20 December Friday
5 ദിവസം; 27,908 വീട്‌

മാതൃകയായി ഫീൽഡ് സർവേ

വെബ് ഡെസ്‌ക്‌Updated: Saturday Jul 27, 2024

പാണായി സൗദിപ്പടിയില്‍ ആരോഗ്യപ്രവര്‍ത്തകര്‍ ഫീല്‍ഡ് സര്‍വേ നടത്തുന്നു (ഫയല്‍ ചിത്രം)

 
മലപ്പുറം
നിപാ പ്രതിരോധത്തിന്റെ ഭാഗമായി ആരോഗ്യവകുപ്പ് പാണ്ടിക്കാട്, ആനക്കയം പഞ്ചായത്തുകളിൽ നടത്തിയ ഫീൽഡ് സർവേ സംസ്ഥാനത്തിന് മാതൃക. നിപാ ബാധിത പഞ്ചായത്തുകളിൽ അഞ്ചുദിവസംകൊണ്ട് 27,908 വീടുകളിലാണ് സർവേ നടത്തിയത്. 
1350 പനിബാധിതരെ കണ്ടെത്തി. പൂട്ടിക്കിടക്കുന്ന 1707 വീടുകൾ വീണ്ടും സന്ദർശിക്കും. 239 സംഘങ്ങളായാണ് സർവേ നടത്തിയത്. പാണ്ടിക്കാട് പഞ്ചായത്തിൽ 144 ടീമുകൾ 14,500 വീടുകൾ സന്ദർശിച്ചു. 944 പേർക്ക് പനിയുള്ളതായി കണ്ടെത്തി. ആനക്കയത്ത് 95 ടീമുകൾ 13,408 വീടുകളിൽ നടത്തിയ സർവേയിൽ 406 പനിബാധിതരെ കണ്ടെത്തി. വിവരങ്ങൾ നിപാ കൺട്രോൾ സെല്ലിന് കൈമാറിയിട്ടുണ്ട്. 21ന് ആരംഭിച്ച സർവേ വ്യാഴാഴ്ചയാണ് പൂർത്തിയായത്. 
ജില്ലയിൽ നിപാ സ്ഥിരീകരിച്ച ദിവസംതന്നെ ഫീൽഡ് സർവേ നടത്താൻ രൂപരേഖ തയ്യാറാക്കിയിരുന്നു. പാണ്ടിക്കാട്, ആനക്കയം കുടുംബാരോഗ്യ കേന്ദ്രങ്ങളിലെ ആരോഗ്യപ്രവർത്തകർ, മെഡിക്കൽ ഓഫീസർമാർ, ഹെൽത്ത് സൂപ്പർവൈസർമാർ, ഹെൽത്ത് ഇൻസ്പെക്ടർമാർ, പബ്ലിക് ഹെൽത്ത് നഴ്സിങ് സൂപ്പർവൈസർമാർ, പബ്ലിക് ഹെൽത്ത് നഴ്സുമാർ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാർ, ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സുമാർ,  എംഎൽഎസ്‌പി നഴ്സുമാർ, ആർബിഎസ്‌കെ നഴ്സുമാർ, ആശാ പ്രവർത്തകർ എന്നിവർ പങ്കെടുത്തു. 
ഫീൽഡ് സർവേ ദ്രുതഗതിയിൽ പൂർത്തിയാക്കിയ ആരോഗ്യപ്രവർത്തകരെയും ജില്ലാ ഭരണസംവിധാനത്തെയും മന്ത്രി വീണാ ജോർജ് അഭിനന്ദിച്ചു.
 
2 പേരുടെ ഫലംകൂടി നെഗറ്റീവ്
മലപ്പുറം
വെള്ളിയാഴ്ച പുറത്തുവന്ന രണ്ടുപേരുടെ സ്രവ പരിശോധനാ ഫലങ്ങളും നിപാ നെഗറ്റീവാണെന്ന് മന്ത്രി വീണാ ജോർജ് അറിയിച്ചു. 
ഇതുവരെ 68 സാമ്പിളുകൾ നെഗറ്റീവായി. വെള്ളിയാഴ്ച രണ്ടുപേരെവീതം മഞ്ചേരി, കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രികളിൽ പ്രവേശിപ്പിച്ചു. അഞ്ചുപേരാണ് നിലവിൽ ആശുപത്രികളിൽ‌ ചികിത്സയിലുള്ളത്. 
പുതുതായി ആരെയും സമ്പർക്കപ്പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ല. ഇതുവരെ 807 പേർക്ക് കൗൺസലിങ് സെൽ‍വഴി മാനസികാരോഗ്യ സേവനം നൽകി. കലക്ടറേറ്റിൽ ചേർന്ന നിപാ അവലോകന യോഗത്തിൽ മന്ത്രി വീണാ ജോർജ് ഓൺലൈനായി പങ്കെടുത്തു.
 
കടകള്‍ക്കുള്ള 
സമയക്രമം തുടരും
മലപ്പുറം
ആനക്കയം പഞ്ചായത്തിൽ കടകളുടെ പ്രവൃത്തി സമയം രാവിലെ ഏഴുമുതൽ രാത്രി ഏഴുവരെ. പാണ്ടിക്കാട്ട്‌  രാവിലെ ഏഴുമുതൽ വൈകിട്ട് അഞ്ചുവരെയുള്ള നിലവിലെ സമയക്രമം തുടരും. 
രണ്ട് പഞ്ചായത്തുകളിലും ഹോട്ടലുകളിൽ രാത്രി പത്തുവരെ ഭക്ഷണം ഹോം ഡെലിവറി ചെയ്യാം.
 
ക്വാറന്റയിൻ ലംഘനം: 
നഴ്സിനെതിരെ കേസ്
മലപ്പുറം
നിപാ നിയന്ത്രണ പ്രോട്ടോകോളിന്റെ ഭാഗമായുള്ള ക്വാറന്റയിൻ ലംഘിച്ചതിന് നഴ്സിനെതിരെ കേസെടുത്തതായി മന്ത്രി വീണാ ജോർജ് അറിയിച്ചു. പൊതുജനാരോഗ്യ നിയമപ്രകാരമാണ് കേസ്. സെക്കൻഡറി സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ട ഇവർക്ക് രോഗനിയന്ത്രണങ്ങളുടെ ഭാഗമായി ക്വാറന്റയിൻ നിർദേശിച്ചിരുന്നു. ഇത് ലംഘിച്ചതിന് പത്തനംതിട്ട കോന്നി പൊലീസാണ് കേസെടുത്തത്. ഇവരോട്  വീട്ടിൽ ക്വാറന്റയിനിൽ തുടരാനും നിർദേശിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top