ഇരിട്ടി
കടൽ കടന്നെത്തുന്ന മധുരപ്പഴങ്ങളുടെ മേളമാണ് പഴവിപണിയിൽ. തായ്‌ലൻഡ് പേരക്കയും ദക്ഷിണാഫ്രിക്കൻ സിട്രസും ചൈനീസ് പ്ലംസും തനിനാടൻ പഴങ്ങൾപോലെ സുലഭമാണിപ്പോൾ. അമേരിക്കയിൽനിന്നെത്തുന്ന വലുപ്പമേറെയുള്ള മുന്തിരിയും തായ്‌ലൻഡിൽനിന്നുള്ള പീയറും സുലഭമാണ് വിപണിയിൽ.
ദക്ഷിണാഫ്രിക്കൻ സിട്രസിന് കിലോയ്‌ക്ക് 170 രൂപയാണ് വില. ചൈനീസ് പ്ലംസിന് 250, ദക്ഷിണാഫ്രിക്കയിൽനിന്നുള്ള ചെറിയ ഇനം മധുരരനാരങ്ങപോലുള്ള പഴത്തിന് 320, അമേരിക്കൻ മുന്തിരിക്ക് 350, തായ് പീയറിന് 300, തായ് പേരക്ക 140 രൂപ എന്നിങ്ങനെയാണ് ഇരിട്ടി മാർക്കറ്റിലെ വില.
അടക്കാപ്പൂവൻ പഴങ്ങൾ കർണാടകത്തിലെ കുടക്, തമിഴ്‌നാട്ടിലെ ഈരോട്, പൊള്ളാച്ചി എന്നിവിടങ്ങളിൽനിന്നാണ് കൂട്ടുപുഴ വഴി ജില്ലയിലെത്തുന്നത്. തണുപ്പ് തുടങ്ങിയതോടെ നാഗ്‌പൂരിൽനിന്ന് മധുരനാരങ്ങയുമെത്തി. നല്ല നിറവും രുചിയുമുള്ള മധുരനാരങ്ങ അടുത്ത മാസം മുതൽ യഥേഷ്ടം എത്തുമെന്നാണ് വ്യാപാരികളുടെ പ്രതീക്ഷ. വൻതോതിൽ നാടൻ റംബൂട്ടാൻ, വലിയ പേരക്ക, പൈനാപ്പിൾ ഇനങ്ങളും ഡിസംബറോടെ വിപണിയിലെത്തും. നാടൻ ഏത്തക്കായക്കും ക്ഷാമമാണ്. ജനുവരിയോടെ ഏത്തക്കായ ധാരാളമെത്തും.
നാടൻപഴ വർഗങ്ങളുടെ വരവ് കുറഞ്ഞ സീസണായതിനാലാണ് വിദേശപഴങ്ങൾ വിപണിയിൽ ധാരാളമെത്തുന്നത്. രക്തം വർധിക്കാൻ ഡോക്ടർമാർ നിർദേശിക്കുന്ന ‘കിവി ’ പഴത്തിന് ആവശ്യക്കാരേറെയാണ്. മൂന്നെണ്ണം അടങ്ങിയ ഒരു പാക്കറ്റ് കിവിക്ക് 200 രൂപയാണ്
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..