത്ത്ഇൻസ്പെക്ടർമാർക്കും ലഭിക്കും. രോഗലക്ഷണം പ്രകടിപ്പിക്കുന്നവരെ സർക്കാർ ആരോഗ്യ സ്ഥാപനങ്ങളിൽ ഡോക്ടറുടെ പരിശോധനയ്ക്കും ടെസ്റ്റുകൾക്കും വിധേയമാക്കും. തുടർ പരിശോധനകൾക്കും ആരോഗ്യ പ്രവർത്തകരുടെ സഹായം ഉറപ്പാക്കി വൈദ്യസഹായവും ഉറപ്പുവരുത്തും.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top