സ്വന്തം ലേഖിക
കോട്ടക്കൽ
പിഎസ്‌വി നാട്യസംഘത്തിന്റെ നെടുംതൂൺ, ആറ് ദശകത്തിലേറെയായി ആര്യവൈദ്യശാലയുടെ സാരഥികളിൽ പ്രധാനി, കലയുടെ കരുത്തും ഔഷധക്കൂട്ടിന്റെ കാതലുമായ പി രാഘവവാരിയർ നവതിയുടെ നിറവിൽ. കോട്ടക്കൽ ആര്യവൈദ്യശാലാ മുൻ ട്രസ്റ്റി പി കെ വാരിയരുടെ മരുമകനും ആര്യവൈദ്യശാലാ ട്രസ്റ്റ് ബോർഡ് അംഗവുമായ പി രാഘവവാരിയരുടെ ഒമ്പത് ദശകത്തെ ജീവിതയാത്ര ആര്യവൈദ്യശാലയ്‌ക്കും കലയ്‌ക്കുമൊപ്പമായിരുന്നു.
കഥകളി പ്രോത്സാഹിപ്പിക്കാൻ കോട്ടക്കൽ ആര്യവൈദ്യശാലയ്ക്ക് കീഴിൽ രൂപംകൊടുത്ത പിഎസ്‌വി നാട്യസംഘത്തിന്റെ ഭരണസാരഥിയായ രാഘവവാരിയർ തൊണ്ണൂറാം വയസ്സിലും സംഘത്തെ നയിക്കുന്നു.
നാട്യസംഘത്തിന് കേരളത്തിനകത്തും പുറത്തും വിലാസമുണ്ടാക്കിയത് രാഘവവാരിയരാണ്.
കോട്ടക്കൽ രാജാസിലായിരുന്നു സ്‌കൂൾ പഠനം. കോഴിക്കോട് ഫാറൂഖ് കോളേജിൽ ഉപരിപഠനം പൂർത്തിയാക്കി 1958ൽ ആര്യവൈദ്യശാലയിലെത്തി.
ആര്യവൈദ്യശാല സ്റ്റീം പ്ലാന്റ്, പുതിയ ഫാക്ടറികൾ, ശാഖകൾ എന്നിവ തുടങ്ങാൻ മുന്നിൽനിന്നു. അസിസ്റ്റന്റ് ജനറൽ മാനേജരുമായി. 1987 മുതൽ ആര്യവൈദ്യശാലാ ട്രസ്റ്റ് ബോർഡ് അംഗമാണ്.
ആര്യവൈദ്യശാലയുടെയും നാട്യസംഘത്തിന്റെയും അനുഭവങ്ങളുമായി ‘ഓർമ്മയുടെ സുഗന്ധം' പുസ്‌തകം എഴുതിയിട്ടുണ്ട്. ഭാര്യ: ലക്ഷ്‌മി ആർ വാരിയർ. മക്കൾ: ഡോ. പി ആർ രമേഷ്, ഉഷാ വാരിയർ. മരുമക്കൾ: പ്രീതാ വാരിയർ, ദേവകീനന്ദൻ.
ആഘോഷം ഇന്ന്
ആര്യവൈദ്യശാല എക്സിക്യൂട്ടീവ്സ് റിക്രിയേഷൻ ക്ലബ്ബിന്റെ നേതൃത്വത്തിൽ നവതി ആഘോഷം ശനി വൈകിട്ട് നാലിന് കോട്ടക്കൽ അനശ്വര ഓഡിറ്റോറിയത്തിൽ നടക്കും. കെ കെ ആബിദ് ഹുസൈൻ തങ്ങൾ എംഎൽഎ ഉദ്ഘാടനംചെയ്യും. ഡോ. കെ ജി പൗലോസ്, ഡോ. ടി എസ് മുരളീധരൻ, കെ വേണുഗോപാലൻ, പ്രൊഫ. ഞായത്ത് ബാലൻ എന്നിവർ സംസാരിക്കും. കലാസായാഹ്നം കോട്ടക്കൽ നഗരസഭാ ചെയർപേഴ്സൺ ഡോ. കെ ഹനീഷ ഉദ്ഘാടനംചെയ്യും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..